ഇടുക്കി: വട്ടവട, കൊട്ടാക്കമ്പൂര്‍ മേഖലകളിലെ നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാപകമായി കാട്ടുതീ പടര്‍ന്നത് ആസൂത്രിത ശ്രമത്തിന്റെ ഭാഗം. കഴിഞ്ഞ ഏഴ് ദിവസമായി അഞ്ചുനാട് മേഖലയില്‍ വ്യാപക നാശം വിതച്ച കാട്ടുതീയില്‍ 1000-ല്‍ അധികം ഹെക്ടര്‍ ഭൂമിയാണ് അഗ്നി വിഴുങ്ങിയത്. സംഭവത്തില്‍ തീയിട്ടതിന് മൂന്നാര്‍ വന്യജീവി വകുപ്പ് രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു.
ഇന്നലെ വൈകീട്ടോടെ കുറിഞ്ഞി ഉദ്യാനത്തിലെ കാട്ടുതീ അണച്ചെങ്കിലും ഇനിയും തീ പടരാനുള്ള സാധ്യത ഏറെയാണ്. 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ വിത്തുകള്‍ മുളയ്ക്കാന്‍ രണ്ട് മാസം മാത്രം അവശേഷിക്കെയാണ് കൊട്ടാക്കമ്പൂരില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയുള്ള കടവരിയില്‍ കാട്ടുതീ ഉണ്ടാവുന്നത്.
2017 സെപ്തംബറില്‍ കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമിയില്‍ കുറിഞ്ഞിച്ചെടി കത്തിച്ച സംഭവം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് ജന്മഭൂമിയാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. ആയിരക്കണക്കിന് കുറിഞ്ഞിച്ചെടികളാണ് അന്ന് നശിച്ചത്. തീയിട്ടാല്‍ മാത്രമേ ഇവ നശിക്കൂവെന്നിരിക്കെ കുറിഞ്ഞി ഇല്ലാതായാല്‍ ലാഭം ഉണ്ടാകുന്നവരാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. 3200 ഹെക്ടര്‍ ആണ് കുറിഞ്ഞി ഉദ്യാനം. ഇതില്‍ ഇന്ന് വലിയൊരു ഭാഗത്തും കൈയേറ്റം നടന്നിട്ടുണ്ട്. കൈയേറ്റസ്ഥലത്ത് കുറിഞ്ഞിയില്ലെന്ന് തെളിയിച്ച് ഭൂമി ഉദ്യാനത്തില്‍ നിന്ന് ഒഴിവാക്കിയെടുക്കാനാണ് ഈ നീക്കം.
കുറിഞ്ഞിക്കൊപ്പം മേഖലയിലെ ഗ്രാന്റീസ്, യൂക്കാലി വെട്ടുന്നത് സംബന്ധിച്ച തര്‍ക്കവും ഏറെക്കാലമായി നിലനില്ക്കുന്നു. മിക്ക തീപിടിത്തങ്ങളും സ്വകാര്യതോട്ടങ്ങളില്‍ നിന്നാണ് പടര്‍ന്നത്. മനപ്പൂര്‍വം തീയിടാതെ ഇവിടെ ഒരു തരത്തിലും കാട്ടുതീയ്ക്കുള്ള സാധ്യതയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തീയിട്ടിട്ട് ഓടിപ്പോകുന്നവരെ ഉദ്യോഗസ്ഥര്‍ കണ്ടെങ്കിലും പിടികൂടാനായില്ല. വന്മരങ്ങളും പുല്‍നാമ്പുകളും അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സസ്യങ്ങളും ജന്തുജാലങ്ങളുമാണ് തീപിടിത്തത്തില്‍ ഇല്ലാതായത്. ഇത്തരത്തില്‍ തീപിടിച്ച സ്ഥലങ്ങളില്‍ ഇത് മൂലം ലാഭം ലഭിക്കുന്നവരെ നിരീക്ഷിക്കുകയും ഇവര്‍ കുറ്റക്കാരെന്ന് കണ്ടാല്‍ കര്‍ശന നടപടി എടുക്കുകയും ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
വന്മരങ്ങളടക്കം മുറിച്ച് മാറ്റിയാണ് തീ കൂടുതല്‍ സ്ഥലത്തേക്ക് പടരാതെ വനംവകുപ്പ് നോക്കിയത്. നിര്‍ദിഷ്ട വലിപ്പത്തില്‍ ഫയര്‍ലൈന്‍ തെളിക്കുന്നുണ്ടോ എന്നത് പരിശോധിക്കാനും സംവിധാനമില്ല. ഇതിനായി ഫണ്ട് ലഭിക്കുന്നത് കുറയുന്നതും തിരിച്ചടിയാവുകയാണ്.
സര്‍ക്കാരിന്റേത് ഗുരുതര വീഴ്ച
സംസ്ഥാനത്തെ തന്നെ അതീവ പരിസ്ഥിതി ലോലവും അത്യപൂര്‍വ ജീവികള്‍ അധിവസിക്കുന്നതുമായ മേഖലയാണ് അഞ്ചുനാടും സമീപത്തെ വന്യജീവി സങ്കേതങ്ങളും ചോലകളും. മേഖലയെ സംരക്ഷിക്കാന്‍ വേണ്ട കൃത്യമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പതിവായി ഇവിടെ പടരുന്ന കാട്ടുതീ. ഈ വര്‍ഷം കാട്ടുതീ വ്യാപകമായിട്ടും ഇത് അണയ്ക്കാന്‍ ഹെലികോപ്ടര്‍ അടക്കമുള്ള യാതൊരു സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
ഇരുനൂറ്റമ്പതിലധികം വരുന്ന സംഘം യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ ഇന്നും കമ്പുകൊണ്ടടിച്ചാണ് തീയണയ്ക്കുന്നത്. ഇതിനിടെ പൊള്ളലേല്ക്കുന്നതും നിത്യസംഭവം. വട്ടവട, ജെണ്ടമല, പഴത്തോട്ടം, ഊര്‍ക്കാട്, മറയൂര്‍ മേഖലയിലാണ് തീ വ്യാപകമായി നാശം വിതച്ചത്. ഉള്‍വനങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ വാഹനങ്ങളില്ലാത്തതും തിരിച്ചടിയാണ്.
ആനമുടി ചോല, പാമ്പാടുംചോല, മന്നവന്‍ചോല, ചന്ദനക്കാടുകള്‍ എന്നിവയെല്ലാം ഉള്‍പ്പെട്ടതാണ് ഈ മേഖല. ഇവിടങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ നാശം കുറച്ചു. മേഖലയില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനെതിരെ പരിസ്ഥിതി സ്നേഹികള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: