ആക്രി പെറുക്കി ജീവിക്കുന്നവരുടെ കഥപറയുന്ന സിനിമയ്ക്ക് കാബൂളിവാല എന്ന് പേരിട്ടവരുടെ നര്‍മബോധം സമ്മതിക്കണം. രണ്‍ദീപ് സുര്‍ജേവാല വലിച്ചുകീറിയെടുത്ത് വായിച്ച കടലാസിന് ഒരു ദിവസത്തെ വാര്ത്താപ്രാധാന്യമാണുണ്ടായിരുന്നത്. അത് കഴിഞ്ഞപ്പോള്‍ സൂര്‍ജേവാലയും ഒരു കാബൂളിവാലയായി.
കര്‍ണാടകയില്‍ മുഖ്യമന്ത്രിയാകാന്‍ ബി.എസ്. യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികളും ലക്ഷങ്ങളും നല്‍കിയതിന്റെ പറ്റുപടി പുസ്തകത്തിന്റെ നടുപ്പേജാണിതെന്ന് രോമാഞ്ചം മേലാകെ വാരി വിതറി പ്രഖ്യാപിക്കുമ്പോള്‍ സൂര്‍ജേവാല കരുതിയത് പണ്ട് ലോക്സഭയില്‍ പപ്പുമോന് പൊട്ടിക്കുമെന്ന് പറഞ്ഞ ബോംബിനേക്കാള്‍ മുന്തിയ ഇനമെന്തോ ആയിട്ടാകും ഇത് പിറ്റേന്നത്തെ പുലരിയില്‍ പ്രത്യക്ഷപ്പെടുക എന്നതാണ്. പക്ഷേ കടലാസുമൂല്യം തിരിച്ചറിഞ്ഞ ദേശീയമാധ്യമങ്ങള്‍ സംഗതി കൊട്ടയില്തള്ളി. തള്ളിന് പേരുകേട്ട മലയാള മാധ്യമ’ത്തറ’വാടികള്‍ ഒന്നാം പേജില്‍ മുഴപ്പിച്ചു.
അയ്യായിരം കോടിയുടെ അഴിമതിക്കേസില്‍ ജാമ്യമെടുത്ത് വിലസുന്ന അമ്മയ്ക്കും മോനും കുടുംബക്കാര്‍ക്കും വേണ്ടി പണിയെടുത്ത് നടുവൊടിഞ്ഞെവിടുന്നോ സംഘടിപ്പിച്ചതാണ് കോടികളുടെ സൂര്ജേവാലാ കോമഡി. എവിടെ തെളിവെന്ന് ചോദിച്ചപ്പോള്‍ പോക്കറ്റില്‍ കാശില്ലാഞ്ഞ് പൊതിഞ്ഞ പുട്ടുകുറ്റി കടമുതലാളിയുടെ മേശപ്പുറത്തേക്ക് നീക്കിവെക്കുന്ന കന്നാസും കടലാസും കളിയാണ് സൂര്‍ജേവാലയും പയറ്റിയത്.
പാവം വാലയെ പപ്പുമോന് പാലം വലിച്ചതാണെന്നാണ് കേള്‍ക്കുന്നത്. ഗഡ്കരിയുടെ മോളെ കെട്ടിക്കാന്‍ യെദ്യൂരപ്പ കൊടുത്ത പത്ത് കോടിയുടെ കഥ കേട്ടപ്പോള്‍ത്തന്നെ പപ്പുമോന് ഏതാണ്ട് സംഗതി പിടികിട്ടി. പണ്ടത്തെ ബോംബ് കഥ ചീറ്റിയതുപോലെയുള്ള ഇടപാടാണ് ഇതെന്ന് അവശേഷിക്കുന്ന ബുദ്ധി വെച്ച് ഗണിച്ചുകൂട്ടി കണ്ടുപിടിച്ചുകളഞ്ഞു അദ്ദേഹം. അദ്വാനിയും ജോഷിയുമൊക്കെയടങ്ങുന്ന മുതിര്‍ന്ന ബിജെപിക്കാരെ മൊത്തത്തില്‍ കുരുക്കുന്ന ‘രേഖ’കളുമായി സൂര്‍ജേവാല, നേതാവിനെ കാത്തിരുന്നത് രണ്ടരമണിക്കൂറാണ്. പപ്പുമോന് മുങ്ങിയെന്ന് മനസ്സിലായപ്പോള്‍ അജയ്മാക്കനെ മനസ്സില്‍ ധ്യാനിച്ച് കടലാസെടുത്ത് വീശുകയായിരുന്നു.
പപ്പുമോന്റെ ബുദ്ധി പോലും കൈമുതലായില്ലാതെപോയ മനോരമയും മാതൃഭൂമിയും സംഗതി ആഘോഷിച്ചു. മോദിക്കും കൂടി കുറച്ച് കോടികള്‍ കൊടുക്കാഞ്ഞതെന്തേ യെദ്യൂരപ്പാ എന്ന് നിലവിളിച്ചു. ആദ്യത്തെ ആഘോഷത്തിന്റെ കെട്ടുവിട്ടപ്പോഴാണ് അറിയുന്നത് കര്‍ണാടകയില്‍ ആണ്ടോടാണ്ട് കോണ്‍ഗ്രസ് ജോക്കര്മാര് പുറത്തിറക്കുന്ന നോട്ടീസാണ് ഇതെന്ന്. പഞ്ചായത്ത് തെരഞ്ഞെടുപ്പായാലും നിയമസഭാ തെരഞ്ഞെടുപ്പായാലും ഇത് പുറത്തുവരും. വരുന്നത് പോലെ ചീറ്റും. കീറിയ കടലാസല്ലാതെ മറ്റൊന്നും കൈയില്‍ കാണില്ല.
ഞങ്ങ മാത്രമല്ല, നിങ്ങളും കള്ളന്മാരാ എന്ന് വരുത്താന്‍ അഞ്ചുകൊല്ലമായി മോദിയുടെ പിന്നാലെ നടന്ന് കള്ളനും പോലീസും കളിക്കുകയാണ് അമ്മയും മോനും. ഞെട്ടിക്കുന്ന പ്രഖ്യാപനങ്ങള്‍ ഇതാ വരുന്നു എന്ന് പറയും. മോദിവിരുദ്ധ മാധ്യമങ്ങള്‍ ഫ്ളാഷടിച്ച് ആഘോഷിക്കും. കാത്തിരുന്ന് കാത്തിരുന്ന് പപ്പുമോന് വരുന്നതോ ശങ്കരാടിയുടെ പഴയ കൈരേഖയുമായിട്ടാകും. അനുഭവം ഇത്രയായാലും പഠിച്ചില്ലെങ്കില്‍ പിന്നെ…. അല്ല, ദിവസം നാലഞ്ച് കഴിഞ്ഞില്ലേ, ആ കടലാസിന്റെ ബാക്കിയെന്തെങ്കിലും….?
പ്രതികരിക്കാൻ ഇവിടെ എഴുതുക: