ബെംഗളൂരു: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി എച്ച്.എന്‍. അനന്തകുമാര്‍ തുടര്‍ച്ചയായി വിജയിച്ചു വന്നിരുന്ന ബെംഗളൂരു സൗത്ത് മണ്ഡലം ഇക്കുറി ദേശീയതയ്ക്കൊപ്പം ചേര്‍ക്കാന്‍ ബിജെപിക്കായി ഇറങ്ങുന്നത് യുവപോരാളി.
ബിജെപി ദേശീയ സോഷ്യല്‍ മീഡിയ അംഗവും യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇരുപത്തെട്ടുകാരനായ തേജസ്വി സൂര്യ ആണ് ബെംഗളൂരു സൗത്തില്‍ തന്റെ കന്നി തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന യുവജനതയുടെ ശബ്ദമായി, കോളേജുകളിലും യുവജനസദസ്സുകളിലും തീപ്പൊരി പ്രസംഗം നടത്തി രാജ്യത്ത് ശ്രദ്ധനേടിയ യുവനേതാക്കളില്‍ ഒരാളാണ് തേജസ്വി.
നിരവധി ഇംഗ്ലീഷ് മാഗസിനുകളില്‍ കോളമിസ്റ്റാണ് കര്‍ണാടക ഹൈക്കോടതിയിലെ ഈ അഭിഭാഷകന്. തേജസ്വിയെ സ്ഥാനാര്‍ഥിയാക്കിയത് യുവജനങ്ങള്‍ക്കുള്ള ബിജെപിയുടെ അംഗീകാരമാണെന്ന് നിരവധി പേര് ട്വിറ്ററില്‍ കുറിച്ചു. ബിജെപി ഇതുവരെ പ്രഖ്യാപിച്ചതില്‍ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായ തേജസ്വി ഇന്നലെ പത്രിക സമര്‍പ്പിച്ചു.
ബെംഗളൂരു ശ്രീകുമാരന്‍ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു തേജസ്വിയുടെ സ്കൂള്‍ വിദ്യാഭ്യാസം. ബെംഗളൂരു ജയനഗര്‍ നാഷണല്‍ കോളേജ്, ബെംഗളൂരു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസ് എന്നവിടങ്ങളില്‍ തുടര്‍പഠനം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ ആര്‍എസ്എസ്സിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ചു. സ്കൂളുകളിലും കോളേജുകളിലും എബിവിപിയിലൂടെ വിദ്യാര്‍ഥി സംഘടനാ രംഗത്ത് സജീവമായി. ഏതാനും മാസം മുന്‍പ് ഒരു യുവജന സദസ്സില്‍ പങ്കെടുത്ത് രാഷ്ട്രത്തെ കുറിച്ചും നരേന്ദ്രമോദിയുടെ ഭരണത്തെ കുറിച്ചും നടത്തിയ പ്രസംഗം സാമൂഹ്യമാധ്യങ്ങളില്‍ തരംഗമായിരുന്നു.
ബിജെപിയില്‍ മാത്രം സംഭവിക്കുന്നത്
ബെംഗളൂരു സൗത്തിലേക്ക് അപ്രതീക്ഷിതമായാണ് തേജസ്വിയുടെ പേര് ബിജെപി പ്രഖ്യാപിച്ചത്. വിവരം അറഞ്ഞ തേജസ്വിക്ക് അത്ഭുതമായിരുന്നു. ദൈവത്തിന് നന്ദി പറഞ്ഞ തേജസ്വി ട്വിറ്ററില്‍ കുറിച്ചു ”തനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പ്രധാനമന്ത്രിയും ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റും ഒരു ഇരുപത്തിയെട്ടുകാരനില് വിശ്വാസം അര്‍പ്പിച്ച് ബെംഗളൂരു സൗത്ത് പോലെ പ്രധാനപ്പെട്ട മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നു. ഇത് ബിജെപിയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്”.
ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ എന്‍.എച്ച്. അനന്തകുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാറിന്റെ പേരും പരിഗണനയില്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന് ദേശീയ തെരഞ്ഞെടുപ്പു സമിതി തേജസ്വി സൂര്യയുടെ പേര് അംഗീകരിക്കുകയായിരുന്നു.
അനന്ത് കുമാറിന്റെ അനുഗ്രഹം
പാര്‍ട്ടി തീരുമാനം അറിഞ്ഞ തേജസ്വി സൂര്യ ഇന്നലെ രാവിലെ ക്ഷേത്ര ദര്‍ശനത്തിന് ശേഷം ആദ്യമെത്തിയത് അനന്തകുമാറിന്റെ വീട്ടിലാണ്. തേജസ്വിനി അനന്തകുമാറുമായി കൂടിക്കാഴ്ച നടത്തി അനുഗ്രഹം വാങ്ങിയാണ് മടങ്ങിയത്.
അനന്തകുമാറാണ് പൊതുജീവിതത്തിലെ തന്റെ ആദ്യ ഗുരുവെന്ന് തേജസ്വി പറഞ്ഞു. ഹൈസ്ക്കൂള് വിദ്യാഭ്യാസ കാലത്താണ് അദ്ദേഹത്തെ ആദ്യം കാണുന്നത്. പിന്നീട് നിരവധി തവണ കാണുകയും അദ്ദേഹത്തെ മനസ്സിലാക്കുകയും ചെയ്തു. കര്‍ണാടകത്തിലെ ഏറ്റവും മഹാനായ നേതാവാണ് അനന്തകുമാറെന്നും അദ്ദേഹത്തോട് ജീവിതകാലം മുഴുവന്‍ നന്ദിയുണ്ടാകുമെന്നും തേജസ്വി പറഞ്ഞു.
കോണ്‍ഗ്രസ് രാജ്യസഭാംഗം ബി.കെ. ഹരിപ്രസാദാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥി. അനന്ത്കുമാര്‍ 1996 മുതല്‍ തുടര്‍ച്ചയായി വിജയിച്ചുവന്നിരുന്ന മണ്ഡലമാണ് ബെംഗളൂരു സൗത്ത്. ആറുതവണയാണ് അദ്ദേഹം ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്. 2014-ല്‍ കോണ്‍ഗ്രസിലെ നന്ദന് നിലേകനിയെ 2,28,575 വോട്ടുകള്‍ക്കാണ് അനന്തകുമാര്‍ പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: