കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാട് സ്വീകരിക്കാതെ ജനപക്ഷം സമ്മര്‍ദ്ദ തന്ത്രത്തിന്. മുന്നണി ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി പി.സി. ജോര്‍ജ് എംഎല്‍എയെ ചുമതലപ്പെടുത്തി. ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പറഞ്ഞ ജോര്‍ജ് പിന്നീട് മത്സരിക്കുമെന്ന് പറഞ്ഞിരുന്നു.
നാല് വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയ തീരുമാനങ്ങള്‍ കൈക്കൊള്ളും. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള റിവ്യൂ ഹര്‍ജിയില്‍ വിശ്വാസികള്‍ക്ക് അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ വിശ്വാസ സംരക്ഷണത്തിനായി നിയമ നിര്‍മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുക, ചര്‍ച്ച് ബില്ലില്‍ നിന്ന് വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടുക, വെട്ടിക്കുറച്ച ഹജ്ജ് ക്വാട്ടയും സബ്‌സിഡിയും പുനഃസ്ഥാപിക്കുക, റബ്ബറിന്റെ തറവില 200 രൂപയാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. യോഗത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ അധ്യക്ഷനായി.
















