കൊച്ചി: എറണാകുളത്തിന്റെ കാവല്ക്കാരനാകാന് കണ്ണന്താനം തയ്യാറെടുത്തുകഴിഞ്ഞു. പ്രചാരണത്തിനായെത്തുന്നിടങ്ങളിലെല്ലാം വന്‍ സ്വീകരണമാണ് അദ്ദേഹത്തിന്ായി ഒരുങ്ങുന്നത്. ഇരുമുന്നണികളെയും ഞെട്ടിച്ച് എറണാകുളം സ്വന്തമാക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് കണ്ണന്താനം. ഉദയംപേരൂരില്‍ പൊതുസമ്പര്ക്കത്തിനിടെ മത്സ്യത്തൊഴിലാളികള്‍ കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് നല്കിയ നിവേദനം ഏറ്റുവാങ്ങിയ ശേഷം മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന എല്ലാവിധ ജീവല്‍പ്രശ്നങ്ങള്‍ക്കും പരിഹാരം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ഇന്നലെ രാവിലെ ഉദയംപേരൂര്‍ വിജ്ഞാനോദയസഭ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും തൈക്കാട്ട് പള്ളി കപ്പേളയും സന്ദര്‍ശിച്ച് പൊതുസമ്പര്‍ക്കം ആരംഭിച്ച കണ്ണന്താനം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രവര്‍ത്തകര്‍ക്കൊപ്പം ഉദയംപേരൂര്‍ മാര്‍ക്കറ്റിലെത്തി മത്സ്യത്തൊഴിലാളികളും വ്യാപാരികളുമടക്കമുള്ളവരോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഫിഷറീസ് ആശുപത്രിയും സന്ദര്‍ശിച്ചു. മുച്ചൂര്‍കാവ് ഭഗവതിക്ഷേത്രം ഭാരവാഹികളുടെയും നടക്കാവ് ജംഗ്ഷനില്‍ ഓട്ടോ തൊഴിലാളികളുടെയും സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാര്‍ഥി അല്പനേരം അവരുമായി സംവദിച്ചു.
പൂത്തോട്ടയില്‍ കഴിഞ്ഞദിവസം സാമൂഹ്യ വിരുദ്ധര്‍ അയ്യങ്കാളി പ്രതിമ തകര്‍ത്ത സ്ഥലം സന്ദര്‍ശിച്ച അല്‍ഫോന്‍സ് കണ്ണന്താനം വിവരങ്ങള്‍ വിശദമായി ആരാഞ്ഞു. കേരളനവോത്ഥാനത്തില്‍ സുപ്രധാന പങ്കുവഹിച്ച മഹാത്മ അയ്യങ്കാളിയുടെ പ്രതിമ തകര്‍ത്തതിലൂടെ വലിയ അപരാധമാണ് അക്രമിസംഘം കാണിച്ചതെന്നു കുറ്റപ്പെടുത്തി. സംഭവത്തില്‍ അതിശക്തമായ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് ശ്രീനാരായണ വല്ലഭ ക്ഷേത്രവും എസ്എന്‍ഡിപി യോഗം ശാഖയും സന്ദര്‍ശിച്ചു. പൂത്തോട്ട കടവ് മുതല്‍ കാല്‍നടയായി വ്യാപരികള്‍ യാത്രക്കാര്‍ എന്നിവരെ കണ്ട് കുശലാന്വേഷണത്തോടെ വോട്ട് അഭ്യര്‍ത്ഥിച്ച സ്ഥാനാര്‍ഥി വലിയകുളങ്ങര ജങ്ഷന്, കണ്ടനാട് സുനഹദോസ് പള്ളി, തെക്കന്‍ പറവൂര്‍ എന്നിവിടങ്ങളിലുമെത്തി.
തേവര എസ്എച്ച് കോളേജില്‍ വിദ്യാര്‍ഥികളുമായി ആശയങ്ങള്‍ പങ്കുവച്ചു. ന്യൂ ലീഡര്‍, സ്മാര്‍ട്ട് ലീഡര്‍ എന്ന സന്ദേശത്തിലൂന്നി വേറിട്ട, പുതുനേതൃശൈലിയുടെ അനിവാര്യത ചൂണ്ടിക്കാട്ടി. വെറുതെ മുദ്രാവാക്യം മുഴക്കിയതോ പാഴ്വാഗ്ദാനങ്ങള്‍ നല്കിയതോയല്ല ജനപ്രതിനിധിയെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടത്. ഉദ്യോസ്ഥനും ജനപ്രതിനിധിയുമെന്ന നിലകളില്‍ താന്‍ ചെയ്ത കാര്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
തന്നെ കാണാനെത്തിയ സ്ഥാനാര്‍ഥിക്ക് എഴുത്തുകാരി ശ്രീകുമാരി രാമചന്ദ്രന് പുസ്തകം സമ്മാനിച്ചു. എറണാകുളം എന്‍എസ്എസ് കരയോഗത്തില്‍ ഭാരവാഹികളായ കെ.പി.കെ. മേനോന്, ടി. രാമചന്ദ്രന് എന്നിവര്‍ സ്വീകരിച്ചു.
1966ല്‍ ജനസംഘത്തിന്റെ ആദ്യയോഗം നടന്ന ടിഡി റോഡിലെ ആര്. സന്തോഷ്കുമാര്‍ ഷേണായിയുടെ ചരിത്രപ്രധാന വീട്ടിലേക്ക്. എല്ലായിടവും ചുറ്റിനടന്നുകണ്ട കണ്ണന്താനത്തെ ഗൗഡ സാരസ്വത സമൂഹം നേതാക്കളായ ടി.എം.വി. രാജേഷ് ഷേണായി, രാജേഷ് പ്രഭു, നവീന്‍കുമാര്‍ കമ്മത്ത്, ടി.വി. രാജാറാം ഷേണായി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: