കൊച്ചി: സുപ്രീംകോടതി വിധി തെറ്റായി വ്യാഖ്യാനിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും ഹിന്ദുക്കള്‍ക്കെതിരെ. എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ അടക്കമുള്ള നേതാക്കളെ ശബരിമലയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളാക്കാന്‍ അഡീ. അഡ്വക്കേറ്റ് ജനറലാണ് പിണറായി സര്‍ക്കാരിനു വേണ്ടി ഹൈക്കോടതിയില്‍ ശുപാര്‍ശ നല്‍കിയത്.
വിശ്വാസിസമൂഹത്തിനായി പോരാടിയ, ഇപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളായ കെ. സുരേന്ദ്രന്, ഡോ. കെ.എസ്. രാധാകൃഷ്ണന്, എ.എന്‍. രാധാകൃഷ്ണന്, അഡ്വ. പ്രകാശ് ബാബു തുടങ്ങിയവരെക്കൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പുകാലത്ത് ഇവരെ കേസില്‍ക്കുടുക്കി പ്രചാരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള ശ്രമമാണിത്.
കോടതിയെ തെറ്റിദ്ധരിപ്പിച്ച്, ഹിന്ദുവേട്ട നടത്തി, തെരഞ്ഞെടുപ്പു കാലത്ത് നേതാക്കളെ ജയിലിലടയ്ക്കാനാണ് സര്‍ക്കാര്‍ നീക്കം. സുപ്രീംകോടതിയുടെ ഇല്ലാത്ത ഉത്തരവ് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ തെറ്റിദ്ധരിപ്പിച്ചാണ് സര്‍ക്കാര്‍ നടപടികള്‍. സുപ്രീംകോടതിയില്‍ 2009ല്‍ ആന്ധ്രപ്രദേശില്‍നിന്നുള്ള കേസ് കേള്‍ക്കുമ്പോള്‍ ജസ്റ്റിസ് അരിജിത് പസായതിന്റെ ബെഞ്ചാണ് പൊതുമുതല്‍ നശിപ്പിക്കല്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ട് സമിതിയെ നിയോഗിച്ചത്.
ജസ്റ്റിസ് കെ.ടി. തോമസും ജസ്റ്റിസ് നരിമാനുമായിരുന്നു ഓരോ സമിതിയുംനയിച്ചത്. ജസ്റ്റിസ് കെ.ടി. തോമസാണ് പൊതുമുതല്‍ നശിപ്പിച്ചാല്‍ നഷ്ടം സമരത്തിനാഹ്വാനം ചെയ്തവരില്‍നിന്ന് ഈടാക്കാനും നിലവിലെ നിയമം ഭേദഗതി ചെയ്യാനും ശുപാര്‍ശ ചെയ്തത്. ഇത് സുപ്രീംകോടതി സ്വീകരിച്ചു. നിയമം ഉണ്ടാകുംവരെ ഇത് മാര്ഗനിര്ദേശമാക്കാമെന്നും പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍, 1984 ലെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമം ഭേദഗതി ചെയ്യാന്‍ ബില്‍ അവതരിപ്പിച്ചത് പാര്‍ലമെന്റില്‍ പാസായിട്ടില്ല. 2018 നവംബറില്‍ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി, സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരെ അനുബന്ധ കേസുകളില്‍ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ ഹര്‍ജിയിലെ ആവശ്യത്തില്‍ സര്‍ക്കാര്‍ മുന്നേറുന്നുവെന്നാണ് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അന്ന് കോടതിയെ അറിയിച്ചത്. അതായത്, ആഹ്വാനം ചെയ്യുന്നവരെ പ്രതി ചേര്‍ക്കാന്‍ നിയമമില്ല എന്നര്‍ഥം.
ഇൗ ഹര്‍ജി പരിഗണിക്കവേ, ഹൈക്കോടതി ഡിവിഷന് ബെഞ്ചിലെ ഒരു ജഡ്ജി കേസ് എടുത്തുകൂടേ എന്ന് ചോദിച്ചതിന്റെ പിന്‍ബലത്തിലാണ് സര്‍ക്കാര്‍ നടപടി. നിയമമില്ലെന്ന് കോടതിയെ ഉപദേശിക്കേണ്ട അഡീ. അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനു വേണ്ടി വസ്തുത മറച്ചുവച്ചു.
ഇതിനു പിന്നാലെ ശബരിമല കര്‍മസമിതിയുടെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതാക്കളെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ ജില്ലാ പോലീസ് അധികാരികള്‍ക്ക് ഡിജിപി നിര്‍ദേശം നല്കി. തുടര്‍ന്നാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ 366 കേസുകള്‍ എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: