ഇതൊരു വല്ലാത്ത വരവായിപ്പോയി. വയനാട്ടിലേയ്ക്കു ദാ രാഹുല്‍ വരുന്നു എന്ന് ആരെയോ വിരട്ടും പോലെ കോണ്ഗ്രസ്സുകാര് പറഞ്ഞിട്ടു ദിവസം അഞ്ചാറായി. ഓരോ ദിവസവും ഓരോ അടി പിന്നോട്ടുപോകുന്നതല്ലാതെ വരുന്ന ലക്ഷണമില്ല. വയനാട്ടിലേയ്ക്ക് ഇല്ല എന്ന മട്ടിലാണ് ഇപ്പോഴത്തെ കാര്യങ്ങളുടെ പോക്ക്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമെന്നു താന്‍ പറഞ്ഞിട്ടേയില്ലെന്നാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. അഞ്ചു ദിവസം മുന്‍പു പറഞ്ഞത് അപ്പടി വിഴുങ്ങി. കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുമ്പോഴും വയനാടിന്റെ കാര്യത്തില്‍ മിണ്ടാട്ടമില്ല. അവസാനം രാഹുല്‍ പതിവുതട്ടകമായ അമേത്തി തന്നെ മതിയെന്നുവയ്ക്കുമോ? എങ്കില്‍പ്പിന്നെ എന്തിനായിരുന്നു ഈ പുകിലൊക്കെ?
എവിടെ മത്സരിക്കണമെന്നു തീരുമാനിക്കാന്‍ രാഹുലിനെന്നല്ല, ഏത് ഇന്ത്യന്‍ പൗരനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പ്രസിഡന്റിനെ എവിടെ മത്സരിപ്പിക്കണമെന്നു തീരുമാനിക്കാന്‍ കോണ്‍ഗ്രസ്സിനുമുണ്ട് സ്വാതന്ത്ര്യം. പക്ഷേ, അതു വിളിച്ചുപറഞ്ഞ സമയവും പിന്നീടതു രാജ്യത്താകെ ചര്‍ച്ചയാക്കി സ്വയം നാണംകെട്ടതും അവിടന്നിങ്ങോട്ടു തുടരുന്ന അനിശ്ചിതത്വവുമൊക്കെ കുറച്ചു ദുരൂഹംതന്നെയാണ്. പ്രസിഡന്റിനുവേണ്ടി ഒരു മണ്ഡലം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്ത പാര്‍ട്ടിയാണോ കോണ്‍ഗ്രസ്?
സ്വന്തം മണ്ഡലമായ അമേത്തിയില്‍ ബിജെപി അവരുടെ സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു രാഹുലിന്റെ വയനാട് യാത്ര പ്രഖ്യാപിക്കപ്പെട്ടത്. രാഹുലിന്റെ മുന്‍ ഭൂരിപക്ഷം പകുതിയാക്കികുറച്ച തീപ്പൊരിയാണു സ്മൃതി ഇറാനി. ഏതോ സീരിയല്‍ നടിയെന്നും ചാവേര്‍ എന്നുമൊക്കെ പരിഹസിച്ചവര്‍ അന്നു വിറച്ചുപോയി. ആ വിറയല്‍ മാറിയിട്ടില്ലെന്ന പരസ്യ പ്രഖ്യാപനമായിരുന്നില്ലേ ഈ ഒളിച്ചോട്ടശ്രമം? നിഷേധിച്ചിട്ടു കാര്യമില്ല. പക്വതയില്ലാത്ത നേതാവെന്നു തന്നെ വിമര്‍ശിച്ച പാര്‍ട്ടികളേയും നേതാക്കളേയും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. മമത ബാനര്‍ജി പറഞ്ഞതാണു ശരി. രാഹുല്‍ വെറും കുട്ടിയാണ്. എന്തു പറയാന്‍ ! ലക്ഷ്യബോധമില്ലാത്ത പാര്‍ട്ടിക്കു ചിന്താശേഷിയില്ലാത്ത നേതാവ്.
ഇതിനിടയിലും രാഹുല്‍ പറയുന്നുണ്ട്, മോദിയില്‍നിന്നും ബിജെപിയില്‍നിന്നും ഇന്ത്യയെ രക്ഷിക്കുകയാണു തന്റെ ലക്ഷ്യമെന്ന്. സ്വന്തം മണ്ഡലത്തെ കാത്തുസൂക്ഷിക്കാന്‍ പറ്റാത്ത നേതാവ് രാജ്യത്തെ എങ്ങനെ രക്ഷിക്കും? വോട്ടുചെയ്യേണ്ട ജനങ്ങള്‍ ആ ചോദ്യം ന്യായമായും ഉന്നയിക്കും. സത്യത്തില്‍ വികസനമാണ് ഇന്നു രാഹുലിന്റെ ഏറ്റവും വലിയ ശത്രുവും വെല്ലുവിളിയും. പത്തുകൊല്ലം യുപിഎ ഭരിച്ചപ്പോള്‍ ചെയ്യാന്‍ കഴിയാത്ത വികസന പ്രവര്‍ത്തനങ്ങളാണ് രാഹുലിന്റെ മണ്ഡലമായ അമേത്തിയില്‍ അഞ്ചുവര്‍ഷംകൊണ്ട് എന്‍ഡിഎ ചെയ്തുകഴിഞ്ഞത്.
വികസനമെന്തെന്ന് അവിടുത്തെ ജനം കാണാന്‍ തുടങ്ങിയതു മോദിജിയുടെ വരവോടുകൂടിയാണ്. താനറിയാതെ തന്റെ മണ്ഡലത്തില്‍ വികസനം പാടില്ലെന്നു രാഹുലിനു പറയാനാവില്ലല്ലോ. ആ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ച് അവിടുത്തെ ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കു മറുപടിയില്ലാത്തതുകൊണ്ടാണ്, അവിടെനിന്നു രക്ഷപ്പെടാന്‍ രാഹുല്‍ ശ്രമിച്ചതെന്നു വ്യക്തം.
പക്ഷേ, എവിടെ പോകും? ഡല്‍ഹിയില്‍ ആംആദ്മി ഉടക്കി നില്ക്കുന്നു. യുപിയില്‍ മായാവതി-അഖിലേഷ് സഖ്യത്തിനു വേണ്ട. വടക്കു കിഴക്കന്‍ മേഖലയിലേയ്ക്ക് അടുക്കാന്‍ വയ്യ. ബിജെപിയുമായി നേരിട്ടു പോരാടേണ്ട സ്ഥലത്തൊന്നും കാര്യങ്ങള്‍ സുരക്ഷിതമല്ല. ചിലയിടത്തെങ്കിലും തന്നെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാണിക്കുന്ന ഇടതുപക്ഷം അഭയം നല്കുമെന്നു കരുതി വയനാട്ടിലേയ്ക്കു വരാമെന്നു വച്ചപ്പോള്‍ അവര്‍ക്കും മുറുമുറുപ്പ്. എന്തു ചെയ്യും കോണ്‍ഗ്രസ്സും രാഹുലും?
പ്രതികരിക്കാൻ ഇവിടെ എഴുതുക: