അമൃത്സര്‍ : ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ വിശ്വസ്തന്‍ ഫാദര്‍ ആന്റണി മാടശ്ശേരിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. കണക്കില്‍പ്പെടാത്ത 10 കോടി രൂപയുടെ കള്ളപ്പണവുമായാണ് ഫാ. ആന്റണി മാടശ്ശേരി പിടിയിലായത്. വെള്ളിയാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് ഫാ. ആന്റണിയെ കസ്റ്റഡിയിലെടുത്തത്.
ഫ്രാന്‍സിസ്‌കന്‍ മിഷണറീസിന്റെ ജലന്ധറിലെ ഓഫീസ് കം റസിഡന്‍സില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്റ് പണം കണ്ടെത്തിയത്. സംഭവത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ അഞ്ച് പേരെയും എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കണക്കുകളോ രേഖകളോ ഇല്ലാത്ത പണം പിടിച്ചെടുത്തത്. സംഭവത്തില്‍ പോലീസും എന്‍ഫോഴ്സ്മെന്റും അന്വേഷണം ത്വരിതപ്പെടുത്തിയിട്ടുണ്ട്.
ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കല്‍ അറസ്റ്റിലായ സമയത്ത് കേരളത്തില്‍ പോയ ഫാ. ആന്റണി പിന്നീട് ബിഷപ്പിനൊപ്പമാണ് തിരികെ ജലന്ധറില്‍ എത്തുന്നത്.
അതേസമയം, മിഷണറീസിന്റെ നേതൃത്വത്തില്‍ നവജീവന്‍ സൊസൈറ്റിയും സഹോദയ സുരക്ഷാ ഏജന്‍സിയും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനായുള്ള പണമാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെടുത്തതെന്നാണ് ഫാ. ആന്റണി മാടശ്ശേരിയുടെ വിശദീകരണം.
















