തൊടുപുഴ: കുട്ടികളോടുള്ള അതിക്രമം തുടര്‍ക്കഥ. ഇടുക്കിയില്‍ മാത്രം നവജാത ശിശുവടക്കം രണ്ട് കുട്ടികളാണ് സമീപകാലത്ത് കൊല്ലപ്പെട്ടത്. ഇതില്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഏറ്റവും ക്രൂരമായ സംഭവമാണ് കുമാരമംഗലത്ത് കഴിഞ്ഞ ദിവസം ഉണ്ടായത്.
2013ല്‍ കുമളിക്ക് സമീപം ചെങ്കരയില്‍ അഞ്ചു വയസുള്ള ഷെഫീക്കിന് നേരെയുണ്ടായ അതിക്രമം ഏറെ ചര്‍ച്ചയായിരുന്നു. രണ്ടാനമ്മ അനീഷയും അച്ഛന് ഷെഫീക്കും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച് എടുത്തെറിഞ്ഞ കുട്ടി ദിവസങ്ങളോളം ബോധമറ്റ് കിടന്നു. പിന്നീട് അല്‍-അസ്ഹര്‍ മെഡിക്കല്‍ കോളേജ് ഏറ്റെടുത്ത കുട്ടി ആയയുടെ സഹായത്തോടെ ഇപ്പോഴും ചികില്സതുടരുകയാണ്. നിലമെച്ചപ്പെട്ടെങ്കിലും നടക്കാനോ നിവര്‍ന്ന് നില്‍ക്കാനോ ഇന്നും ഷെഫീക്കിന് ആയിട്ടില്ല.
2017 ജൂലൈയില്‍ കുമാരമംഗലത്ത് തന്നെ 10 വയസുകാരനെ അച്ഛന് പൊള്ളിച്ച സംഭവവുമുണ്ടായി. 10 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ക്രൂരത. 2017 ജൂലൈയില്‍ കട്ടപ്പന മരിയാപുരത്ത് തൊട്ടിലിലില്‍ കിടന്ന നാല് മാസം പ്രായമുള്ള അനാമിക എന്ന പെണ്‍കുട്ടിയെ അച്ഛന് കട്ടിലില്‍ തലയടിച്ച് കൊന്ന സംഭവവുമുണ്ടായി.
2018 ഡിസംബറില്‍ കുമളിക്ക് സമീപം നൃത്താദ്ധ്യാപിക വായില്‍ തുണി തിരുകി ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ആ വര്‍ഷം തന്നെ ജൂലൈയില്‍ ഒന്നാം ക്ലാസുകാരനായ കുട്ടിയെ പഠനത്തിന് മോശമായതിന് വണ്ടിപ്പെരിയാറില്‍ ടീച്ചര്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു. 2017 ജനുവരിയില്‍ അടിമാലി സ്വദേശിയായ യുവതിയെയും നവജാത ശിശുവിനെയും ഭര്‍ത്താവ് മര്‍ദ്ദിക്കുകയും കുട്ടി മരിക്കുകയും ചെയ്തു. 2016 ആഗസ്റ്റില്‍ കൂമ്പന്‍പാറയില്‍ വെച്ച് നസീര്‍-സലീമ ദമ്പതികള്‍ 10 വയസുള്ള കുട്ടിയെ ലഹരിയുടെ ആസക്തിയില്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.
ഇത്തരം സംഭവങ്ങള്‍ നിത്യേന നടക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടവര്‍ അനാസ്ഥ കാട്ടുന്നതാണ് സംഭവങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. ചൈല്‍ഡ് ലൈന്‍ അടക്കമുള്ളവരുടെ കരുതലാണ് പ്രശ്നങ്ങള്‍ കുറേയെങ്കിലും പുറത്തുവരാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: