കാക്കനാട്: നാമനിര്‍ദേശ പ്രതിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, തൃക്കാക്കരയിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളോട് ചോദിക്കുന്നത് പ്രളയത്തെപ്പറ്റി. പ്രളയം വന്നപ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്തു, പ്രളയാനന്തര സഹായം എവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇടതുപക്ഷ സ്ഥാനാര്‍തഥി പി. രാജീവനും പ്രവര്‍ത്തകരും വിയര്‍ക്കുകയാണ്. പ്രഖ്യാപിത സഹായങ്ങള്‍ നേടിക്കൊടുക്കാന്‍ പ്രതിപക്ഷം എന്തുചെയ്തു, ചെയ്യുന്നുവെന്ന ചോദ്യമാണ് യുഡിഎഫ് നേതാക്കള്‍ നേരിടുന്നത്. കേന്ദ്ര സഹായത്തിന്റെ കണക്കുകള്‍ പറഞ്ഞ് എന്‍ഡിഎ പ്രവര്‍ത്തകര്‍ മുന്നേറുമ്പോള്‍ ഇടത്- ഐക്യ മുന്നണികള്‍ ആശയക്കുഴപ്പത്തിലാകുകയാണ്.
അഭ്യര്‍ഥനയുമായി വീടുകളിലെത്തുമ്പോള്‍ വോട്ടര്‍മാരില്‍ നിന്നുള്ള ചോദ്യങ്ങളില്‍ ഈ പ്രദേശത്ത് മുഖ്യം പ്രളയമാണ്. പ്രളയം സര്‍ക്കാര്‍ പിടിപ്പുകേടുകൊണ്ടുണ്ടായതാണെന്ന് വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടുന്നു. മറുപടി നല്‍കാന്‍ കഴിയാതെ കുഴങ്ങുന്ന അവസ്ഥയിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. മഹാ പ്രളയത്തിന്റെ വിഷമതകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവം ഇടതു സഹയാത്രികര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആറായിരത്തോളം പേര്‍ പ്രളയ ദുരിതാശ്വാസ തുക അനര്‍ഹമായി കൈപ്പറ്റിയത് അര്‍ഹതയുള്ളവരെ വെട്ടിമാറ്റിയാണെന്നതും സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണ്. ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട് നാട്ടുകാര്‍.
ശബരിമല വിഷയത്തില്‍ സമവായത്തിന് ശ്രമിക്കാതെ കോടതി വിധി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ വാശി അയ്യപ്പ വിശ്വാസികളെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലായിരുന്നില്ലേയെന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി നല്‍കുവാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.
















