കോട്ടയം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 27 വര്‍ഷം തികയുമ്പോഴും ആ ആത്മാവിന് നീതി കിട്ടിയില്ല. നീതിക്കായി കാല് നൂറ്റാണ്ട് പിന്നിട്ട പോരാട്ടം രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
കോട്ടയം പയസ് ടെന്ത് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ 1992 മാര്‍ച്ച് 27ന് അഭയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയുടെ പല സംഘങ്ങളും അന്വേഷണം നടത്തിയിട്ടും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇന്നും അവശേഷിക്കുകയാണ്.
ആത്മഹത്യയാക്കുവാന്‍ തന്റെ മേലുദ്യോഗസ്ഥന് സമ്മര്‍ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി സിബിഐ ഉദ്യോഗസ്ഥനായ വര്‍ഗീസ് പി. തോമസ് രാജിവച്ചതിനെ തുടര്‍ന്നാണ് അഭയ കേസ് ദേശീയശ്രദ്ധ പിടിച്ചുപറ്റിയത്.
16 വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് സിബിഐ പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നീ മൂന്ന് പ്രതികളെ സിബിഐ 2008 നവംബര്‍ 18ന് അറസ്റ്റ് ചെയ്തു. 2009 ജൂലൈ 17ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് സിബിഐ കോടതിയില്‍ നല്കിയ ഹര്‍ജി ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് തീര്‍പ്പാക്കിയത്.
ഒന്നാം പ്രതി തോമസ് കോട്ടൂര്‍, മൂന്നാം പ്രതി സെഫി എന്നിവരുടെ ഹര്‍ജികള്‍ തള്ളിക്കൊണ്ട് വിചാരണ നേരിടുവാനും രണ്ടാം പ്രതി ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ജോമോന് പുത്തന്പുരയ്ക്കലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമുള്ള കുറ്റത്തിന് ക്രൈംബ്രാഞ്ച് എസ്പി ആയിരുന്ന കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ മൈക്കിള്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി വാദം പൂര്‍ത്തിയായ ശേഷം വിധി പറയാന്‍ മാറ്റി.
ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ സിബിഐ അപ്പീല്‍ നല്കുവാന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറിയും രേഖാമൂലം ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും സിബിഐ അപ്പീല്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തില്ല. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബര്‍ 10ന് പരാതി കൈമാറിക്കൊണ്ട് കത്ത് നല്‍കിയിരുന്നതായി ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: