മാഹി(കണ്ണൂര്‍): വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ പുതുച്ചേരിയിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍ എന്‍ഡിഎ മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ഘടകകക്ഷിയായ എന്‍ആര്‍ കോണ്‍ഗ്രസ്സിലെ ആര്. രാധാകൃഷ്ണന് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ എന്‍ഡിഎക്കു വേണ്ടി പോരാടുന്നത് എന്‍ആര്‍ കോണ്‍ഗ്രസ്സിന്റെ മുപ്പതുകാരനായ ഡോ. കെ. നാരായണസ്വാമി.
സിറ്റിങ് സീറ്റില്‍ കൂടുതല്‍ ഭൂരിപപക്ഷത്തോടെ വിജയം ഉറപ്പിച്ച് എന്‍ഡിഎ മുന്നേറുകയാണ്. പുതുച്ചേരി നിയമസഭയിലെ സ്പീക്കറായിരുന്ന കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് വി. വൈദ്യലിംഗമാണ് യുപിഎ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസ്സും സിപിഎമ്മും ഡിഎംകെയുടെ മുന്നണിയില്‍ തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തിന്റെ ഭാഗമായ കേരളത്തോട് ചേര്‍ന്നുകിടക്കുന്ന മാഹിയില്‍ അവിശുദ്ധബന്ധത്തിന്റെ പേരില്‍ സിപിഎം-കോണ്‍ഗ്രസ് അണികള്‍ ശക്തമായ പ്രതിഷേധത്തിലാണ്. മുസ്ലിംലീഗും ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാണ്.
തമിഴ്, തെലുങ്ക്, മലയാളം, ഫ്രഞ്ച്, ഇംഗ്ലീഷ്, എന്നിവ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള കേന്ദ്രഭരണ പ്രദേശമാണിത്. സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം വീട്ടുപറമ്പില്പ്പോലും പേരും ചിഹ്നവും എഴുതിവെക്കാന്‍ തെരഞ്ഞെടുപ്പ് ചട്ടം അനുവദിക്കാത്ത മണ്ഡലത്തില്‍ മത്സരരംഗത്തുളള വിവിധ രാഷ്ട്രീയ കക്ഷികള്‍ കുടുംബയോഗങ്ങള്‍ വിളിച്ച് പൊതുജന സമ്പര്‍ക്ക പരിപാടിയും, ഗൃഹസന്ദര്‍ശനവും നടത്തിയാണ് വോട്ടഭ്യര്‍ഥിക്കുന്നത്. അതുകൊണ്ടു തന്നെ മാഹി ഉള്‍പ്പെടെ ഒരിടത്തും പോസ്റ്ററുകളോ കൊടികളോ ബാനറുകളോ ചുമരെഴുത്തുകളോ കാണാനില്ല.
ഡോ. കെ. നാരായണസ്വാമി രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും കന്നിക്കാരനാണ്. പുതുച്ചേരിയിലും തമിഴ്നാട്ടിലും മെഡിക്കല്‍ എഞ്ചിനീയറിങ് കോളേജുകളടക്കം നിരവധി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയാണ്. ബിജെപിക്ക് പുറമെ എഐഎഡിഎംകെ, എംഡിഎംകെ കക്ഷികളാണ് എന്‍ഡിഎ മുന്നണിയിലുള്ളത്. മാഹിയിലടക്കും മണ്ഡലത്തില്‍ എന്‍ആര്‍ കോണ്‍ഗ്രസ്, എഐഎഡിഎംകെ കക്ഷികള്‍ക്ക് ശക്തമായ സംഘടനാ സംവിധാനം ഉണ്ട് എന്നത് എന്‍ഡിഎ വിജയം സുനിശ്ചിതമാക്കുകയാണ്.
കമലഹാസന്റെ മക്കള്‍ നീതിമയ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എ.എസ്. സുബ്രഹ്മണ്യം ഉള്‍പ്പെടെ 18 സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ബിഎസ്പി, നാം തമിഴര്‍ കക്ഷി, ഇടത് തീവ്രഗ്രൂപ്പുകളായ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, എസ്യുസിഐ എന്നീ പാര്‍ട്ടികളും മത്സരരംഗത്തുണ്ട്.
സംസ്ഥാനത്ത് ഭരണം നടത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമാണ് മണ്ഡലത്തിലുളളത്. കോണ്‍ഗ്രസ് പരാജയപ്പെടുന്നതോടെ സംസ്ഥാന ഭരണം തകരുന്ന സ്ഥിതിയാണ്. കഴിഞ്ഞ തവണ 60,854 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്. രാധാകൃഷ്ണന് വിജയിച്ചത്. ഏപ്രില്‍ 18നാണ് പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: