തിരുവനന്തപുരം: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സോളാര്‍ കേസിലെ വിവാദ നായിക പറയുമ്പോള്‍ ആറ്റിങ്ങലില്‍ മത്സരിക്കുന്ന അടൂര്‍പ്രകാശും അങ്കലാപ്പില്‍. സോളാര്‍ വിവാദത്തില്പെട്ടവര് മത്സരിച്ചാല്‍ അവര്‍ക്കെതിരെ മത്സരിക്കുമെന്ന് യുവതി നേരത്തേ പറഞ്ഞിരുന്നു.
എറണാകുളത്ത് യുവതി മത്സരിക്കുമ്പോള്‍ ചര്‍ച്ചയാകുന്ന വിഷയം ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെയും ബാധിക്കും എന്നതാണ് കൗതുകം. യുവതിയുടെ ആരോപണവും ഹൈബി ഈഡന്റെ മറുപടിയും കേരളമൊട്ടാകെ ചര്‍ച്ചയാകുമെന്നതിനാല്‍ അടൂര്‍പ്രകാശിനും പ്രതികരിക്കേണ്ടി വരും.
എംഎല്‍എമാരായ ഹൈബി ഈഡന്, അടൂര്‍പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ലൈംഗികപീഡനത്തിന് യുവതിയുടെ പരാതിയിന്‍ മേല്‍ ക്രൈംബ്രാഞ്ച് കേസെടുത്തതോടെ സ്ഥാനാര്‍ഥികള്‍ പരുങ്ങലിലായി. എ.പി. അനില്‍കുമാര്‍ എംഎല്‍എ മത്സരത്തിനില്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പരാതി. സോളാര്‍ കമ്മീഷനും ഈ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.
യുവതിയുടെ ചോദ്യങ്ങള്‍ക്ക് ജനങ്ങളെ അഭിമുഖീകരിക്കുന്ന അടൂര്‍പ്രകാശിന് മറുപടിയില്‍ നിന്നും അത്രപെട്ടെന്ന് ഒഴിഞ്ഞുമാറാനാകില്ല. മണ്ഡലത്തിന്റെ കാര്യങ്ങള്‍ പറയാന്‍ വേണ്ടി ഏതാനും ഫോണ്‍ കോളുകളല്ലാതെ യുവതിയെ വിളിച്ചിട്ടില്ല എന്നാണ് സോളാര്‍ കമ്മിഷനില്‍ അടൂര്‍ പ്രകാശ് മൊഴി നല്‍കിയത്. എന്നാല്‍ 26 തവണ അടൂര്‍ പ്രകാശും യുവതിയും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയെന്ന് കമ്മിഷന് കോള്‍ലിസ്റ്റ് കാണിച്ച് ബോധിപ്പിച്ചു. കൂടാതെ അടൂര്‍ പ്രകാശിന്റേതെന്ന് പറയപ്പെടുന്ന മറ്റൊരു നമ്പരില്‍ നിന്നും 70 വിളികള്‍ പോയിട്ടുള്ളതായ രേഖകളും കമ്മീഷന് കാണിച്ചു.
അടൂര്‍പ്രകാശ് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി നിലനില്‍ക്കുകയാണ്. പീഡന കേസില്‍ ആരോപിതനായ സ്ഥാനാര്‍ഥി എന്ന നിലയിലാകും ഇനി ആറ്റിങ്ങല്‍ ജനത അടൂര്‍പ്രകാശിനെ നോക്കിക്കാണുക. എറണാകുളത്ത് മത്സരിക്കുന്ന യുവതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അടൂര്‍പ്രകാശിനെയും പിന്തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: