ഇടുക്കി: സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം പ്രകൃതിചൂഷണവും അശാസ്ത്രീയ നിര്‍മാണങ്ങളും. കുറച്ച് നാളുകളിലായി സംസ്ഥാനത്ത് ഉണ്ടായ കാലാവസ്ഥാമാറ്റം മനുഷ്യരെപ്പോലെ വന്യമൃഗങ്ങളെയും സസ്യജാലങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.
വലിയ തോതിലുള്ള മരം മുറിക്കലും കുന്നിടിച്ച് നിരത്തിയുള്ള നിര്‍മാണങ്ങളുമാണ് കേരളത്തെ ഈ അവസ്ഥയിലേക്ക് അതിവേഗം എത്തിച്ചത്.
മനുഷ്യന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാത്ത തരത്തിലാണ് താപനില ഉയര്‍ന്നിരിക്കുന്നത്. പുഴകളുടെയും കായലുകളുടെയും നാടായ കേരളത്തിന് ഇത്തരമൊരു ദുരവസ്ഥ വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്. സംരക്ഷണ കവചം പോലെ നിന്നിരുന്ന പശ്ചിമഘട്ട മലനിരകള്‍ ഇന്ന് നാശത്തിന്റെ വക്കിലാണ്. ഏതാണ്ട് ഏഴ് കോടി വര്‍ഷം പഴക്കമുള്ള ഈ പര്‍വതനിര സംസ്ഥാനത്തെ കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു.
സംസ്ഥാനത്തെ 14 ജില്ലകളിലും മനുഷ്യവാസത്തിന് പശ്ചിമഘട്ടം നേരിട്ടും അല്ലാതെയും നിര്‍ണായക സ്വാധീനം ചെലുത്തുന്നുണ്ട്. വയനാട്, ഇടുക്കി പോലുള്ള മലയോര ജില്ലകളിലും താപനില ഗണ്യമായി ഉയര്‍ന്നത് ഇതിന്റെ സ്വാധീനം കുറഞ്ഞത് വ്യക്തമാക്കുന്നു. മൂന്നാര്‍ പോലെ സംസ്ഥാനത്ത് എറ്റവും കുറവ് താപനില വര്‍ഷം മുഴുവന്‍ അനുഭവപ്പെട്ടിരുന്ന സ്ഥലത്തും ഇന്ന് താപനിലയില്‍ മാറ്റം വന്നു. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ പ്രളയവും ഇതിനെ തുടര്‍ന്ന് പ്രകൃതിക്കുണ്ടായ മാറ്റവും കൃത്യമായി പഠനവിധേയമാക്കേണ്ടതുണ്ട്. ഇതിന് ഇതുവരെയും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പെട്ടെന്ന് നദികള്‍ വറ്റിയതും ചൂട് കൂടിയതും ഒക്ടോബറില്‍ തന്നെ നാം കണ്ടതാണ്. പിന്നാലെ ജനുവരിയില്‍ പതിവില്ലാതെ തണുപ്പ് കൂടി. ഫെബ്രുവരി എത്തുംമുമ്പ് ചൂട് കുതിച്ചുയര്‍ന്നു. ഇതിനുള്ള കാരണമായി കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത് പ്രകൃതിക്കുണ്ടായ നാശമാണ്. കുന്നിടിച്ച് വീട് വെച്ചവര്‍ക്കെല്ലാം പ്രളയത്തിന്റെ സമയത്ത് ഇത് ബോധ്യമായി. അനധികൃത കൈയേറ്റങ്ങളും ആവശ്യത്തില്‍ അധികമായുള്ള നിര്‍മാണങ്ങളും ചൂടു കൂടുന്നതിന് കാരണമാണ്. 2011-ല്‍ മാധവ് ഗാഡ്കില്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തെ മൊത്തം പരിസ്ഥിതി ലോല മേഖലകളാക്കി ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കിയിരുന്നു.
പശ്ചിമഘട്ടത്തെ മൂന്ന് മേഖലകളായി തിരിച്ചായിരുന്നു റിപ്പോര്‍ട്ട്. ആദ്യ സോണില്‍ ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിര്‍മാണങ്ങള്‍ തടഞ്ഞിരുന്നു. കെട്ടിട നിര്‍മാണം, കുന്നിടിക്കല്‍, പാറ ഖനനം, പ്ലാസ്റ്റിക് ഉപഭോഗം, കൃഷി, മരം മുറി, ജലമലിനീകരണം എന്നിവക്കെല്ലാം നിയന്ത്രണം വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ ജനം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഇതിന്റെ പരിണതഫലം പേറി ജീവിക്കേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: