തിരുവനന്തപുരം: ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയെ പുറത്താക്കി നാറ്റ്പാക്ക് ഡയറക്ടറുടെ കസേരയില്‍ യോഗ്യതയില്ലാത്ത വ്യക്തിക്ക് നിയമനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ നടന്ന നിയമനം വിവാദത്തില്‍.
2010ല്‍ നാറ്റ്പാക് ഡയറക്ടറായി ചുമതലയേറ്റ ബി.ജി. ശ്രീദേവിയെ 2017 ലാണ് പുറത്താക്കിയത്. നാറ്റ്പാക്കിന്റെ നിയന്ത്രണാധികാരമുള്ള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറിയായിരുന്ന പ്രദീപ്കുമാര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ശ്രീദേവിയുടെ കസേര തെറിപ്പിച്ചത്. ഇതിനെതിരെ ശ്രീദേവി ഹൈക്കോടതിയെ സമീപിച്ച് 2018ല്‍ അനുകൂല വിധി നേടി. എന്നാല്‍ കോടതി പറഞ്ഞിട്ടും ശ്രീദേവിയെ ഡയറക്ടറാക്കാതെ വിധിക്കെതിരെ അപ്പീല്‍ പോയിരിക്കുകയാണ് സര്‍ക്കാര്‍.
ശ്രീദേവിയെ മാറ്റി പകരം ഡയറക്ടറാക്കിയിരിക്കുന്നത് ആ കസേരയില്‍ ഇരിക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്ത എസ്. ഷാഹിം എന്നയാളിനെ. സയന്റിസ്റ്റ് എഫ് ആയി അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയം, പിഎച്ച്ഡി ഇവയൊക്കെയാണ് നാറ്റ്പാക്കില്‍ ഡയറക്ടര്‍ പോസ്റ്റിലേക്ക് അപേക്ഷിക്കാന്‍ പോലും വേണ്ട യോഗ്യത. ഷാഹിം സയന്റിസ്റ്റ് ഇ 2 മാത്രമാണ്. പിഎച്ച്ഡി ഇല്ല. 2011ല്‍ ഡയറക്ടറായിരിക്കുമ്പോള്‍ ശ്രീദേവി തന്നെയാണ് പ്രൊജക്ട് സ്റ്റാഫായിരുന്ന ഷാഹിമിന് സ്ഥിര നിയമനം നല്‍കിയത്.
യോഗ്യതയില്ലാത്തയാള്‍ ഡയറക്ടറായതോടെ നാറ്റ്പാക്കിന്റെ നിരവധി സ്വപ്ന പദ്ധതികള്‍ക്കാണ് താളം തെറ്റിയത്. കൊച്ചി മെട്രോ, ലൈറ്റ് മെട്രോ അടക്കം നിരവധി പദ്ധതികള്‍ക്ക് ഡിഎംആര്‍സി ആശ്രയിച്ചിരുന്നത് നാറ്റ്പാക്കിലെ ശാസ്ത്രജ്ഞരെ ആയിരുന്നു. അവിടുത്തെ എഞ്ചിനീയര്‍മാരുടെ റോള്‍ മോഡലായിരുന്നു ശ്രീദേവി. ഗതാഗത ആസൂത്രണം, റോഡ് സുരക്ഷ, പ്രാദേശിക ഗതാഗതം, ഹൈവേ ആസൂത്രണവും വികസനവും, ട്രാഫിക് മാനേജ്മെന്റ്, ജലഗതാഗതം തുടങ്ങിയ മേഖലകളില്‍ വിദഗ്ധ ഉപദേശം നല്‍കിയിരുന്ന നാറ്റ്പാക്കിനെ രണ്ടു വര്‍ഷമായി വകുപ്പുകളൊന്നും സമീപിക്കാറില്ല.
മെട്രോമാന് ശ്രീധരന്റെയടക്കം പ്രശംസ പിടിച്ചു പറ്റിയ ശ്രീദേവിക്ക് സര്‍വീസില്‍ ഇനി ഒരു വര്‍ഷമാണ് ബാക്കിയുള്ളത്. ഐഐടിയില്‍ നിന്ന് എംടെക്കും കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയ അറിയപ്പെടുന്ന ഗതാഗത എഞ്ചിനീയറിംഗ് വിദഗ്ധയെ പുറത്തിരുത്തിയിട്ടാണ് അയോഗ്യന്‍ ഡയറക്ടര്‍ കസേര നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: