ഇടുക്കി: സംസ്ഥാനമാകെ ചുട്ടുപൊള്ളുമ്പോള്‍ ആശങ്കപരത്തി വേനല്‍ മഴയില്‍ ഗണ്യമായ കുറവ്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 61 ശതമാനം മഴയുടെ കുറവാണുള്ളത്. 3.69 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയതാകട്ടെ 1.49 സെ.മീറ്ററും. കാസര്‍കോട് അഞ്ച് മാസമായി ഒരു തുള്ളി മഴ പെയ്തിട്ടില്ല. ശരാശരിയും കൂടുതലും മഴ ലഭിച്ച ഒരു ജില്ലയും സംസ്ഥാനത്തില്ല. മാസങ്ങള്‍ക്ക് മുമ്പ് മഴയെ ശപിച്ച മലയാളി ഇന്ന് മഴയ്ക്കായി പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ്. വേനല്‍ക്കാലത്ത് ലഭിക്കേണ്ട മഴ കാലവര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇതായിരുന്നു കൃഷിക്കും താപനില കുറയുന്നതിനും സഹായിച്ചിരുന്നത്.
തിരുവനന്തപുരത്താകെ ഈ സീസണില്‍ ലഭിച്ചത് 0.02 സെ.മീ. മഴയാണ്. പാലക്കാട്-94 കണ്ണൂര്‍-92, കോഴിക്കോട്-90, എറണാകുളം-87, ആലപ്പുഴ-83, തൃശൂര്‍-82, മലപ്പുറം-83, കോട്ടയം-73, ഇടുക്കി-69, പത്തനംതിട്ട-20, വയനാട്-16, കൊല്ലം-9 ശതമാനവും വീതം മഴ കുറഞ്ഞു. ശൈത്യകാലത്ത് (ജനുവരി, ഫെബ്രുവരി മാസം) കേരളത്തില്‍ മഴ 46 ശതമാനം കുറഞ്ഞിരുന്നു. ഈ സമയത്ത് കാസര്‍കോട്, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ മഴ പെയ്തിട്ടേയില്ല.
കലിതുള്ളിയെത്തിയ മഴക്കാലത്ത് കാസര്‍കോട് 19 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയത്. 242 സെ.മീ. മഴ മാത്രം ലഭിച്ച ഈ ജില്ലയില്‍ മാത്രമാണ് പ്രളയം സാരമായി ബാധിക്കാതിരുന്നത്. തുലാമാസത്തിലും ഇവിടെ മഴ 15 ശതമാനം കുറഞ്ഞിരുന്നു. മുന്‍വര്‍ഷം വേനല്‍ക്കാലത്ത് സംസ്ഥാനത്താകെ ന്യൂനമര്‍ദത്തെ തുടര്‍ന്ന് മികച്ച മഴ ലഭിച്ചിരുന്നു. ഈ വര്‍ഷം ചൂട് അസഹ്യമായതിനാല്‍ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന് അത് വലിയ ദുരിതമാകും ഉണ്ടാക്കുക. അടിക്കടി കാലാവസ്ഥയിലുണ്ടാകുന്ന സാരമായ വ്യതിയാനം പഠനവിധേയമാക്കി പരിഹാരം കണ്ടെത്തേണ്ടതും അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: