ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ശ്രേയസ്, രാജ്യം കണ്ട ഏറ്റവും വലിയ നൈപുണ്യ വികസന പദ്ധതിയായി മാറുന്നു. സ്കീം ഫോര്‍ ഹയര്എഡ്യൂക്കേഷന് യൂത്ത് ഫോര്‍ അപ്രന്റിസ്ഷിപ് ആന്‍ഡ് സ്കില്‍സ് (ശ്രേയസ്) പ്രകാരം രജിസ്റ്റര്‍ ചെയ്തത് അഞ്ചു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍. അടുത്ത ജൂലൈ മുതല്‍ രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ആറു മാസത്തെ അപ്രെന്റിസ്ഷിപ്പിന് ഇവര്‍ ചേരും. ആറായിരം രൂപയാണ് മാസം സ്റ്റൈപന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 1500 രൂപയുടെ പ്രത്യേക സഹാവും വിദ്യാര്‍ഥികള്‍ക്ക് നല്‍കും.
കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ശ്രേയസ് പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര മനുഷ്യ വിഭവശേഷി മന്ത്രാലയമാണ്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 25 ആയിരുന്നു.
സര്‍വകലാശാലകള്‍, കോളേജുകള്‍ എന്നിങ്ങനെ 1533 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 9.25 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇവരില്‍ അഞ്ചു ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഒന്നാം ഘട്ടത്തില്‍ (ജൂലൈ മുതല്‍) വ്യവസായ, സേവന മേഖലകളിലെ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പിന് ചേരാം.
പഠന സമയത്തു തന്നെ തൊഴില്‍ അധിഷ്ഠിത നൈപുണ്യ വികസനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കാനാണ് ശ്രേയസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചത്. സാങ്കേതിക വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് അവരുടെ സിലബസിന്റെ ഭാഗമായിത്തന്നെ സ്ഥാപനങ്ങളില്‍ അപ്രന്റിസ്ഷിപ്പിനുള്ള അവസരമുണ്ട്. എന്നാല്‍, സാങ്കേതികേതര വിഷയങ്ങള്‍ പഠിക്കുന്നവര്‍ക്ക് ഇതിനുള്ള സാധ്യത കുറവാണ്. ഇത്തരം വിദ്യാര്‍ഥികളേയും നൈപുണ്യ വികസനത്തിന്റെ ഭാഗമാക്കാനാണ് ശ്രേയസ് നടപ്പാക്കുന്നത്.
നൈപുണ്യ വികസന മന്ത്രാലയവും തൊഴില്‍ മന്ത്രാലയവും ഈ പദ്ധതി നടപ്പാക്കുന്നതില്‍ സഹകരിക്കുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പദ്ധതിക്കു തുടക്കമിട്ടത്. രജിസ്ട്രേഷന് ഒരു മാസത്തെ സമയമാണ് നല്‍കിയതെന്ന് മനുഷ്യവിഭവ ശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്. സുബ്രഹ്മണ്യം പറഞ്ഞു. മികച്ച പ്രതികരണമാണ് വിദ്യാര്ഥികലില് നിന്നു ലഭിച്ചത്.
മഹാരാഷ്ട്രയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തത്. അഞ്ചു ലക്ഷം പേരുടെ ഒന്നാം ഘട്ടത്തിനു ശേഷം അടുത്ത ബാച്ച് വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ്ഷിപ്പിന് എപ്പോള്‍ ചേരാനാകുമെന്ന് നൈപുണ്യ വികസന കൗണ്‍സിലുകള്‍ പരിശോധിക്കുന്നുണ്ടെന്നും സുബ്രഹ്മണ്യം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: