ന്യൂദല്‍ഹി: രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം വടക്കേഇന്ത്യയില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കുമെന്ന് വിലയിരുത്തല്‍. അമേഠിയില്‍ പരാജയം ഉറപ്പായ രാഹുല്‍ ന്യൂനപക്ഷ വിഭാഗത്തിന് നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തിലേക്ക് ഒളിച്ചോടിയെന്ന പ്രചാരണം ബിജെപി ആരംഭിച്ചതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രാഹുലിന്റെ പലായനത്തെ പരിഹസിച്ച് രംഗത്തെത്തി. ബിജെപിയുടേയും എന്‍ഡിഎയുടേയും നേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസിലെ തന്നെ ചില നേതാക്കളും രാഹുല്‍ വയനാട് മത്സരിക്കുന്നതിനെതിരെ രംഗത്തെത്തി. ഹിന്ദി-ഹിന്ദു ഹൃദയഭൂമിയില്‍ രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വം വിപരീത ഫലം നല്‍കുമെന്നാണ് വിവിധ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ പരാതി.
വോട്ടര്‍മാരില്‍ പകുതിയിലേറെ ന്യൂനപക്ഷ വിഭാഗക്കാരുള്ള വയനാട് മണ്ഡലത്തിലേക്ക് രാഹുല്‍ വിജയസാധ്യത തേടി മത്സരിക്കാനിറങ്ങുന്നത് വടക്കേഇന്ത്യയിലെ വലിയ പത്തു സംസ്ഥാനങ്ങളിലെങ്കിലും തിരിച്ചടി ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസിന്റെ ഭയം.
എന്നാല്‍, രാഹുലിന് മത്സരിച്ച് വിജയിച്ച് ലോക്സഭയിലെത്താന്‍ ഉറപ്പുള്ള ഏക മണ്ഡലം രാജ്യത്ത് വയനാട് മാത്രമാണെന്നാണ് വിലയിരുത്തല്‍. തുടര്‍ന്നാണ് അമേഠിയില്‍ ഭാഗ്യപരീക്ഷണത്തിന് നില്‍ക്കാതെ രണ്ടാം മണ്ഡലമായി വയനാട് തെരഞ്ഞെടുത്തത്. അറുപത് ശതമാനത്തോളം മുസ്ലിം-ക്രിസ്ത്യന്‍ വോട്ടര്‍മാരുള്ള മണ്ഡലം യാതൊരു കാരണവശാലും രാഹുലിനെ കൈവിടില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍.
ദേശീയ മാധ്യമങ്ങളും രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരായ കണക്കുകളുമായി രംഗത്തെത്തി. ഹിന്ദി ഹൃദയ ഭൂമിയില്‍ നിന്ന് രാഹുല്‍ ഒളിച്ചോടിയെന്ന സന്ദേശം മാത്രമാണ് വയനാട് സ്ഥാനാര്‍ത്ഥിത്വമെന്നാണ് വിവിധ ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍. പൃഥ്വിരാജ് ചൗഹാന്, പി.സി. ചാക്കോ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും രണ്ടാം മണ്ഡലത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: