മട്ടാഞ്ചേരി: കൊച്ചിയുടെ തീരദേശത്ത് രാഷ്‌ട്രീയ മാറ്റത്തിന്റെ കാറ്റടിക്കുന്നു. ഇടത് – വലത് മുന്നണികള്‍ തെരഞ്ഞെടുപ്പ് സമയത്തും ഭരണകാലത്തും വാഗ്ദാനങ്ങള്‍ മാത്രം നല്‍കിയ തീരദേശ മേഖലയില്‍, മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും അനുകൂല്യങ്ങളും തീരുമാനങ്ങളും വന്‍ രാഷ്‌ട്രീയ മാറ്റമാണുണ്ടാക്കുന്നത്.
ഫിഷറീസ് വകുപ്പ് പ്രഖ്യാപനം, മത്സ്യ തൊഴിലാളി ഭവന നിര്‍മാണത്തിന് തീരദേശ നിയമത്തിലെ ഇളവുകള്‍, വിവിധതരം ബാങ്ക് വായ്‌പാ പദ്ധതികള്‍, സബ് സിഡികള്‍, തീരദേശ പരിപാലനവും, കടല്‍ ക്ഷോഭ പ്രതിരോധ സംവിധാനങ്ങളും, കാലാവസ്ഥാ മാറ്റങ്ങളുടെ മുന്നറിയിപ്പുകള്‍ തുടങ്ങി മത്സ്യതൊഴിലാളിമേഖലയില്‍ ഒട്ടേറെ പദ്ധതികളാണ് മോദി സര്‍ക്കാര്‍ തീരദേശ ജനങ്ങള്‍ക്കായി നല്‍കിയത്.
ടൂറിസം വികസനത്തില്‍ കോടികളാണ് തീരദേശ മേഖലയിലെ കേന്ദ്ര സര്‍ക്കാറിന്റെ സംഭാവനകള്‍. കൊച്ചി, പള്ളിപ്പുറം, ചെറായി, മുനമ്പം കടപ്പുറങ്ങളെ കോര്‍ത്തിണക്കിയുള്ള ബീച്ച് ടൂറിസം, കൊച്ചി തുറമുഖത്തെ 250 കോടി രൂപ ചെലവഴിച്ചുള്ള അന്താരാഷ്‌ട്ര ക്രൂയിസ് ടെര്‍മിനല്‍ നിര്‍മാണം, കായല്‍ത്തീര സൗന്ദര്യവത്കരണം തുടങ്ങി തീരദേശ മത്സ്യബന്ധന മേഖലകളുടെ വികസനത്തില്‍ വന്‍ കുതിപ്പേകിയത് തീരദേശ രാഷ്‌ട്രീയത്തില്‍ മാറ്റത്തിന്റെ സന്ദേശമായിട്ടുണ്ട്.
ആറ് തവണ തുടര്‍ വിജയം സമ്മാനിച്ചെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിയും സര്‍ക്കാരും തീരദേശത്തിനെ അവഗണിച്ചിട്ടേ ഉള്ളു. സമുദ്ര ഗവേഷണത്തിലൂടെയും വിവിധ മത്സ്യബന്ധന സഹായത്തിലൂടെയും മോദി സര്‍ക്കാര്‍ കടലോര ജനതയെ സഹായിച്ചു. ട്രോളിങ് കാലപരിധി നീട്ടിയത് ചെറുകിട മീന്‍ പിടുത്തക്കാര്‍ക്ക് വന്‍ നേട്ടമായി. അവഗണിച്ചവരെ അകറ്റി നിര്‍ത്തുകയും പരിഗണിച്ചവര്‍ക്ക് പകരം സഹായം നല്‍കുകയും ചെയ്യുന്ന കടലോരത്തിന്റെ നീതി ഈ തെരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇന്ന് കടലോര മേഖലയിലായിരുന്നു ഐക്യമുന്നണി സ്ഥാനാര്‍തഥി ഹൈബി ഈഡന്റെ പര്യടനം. മേഖലയില്‍ സ്വാധീനമുള്ള, കോണ്‍ഗ്രസ് സീറ്റു നിഷേധിച്ചതില്‍ പിണങ്ങി നില്‍ക്കുന്ന കെ.വി. തോമസ് ഇല്ലാതെയായിരുന്നു ഹൈബിയുടെ സന്ദര്‍ശനം. തോമസ് ഇന്ന് ദല്‍ഹിയില്‍നിന്ന് കേരളത്തിലെത്തുന്നതേയുള്ളു. വിമാനത്താവളത്തില്‍ സ്വീകരണം നല്‍കാന്‍ തോമസ് പക്ഷം ആസൂത്രണം നടത്തിയിട്ടുണ്ട്.
എന്‍ഡിഎ സ്ഥാനാര്‍ഥി, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് മട്ടാഞ്ചേരി സന്ദര്‍ശിക്കുന്നുണ്ട്. ടൂറിസം വകുപ്പ് മന്ത്രികൂടിയായ കണ്ണന്താനം മട്ടാഞ്ചേരിയില്‍ വോട്ടര്‍മാരെ കാണും. ആദ്യകാല പ്രവര്‍ത്തകരുമായി സംവദിക്കും.
















