മാവേലിക്കര: പ്രബലരായ ഇരുമുന്നണികള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും പ്രചരണരംഗത്ത് ഒപ്പമെത്തിയതോടെ ത്രികോണ മത്സരത്തിന്റെ ആവേശത്തിലാണ് മാവേലിക്കര. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. കോട്ടയത്തുനിന്നും ചങ്ങനാശേരി, കൊല്ലത്തുനിന്നും കൊട്ടാരക്കര, പത്തനാപുരം, സംവരണമണ്ഡലമായ കുന്നത്തൂര്‍, ആലപ്പുഴയില്‍ നിന്നും ചെങ്ങന്നൂരും കുട്ടനാടും സംവരണമണ്ഡലമായ മാവേലിക്കരയും ചേര്‍ന്നതാണ് മാവേലിക്കര ലോക്സഭാമണ്ഡലം. കഴിഞ്ഞതവണ 32,737 വോട്ടുകള്‍ക്കാണ് യുഡിഎഫ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്.
ഹാട്രിക് സ്വപ്നത്തില്‍ മണ്ഡലം കൂളായി പിടിക്കാമെന്ന വിശ്വാസത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ്. ആറര പതിറ്റാണ്ടിനിടയില്‍ രണ്ടു തവണയൊഴികെ യുഡിഎഫിനെ എക്കാലത്തും തുണച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണയെങ്കിലും ചെങ്കൊടി നാട്ടാന്‍ കഴിയുമോ എന്നു പരീക്ഷിക്കാന്‍ ചിറ്റയം ഗോപകുമാറിനാണ് നിയോഗം. നിലവില്‍ അടൂര്‍ എംഎല്‍എയാണ് ചിറ്റയം.
എന്‍ഡിഎയും ശക്തനായ സാരഥിയെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ബിഡിജെഎസിനുവേണ്ടി കുടം അടയാളത്തില്‍ മത്സരിക്കുന്നത് തഴവ സഹദേവനാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് തഴവ സഹദേവന് പറയുന്നു.
മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ശബരിമലയിലെ പിണറായി സര്‍ക്കാരിന്റെ ഭക്തജനവേട്ടയും അക്കമിട്ടു നിരത്തിയാണ് തഴവ സഹദേവന് വോട്ടര്‍മാരെ സമീപിക്കുന്നത്. പ്രചാരണരംഗത്തെത്താന് മുന്നണികളെ അപേക്ഷിച്ച് താമസിച്ചെങ്കിലും അതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പ്രളയക്കെടുതിയിലായ കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കരയും എന്‍എസ്എസ് ആസ്ഥാനം നിലകൊള്ളുന്ന ചങ്ങനാശേരിയും ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുള്ള കൊട്ടാരക്കരയും കുന്നത്തൂരും പത്തനാപുരവും എന്‍ഡിഎയ്ക്കൊപ്പം നിലകൊള്ളുമെന്ന് തഴവ സഹദേവന് ഉറപ്പിക്കുന്നു.
വിശ്വാസസംരക്ഷണത്തിനായി തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമായ മുന്‍തൂക്കമാണ് എന്‍ഡിഎയ്ക്കുള്ളത്. എംപി എന്ന നിലയിലുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ പ്രവര്‍ത്തന പരാജയവും എല്‍ഡിഎഫിന്റെ ജനദ്രോഹനടപടികളും നിലപാടുകളും കാപട്യവുമെല്ലാം ചര്‍ച്ചയാണ്. പ്രളയം തകര്‍ത്തെറിഞ്ഞ ചെങ്ങന്നൂരില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതിലുള്ള അസംതൃപ്തിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: