ലോക്സഭയിലെ മലയാളി ദമ്പതിമാര്‍ ആര് എന്ന ചോദ്യത്തിന് ആദ്യ ഉത്തരം എ.കെ. ഗോപാലന്, സുശീല ഗോപാലന് എന്നായിരുന്നു. 1967ല്‍ എകെജി-സുശീല ദമ്പതികള്‍ക്കൊപ്പം മറ്റൊരു മലയാളിയും ഭാര്യയും ലോക്സഭയിലെത്തിയിരുന്നു. കെ.കെ. നായരും ഭാര്യ ശകുന്തള നായരും.
ജനസംഘം ടിക്കറ്റില്‍ ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇരുവരും ജയിച്ചതെന്നുമാത്രം. കെ.കെ. നായര്‍ ബഹരക് മണ്ഡലത്തില്‍ നിന്ന് ജയിച്ചപ്പോള്‍ ഭാര്യ ശകുന്തള കൈസര്‍ഗഞ്ച് മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്. അതിനും മുമ്പ്, 1952ല്‍ ശകുന്തള ഗോണ്ട മണ്ഡലത്തില്‍നിന്നും ജയിച്ചിരുന്നു. 62ല്‍ കെ.കെ. നായര്‍ യുപി നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചിട്ടുണ്ട്. എംപി എന്ന നിലയിലല്ലാതെ ഇന്ത്യയുടെ ചരിത്രത്തില്‍ പ്രത്യേകിച്ച് അയോധ്യയുടെ ചരിത്രത്തില്‍ ഇടംനേടിയ ആളാണ് കെ.കെ. നായര്‍. അയോധ്യ തര്‍ക്കത്തില്‍ ആദ്യം ഒരു തീരുമാനമെടുത്തത് ഈ കുട്ടനാട്ടുകാരനായിരുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറും മജിസ്ട്രേറ്റുമായിരുന്ന അദ്ദേഹം ഈ പ്രശ്നത്തില്‍ കൈക്കൊണ്ട തീരുമാനമാണ് പിന്നീട് വര്‍ഷങ്ങളുടെ തര്‍ക്കത്തിലേക്ക് നീങ്ങിയത്.
കൈനകരി കണ്ടംകളത്തില്‍ ശങ്കരപ്പണിക്കര്‍-പാര്‍വതിയമ്മ ദമ്പതിമാരുടെ മകനായ കെ.കെ. നായര്‍ 1946ലാണ് ഫൈസാബാദ് കളക്ടറായി ചുമതലയേറ്റത്. ഇദ്ദേഹം കളക്ടറായിരിക്കെ 49ലാണ് അയോധ്യയില്‍ തര്‍ക്കം ഉടലെടുക്കുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇവിടത്തെ തര്‍ക്കമന്ദിരത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. 49 ഡിസംബര്‍ 23ന് സന്ന്യാസിമാരുടെ സംഘം ഇവിടെ പ്രവേശിച്ച് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും, അത് നീക്കംചെയ്യാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു നിര്‍ദേശിക്കുകയും ചെയ്തു. അന്നത്തെ യു.പി. മുഖ്യമന്ത്രി ഗോവിന്ദവല്ലഭ് പന്ത് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് നിര്‍ദേശവും നല്കി. പക്ഷേ, കെ.കെ. നായര്‍ വഴങ്ങിയില്ല. അയോധ്യയില്‍ രക്തച്ചൊരിച്ചിലിനേ ഇതുപകരിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് നായരെ സസ്പെന്‍ഡു ചെയ്തു. ഇതിനെ കോടതിയില്‍ ചോദ്യംചെയ്യുകയും കെ.കെ. നായരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തെങ്കിലും അദ്ദേഹം അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയായിരുന്നു.
ഇതിനിടെ 1952ല്‍ അദ്ദേഹത്തിന്റെ ഭാര്യ ശകുന്തള ജനസംഘം സ്ഥാനാര്‍ഥിയായി ലോക്സഭാംഗമായി. പിന്നീട് കെ.കെ. നായരും ജനസംഘം ടിക്കറ്റില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത് ഈ ദമ്പതികള്‍ ജയില്‍ശിക്ഷയും അനുഭവിച്ചിരുന്നു. കെ.കെ. നായര്‍ 1977 സപ്തംബര്‍ ഏഴിന് മരിക്കുംവരെ പൊതുപ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ആലപ്പുഴ എസ്ഡിവി സ്കൂളിലും തുടര്‍ന്ന് തിരുവനന്തപുരത്തും പഠിച്ച കെ.കെ. നായര്‍ ലണ്ടനില്‍നിന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ ഐസിഎസ്. പരീക്ഷ പാസ്സായി. 11 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: