പൊതു തെരഞ്ഞെടുപ്പായാല്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് മാത്രമല്ല കള്ളപ്പണക്കാര്‍ക്കും പ്രശ്നമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് കണ്ണും കാതും തുറന്നിരിക്കുന്നു. എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്കും സൗകര്യമുണ്ട്; ഒരു വാട്സ്ആപ്പ് മെസ്സേജ്, അല്ലെങ്കില്‍ ഒരു നമ്പറിലേക്ക് മിസ് കോള്‍ മതി. പഴയകാലത്ത് തെരഞ്ഞെടുപ്പിനായി എത്ര പണം ചെലവിട്ടു, അത് എവിടെനിന്ന് കിട്ടി, അത് ആര്‍ക്കൊക്കെ കൊടുത്തു എന്നതൊക്കെ അത്ര ശ്രദ്ധയോടെ ആരും നിരീക്ഷിച്ചിരുന്നില്ല. കണക്ക് കൊടുക്കണം; അത്രതന്നെ. ഇന്നതല്ല സ്ഥിതി.
പൊതുനിരത്തുകളില്‍ പ്രചരണ വാഹനങ്ങളുടെ കണക്കുകള്‍ എടുക്കുന്നു, ചുമരെഴുത്തും പോസ്റ്ററുകളും ബാനറുകളുമൊക്കെ കണക്കെടുപ്പുകാര് ക്യാമറയില്‍ പകര്‍ത്തുന്നു. തെരഞ്ഞെടുപ്പാവുമ്പോള്‍ അതിര്‍ത്തി കടന്ന് കുഴല്‍പ്പണമായും ഹവാലയായും മറ്റും പണം കൊണ്ടുവന്നിരുന്നത് പതിവാണ്. വാഹനങ്ങള്‍ പോലും തടഞ്ഞുനിര്‍ത്തി പരിശോധിക്കും. ഇതൊക്കെ ചെയ്യുന്നത്, ചെയ്യിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ അധികാരങ്ങള്‍ അവര്‍ക്കാണല്ലോ.
റെയ്ഡും കുമാരസ്വാമിയും
ഇതിപ്പോള്‍ സൂചിപ്പിച്ചത് അടുത്തിടെ നടന്ന ചില ആദായ നികുതി റെയ്ഡുകള്‍ ചിലരുടെ ഉറക്കം കെടുത്തിയത് കൊണ്ടാണ്. കര്‍ണാടകത്തില്‍ 69 ഇടത്താണ് പരിശോധന നടന്നത്. അതില്‍ ഒരു ജനപ്രതിനിധി പോലും ഉള്‍പ്പെട്ടിരുന്നില്ല എന്നതോര്‍ക്കുക. ഒട്ടെല്ലാം സര്‍ക്കാര്‍- പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ട കരാറുകാര്‍. അവരുടെ വീടുകള്‍, ഓഫീസുകള്‍ ജോലി നടക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍. അതും സംസ്ഥാന സര്‍ക്കാരിന് വേണ്ടുന്ന അറിയിപ്പ് കൊടുത്തിട്ടു തന്നെ.
റെയ്ഡിന് മുന്‍പ് ആദായനികുതി അധികൃതര്‍ പോലീസ് സഹായം തേടുന്നത് പതിവാണ്; അത് പോലീസ് രഹസ്യമായി സൂക്ഷിക്കും. ഇത്തവണയും അത് ചെയ്തു; അതാണല്ലോ മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി അറിഞ്ഞത്; അദ്ദേഹം പാലിക്കേണ്ടുന്ന മര്യാദ കാണിച്ചില്ല. രഹസ്യമായി നല്കിയ വിവരം പുറത്തുപറഞ്ഞു. കള്ളപ്പണക്കാര്‍ക്ക് മുന്‍കൂര്‍ സൂചന നല്കി എന്നര്‍ഥം. അതൊന്നും പോരാഞ്ഞ്, നാണമില്ലാതെ മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും അടക്കം ആദായ നികുതി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പും. നികുതി വെട്ടിപ്പുകാര്‍ക്ക് വേണ്ടി ഒരു മുഖ്യമന്ത്രിയും ഭരണകൂടവും പരസ്യമായി ഇറങ്ങുന്നത് ഇതാദ്യമായിട്ടാവും. മുന്‍പ് നോട്ട് റദ്ദാക്കിയപ്പോള്‍ വല്ലാതെ ബേജാറിലായ കേരളത്തിലെ മന്ത്രിസഭാംഗങ്ങള്‍ റിസര്‍വ് ബാങ്കിന് മുന്നില്‍ കുത്തിയിരുന്നതാണ് മറ്റൊരു ഓര്മ.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്സും ജെഡിഎസും പ്രതിഷേധിക്കുമ്പോള്‍ പഞ്ചാബില്‍ രണ്ട് സംഭവങ്ങളുണ്ടായി. അവിടെ ഭരിക്കുന്നത് കോണ്‍ഗ്രസ്സാണല്ലോ. രാത്രി വാഹന പരിശോധനയ്ക്കിടെ 9.67 കോടിയോളം പിടിച്ചതാണ് ഒരു സംഭവം. പിടിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴിലെ പൊലീസു തന്നെ. മറ്റൊന്നിന് കേരളത്തിലും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം കിട്ടി. എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ നടത്തിയ റെയ്ഡ്ആയിരുന്നു അത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോയുടെ വിശ്വസ്തന്റെ മേശയില്‍ നിന്ന് പത്ത് കോടി കണ്ടെടുത്ത സംഭവം. എന്തായാലും ഇതിന് തെരഞ്ഞെടുപ്പ് ബന്ധമുള്ളതായി ആരും പറയുന്നില്ല, ഭാഗ്യം. എന്നാല്‍ കണക്ക് വത്തിക്കാനില്‍ പറഞ്ഞോളാം എന്ന് പറഞ്ഞാല്‍ നടക്കുകയുമില്ല. അച്ചനും കൂട്ടുകാരും എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ കസ്റ്റഡിയിലാണിപ്പോള്‍.
കൊല്‍ക്കത്തയിലെ മമത പോലീസ്
തമിഴ്നാട്ടിലും ശ്രീനഗറിലും മറ്റും റെയ്ഡുകള്‍ നടന്നു; ഡിഎംകെ ട്രഷററുടെ വസതിയില്‍ പോലും ആദായ നികുതി ഉദ്യോഗസ്ഥരെത്തി. അവിടെ അവരെത്തിയത് ആദായ നികുതി- പോലീസ് ഉദ്യോഗസ്ഥരായിട്ടല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിര്‍ദേശം അനുസരിച്ചാണ്. അതിനേക്കാള്‍ വലിയ പ്രശ്നമാണ് കൊല്‍ക്കത്തയില്‍ ഉണ്ടായത്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ മമത ബാനര്‍ജിയുടെ ബന്ധുവിന്റെ പക്കല്‍ ‘സ്വര്‍ണ്ണ ശേഖരം’ ഉണ്ടായിരുന്നു എന്ന് കസ്റ്റംസ് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. അവര്‍ സ്വാഭാവികമായ നടപടിയിലേക്ക് നീങ്ങിയപ്പോള്‍ കൊല്‍ക്കത്തയിലെ മമതപോലീസെത്തി. പിന്നെ കസ്റ്റംസുകാരുടെ കൈയില്‍ നിന്ന് പ്രതിയെ മോചിപ്പിച്ചു കടന്നു. മുന്‍പ്, സിബിഐയെ അവര്‍ കൈകാര്യം ചെയ്തത് രാജ്യം കണ്ടതാണല്ലോ. അതുപോലെ കസ്റ്റംസ്, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് നേരെയായി നീക്കം. അവര്‍ വേണ്ടത് പോലെ കൈകാര്യം ചെയ്യുന്നുണ്ട് അതൊക്കെ, പ്രശ്നം സുപ്രീംകോടതിയിലുമെത്തിയിരിക്കുന്നു. അതിന്റെ പേരില്‍ മമത നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെടാതിരുന്നത് കാര്യങ്ങള്‍ ബോധ്യമായതിനാലാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: