കൊച്ചി: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ മുഖ്യമായി ചൂണ്ടിക്കാണിക്കാവുന്നവയില്‍ രണ്ടെണ്ണം ഊര്‍ജോല്‍പ്പാദനവും റെയില്‍വേ വികസനവുമാണ്. അതില്‍ റെയില്‍വേയുടെ കുതിപ്പ് അമ്പരപ്പിക്കും. പക്ഷേ, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലേതുമായി നോക്കുമ്പോള്‍ കേരളം പിന്നിലാണ്. കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും. കുറ്റക്കാര്‍ പതിവുപോലെ ഇടത്-വലത് മുന്നണികള്‍.
മാമൂല് സംവിധാനങ്ങളല്ല, മിടുക്കുള്ള ആസൂത്രണവും നിര്‍വഹണവുമാണ് പദ്ധതികളുടെ വിജയത്തിന് അടിസ്ഥാനമെന്ന് തെളിയിക്കുന്നതാണ് റെയില്‍വേയുടെ വിജയകഥ. വൃത്തിയില്ലാത്ത പരിസരം, വ്യവസ്ഥയില്ലാത്ത വണ്ടിയോട്ടം, അസൗകര്യങ്ങളുടെ ആസ്ഥാനം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളം… ഇങ്ങനെയൊക്കെയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുടെ ചിലയിടങ്ങളിലെയെങ്കിലും സ്ഥിതി കുറേക്കാലം മുമ്പുവരെ.
എന്നാല്‍ ഇന്നോ. സ്ഥിതിമാറി. വൃത്തിയുള്ള സ്റ്റേഷനുകള്‍. വ്യവസ്ഥയുള്ള ഓഫീസുകള്‍. ആവശ്യത്തിന് വണ്ടികള്‍. വണ്ടികളും ഏറെക്കുറേ ആധുനിക സംവിധാനങ്ങളുള്ളവ. സ്റ്റേഷനുകളില്‍ യന്ത്രഗോവണി, വെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങള്‍ക്ക് സംവിധാനം.
ഇപ്പോള്‍ വണ്ടികാത്ത് യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ ഇരിക്കേണ്ട. വണ്ടി എവിടെയെത്തിയെന്നും എപ്പോളെത്തുമെന്നും അറിയാന്‍ സംവിധാനമുണ്ട്. ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയില്‍ കാത്തു നില്‍ക്കണ്ട, ബൊബൈലില്‍ ടിക്കറ്റ് എടുക്കാന്‍ സംവിധാനം. വണ്ടിയില്‍ ഏറ്റവും വൃത്തിയും ഗുണവുമുള്ള ഭക്ഷണം കിട്ടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് ഇഷ്ടാനുസരണം യാത്ര ചെയ്യാം…. ഇങ്ങനെ എണ്ണമറ്റ സേവനങ്ങളാണ് മോദി സര്‍ക്കാര്‍ റെയില്‍വേ വഴി ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എറണാകുളം ജങ്ഷന്, ടൗണ്‍ (നോര്‍ത്ത്) സ്റ്റേഷനുകളുടെ വികസനം അമ്പരപ്പിക്കുന്നതാണ്. അഞ്ചുവര്‍ഷം മുമ്പത്തെ ഈ സ്റ്റേഷനുകളും ഇപ്പോഴത്തെ വൃത്തിയും വ്യവസ്ഥയുമുള്ള സ്റ്റേഷനുകളും തമ്മിലുള്ള അന്തരം വലുതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ റെയില്‍വേ വികസനം സംസ്ഥാനത്താകെ വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്.
വണ്ടികള്‍ ഏറെ, സര്‍വീസ് നടത്താന്‍ പാളങ്ങളില്ല എന്നതാണ് സ്ഥിതി. പാതയിരട്ടിപ്പിക്കാതെ കേരളത്തിലെ റെയില്‍വേയ്ക്ക് ഇനി വികസിക്കാനാവില്ല. പക്ഷേ, പാളം ഉണ്ടാക്കാന്‍ ഭൂമിഏറ്റെടുത്ത് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ വേണ്ട ശരിയായ നടപടികള്‍ സമയത്ത് കൈക്കൊള്ളുന്നില്ല. അതുകൊണ്ടുതന്നെ പലവര്‍ഷം പിറകിലാണ് കേരളത്തില്‍ റെയില്‍വേ വികസനം.
ഏറ്റെകാലമായി പാളം ഇരട്ടിപ്പിക്കാത്തതിനാല്‍ ഗതാഗത തടസമുണ്ടായിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്ര ഈ മാസം അവസാനത്തോടെ സുഗമമാകും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ വഴിയിലെ രണ്ടാം പാത മാര്‍ച്ച് 31 ന് തുറക്കും. വര്‍ഷങ്ങളായി സ്ഥലമെടുപ്പ് നടക്കാഞ്ഞതിനാല്‍ മുടങ്ങിക്കിടന്നതാണ് ഈ പദ്ധതി. എറണാകുളം ജങ്ഷന്റെയും ടൗണ്‍ സ്റ്റേഷന്റേയും വികസനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമുണ്ടെങ്കില്‍ എളുപ്പത്തില്‍ നടപ്പാക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ റെയില്‍വേയ്ക്കുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: