തൃശൂര്‍: അഷിതയുടെ വിടവാങ്ങലോടെ അനാഥമാവുന്നത് ആത്മാന്വേഷണങ്ങളുടെ കാതലുള്ള സ്ത്രീപക്ഷ കഥനശൈലി. മലയാളത്തില്‍ പെണ്മയുടെ സ്വത്വപ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്ന ഒട്ടേറെ എഴുത്തുകാരുണ്ടെങ്കിലും തീവ്രമായ ആത്മാന്വേഷണത്വരയോടെ സാഹിത്യരചനയെ ആത്മീയസാധനയാക്കി മാറ്റിയ മറ്റൊരെഴുത്തുകാരിയില്ല.
അഷിതക്ക് മുന്‍പ് മാധവിക്കുട്ടിയാണ് അത്രമേല്‍ തീക്ഷ്ണമായി പെണ്‍ഭാവുകത്വത്തെ മലയാള സാഹിത്യത്തില്‍ പ്രതിഷ്ഠിച്ചത്. മിസ്റ്റിസിസത്തോളമെത്തുന്ന വിഭ്രമാത്മകമായ ഭാഷാശൈലികൊണ്ട് വായനക്കാരെ ആകര്‍ഷിക്കുകയായിരുന്നു മാധവിക്കുട്ടിയും പിന്നീട് അഷിതയും. ശരീരകേന്ദ്രിത പ്രണയം മുതല്‍ ആത്മാന്വേഷണം വരെ മാധവിക്കുട്ടി പ്രമേയമാക്കിയപ്പോള്‍ അഷിത വാക്കുകളിലും രചനകളിലും ഒരു സാധകയെപ്പോലെ മിതത്വം പാലിച്ചു. പക്ഷേ അസാമാന്യമായ ആഴവും മുഴക്കവുമുള്ള രചനകളായിരുന്നു അഷിതയുടേയത്.
ബാല്യ-കൗമാര കാലഘട്ടങ്ങളില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെ ഭീതിദമായ ഓര്‍മകള്‍ വേട്ടയാടിയിരുന്നു ആ ഭാവനയെ. രചനകളുടെ കരുത്തും കാതലും നിര്‍ണയിച്ചത് ആ വേദനകളാണ്. സൗന്ദര്യാത്മകമായ ഭാഷാപ്രയോഗങ്ങള്‍ക്കിടയില്‍ സങ്കടങ്ങളുടെയും ആത്മവിലാപങ്ങളുടെയും പെരുങ്കടല്‍ അലറിയാര്‍ക്കുന്നത് അഷിതയുടെ രചനകളില്‍ കാണാം. ഒരിക്കലും പുറത്തുവരാത്ത ഒരു നിലവിളിയായിരുന്നു ഞാന്‍ -എന്നാണ് അഷിത സ്വയം വിലയിരുത്തുന്നത്.
ആത്മീയതയുടെ സാന്ത്വനമാണ് ഈ കറുത്തകാലത്തെ മറികടക്കാന്‍ അവരെ പ്രാപ്തയാക്കിയത്. ഗുരു നിത്യചൈതന്യ യതിയുമായുള്ള സമ്പര്‍ക്കം കരുത്തേകി. കഥകളിലും ആദ്യകാലത്തെഴുതിയ കവിതകളിലും ഈ ആത്മീയത തെളിഞ്ഞുനില്ക്കുന്നു. കരുത്തുറ്റവരും ജീവിതത്തെ പ്രതീക്ഷയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും നോക്കിക്കണ്ടവരുമായിരുന്നു അഷിതയുടെ സ്ത്രീകഥാപാത്രങ്ങള്‍. അതേസമയം ആത്മപീഡയോളമെത്തുന്ന സഹനത്തിന്റെ പ്രതിരൂപങ്ങളുമാണ് പലരും. പ്രത്യക്ഷത്തില്‍ വൈരുദ്ധ്യമെന്ന് തോന്നാമെങ്കിലും സ്ത്രീയുടെ ഉള്‍ക്കരുത്തിനെയാണ് അഷിതയുടെ കഥാപാത്രങ്ങള്‍ പ്രതീകവല്‍ക്കരിക്കുന്നത് എന്ന് നിസ്സംശയം പറയാം. പ്രണയെത്തെപ്പോലും ആത്മീയ സാധനയായി കാണുന്നവരാണ് അഷിതയുടെ പലകഥാപാത്രങ്ങളും. ഭാരതീയ സാഹിത്യത്തിലും ദര്‍ശനത്തിലുമുള്ള താല്പര്യമാണ് അഷിതയുടെ രചനകളെ സവിശേഷവത്കരിക്കുന്നത്. അശ്ലീലത്തോളമെത്തുന്ന രതിവര്‍ണനകള്‍ കൊണ്ട് പ്രണയവര്‍ണനകളെ നിറംപിടിപ്പിക്കാന്‍ മഹാസാഹിത്യകാരന്മാര് വരെ മത്സരിച്ചിരുന്ന കാലത്താണ് അഷിതയുടെ ആത്മീയപ്രണയ ഭാവനകള്‍ കഥാസാഹിത്യത്തെ സമ്പന്നമാക്കിയത്.
വിവര്‍ത്തനസാഹിത്യത്തിനും വിലയേറിയ സംഭാവനകളാണ് അഷിത നല്‍കിയത്. ജലാലുദ്ദീന്‍ റൂമിയുടെ മിസ്റ്റിക് കവിതകളെ മലയാളിക്ക് പരിചയപ്പെടുത്തിയത് അഷിതയാണ്. ലോകപ്രശസ്ത കൃതികള്‍ പലതും മലയാളി വായനക്കാര്‍ക്കായി അഷിത ഭാഷാന്തരപ്പെടുത്തി. അനന്യമായ ഭാഷാശൈലികൊണ്ട് മൗലികരചനകളെപ്പോലെ തന്നെ കരുത്തും ആത്മാംശവും ഉള്‍ക്കൊള്ളുന്നതായിരുന്നു ആ വിവര്‍ത്തനങ്ങള്‍.
ബാലസാഹിത്യ രംഗത്തും അഷിതയുടെ രചനകള്‍ വലിയ സംഭാവനകളാണ്. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ മാത്രമുള്ളതായിരുന്നില്ല അഷിതയുടെ ബാലസാഹിത്യം. മനസില്‍ കുട്ടിത്തത്തിന്റെ നന്മകളും കൗതുകവും പേറുന്ന മുതിര്‍ന്നവരും ആ രചനകളെ ആവേശത്തോടെ വായിച്ചു. മുത്തശ്ശിരാമായണവും മറ്റും ആവേശത്തോടെയാണ് വായനക്കാര്‍ സ്വീകരിച്ചത്. ഭസ്മക്കുറികള്‍ എന്ന കഥയില്‍ അഷിത പറഞ്ഞുവയ്ക്കുന്നുണ്ട് അവസാനമായി എന്താണ് ഞാന്‍, ഒരുപിടി ഭസ്മം, ചാരം അതുമാത്രമാണ് ഞാന്‍ എന്ന്. ഇന്നലെ പ്രിയപ്പെട്ടവരെ സാക്ഷിനിര്‍ത്തി ഒരുപിടി ചാരമായി ആ കഥാകൃത്ത് മടങ്ങി. മലയാളി ഇനിയും വായിച്ചു തീരാത്ത ഒട്ടേറെ കഥകള്‍ ബാക്കിവെച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: