കൊച്ചി: മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിക്കുന്ന ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി മേയ് 24ന് പരിഗണിക്കാന്‍ മാറ്റി. നേരത്തെ ഹൈക്കോടതി നല്‍കിയ നിര്‍ദേശ പ്രകാരം ഹര്‍ജി പിന്‍വലിക്കുന്നെന്നു വ്യക്തമാക്കി ഗസറ്റില്‍ പരസ്യം നല്‍കിയിരുന്നു. ഇതിന്റെ രേഖകള്‍ ഹാജരാക്കി. തുടര്‍ന്നാണ് നടപടികള്‍ക്കായി കേസ് മാറ്റിയത്.
മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ. സുരേന്ദ്രന്‍ മുസ്ലിംലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിന് പരാജയപ്പെട്ടു. മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു നടന്നെന്നും സ്ഥലത്തില്ലാത്തവരുടെയും മരിച്ചുപോയവരുടെയും പേരില്‍ വോട്ടുകള്‍ ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കെ. സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, കേസിലെ സാക്ഷികള്‍ സമന്‍സ് അയച്ചിട്ടും ഹാജരാകുന്നില്ലെന്നും ആ നിലയ്‌ക്ക് കേസ് തുടരാന്‍ ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടി പിന്നീട് ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കുകയായിരുന്നു.
















