ബീജിങ്: അരുണാചല്‍ പ്രദേശിനെയും, തായ്വാനെയും ചൈനയുടെ ഭാഗമാക്കി രേഖപ്പെടുത്താത്ത 30,000 ലോക ഭൂപടങ്ങള്‍ ചൈന നശിപ്പിച്ചു. ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശും തായ്വാനും തങ്ങളുടെ ഭാഗമാണെന്ന, നാളുകളായുള്ള ചൈനീസ് വാദത്തെ മുന്‍ നിര്‍ത്തിയാണ് ഈ നടപടി. ഇന്ത്യയിലെ രാഷ്രീയ നേതാക്കള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്നതിനെ ചൈന നിരന്തരം വിമര്‍ശിക്കുന്നുണ്ട്.
ഇന്ത്യയുടെ സമ്പൂര്‍ണാധികാരമുള്ള പ്രദേശമാണ് അരുണാചല്‍ പ്രദേശ് എന്നും അതിനെ ഒരിക്കലും അന്യധീനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നു ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതു പോലെ തന്നെയാണ് അരുണാചല്‍പ്രദേശിലേക്കും നേതാക്കന്മാര്‍ പോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
3,488 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന തര്‍ക്ക ഭൂമി(ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍)യെ കുറിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ 21 പ്രാവശ്യം ഇന്ത്യയും ചൈനയും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം പരാജയപ്പെടുകയാണുണ്ടായത്.
മാപ്പ് മാര്‍ക്കറ്റില്‍ ചൈന ചെയ്തതെല്ലാം തികച്ചും നിയമാനുസൃതവും ആവശ്യകതയുള്ളതുമാണെന്ന് ഇന്റര്‍നാഷണല്‍ ലോ ഓഫ് ചൈന ഫോറിന്‍ അഫയേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ലിയു വെന്‍സോംഗ് അവകാശപ്പെടുന്നു. പരമാധികാരവും പ്രാദേശികവുമായ നിലപാട് ഒരു രാജ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്നതാണ് ഇതിനു കാരണമായി ലിയു വെന്‍സോംഗ് ചൂണ്ടിക്കാട്ടുന്നത്. തായ്വാന്‍, സൗത്ത് ടിബറ്റ് എന്നിവ ചൈനയുടെ ഭാഗങ്ങളാണെന്നും അന്താരാഷ്‌ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സ്ഥലങ്ങള്‍ ചൈനയ്‌ക്ക് പരമപ്രധാനമാണെന്നും ലിയു കൂട്ടിച്ചേര്‍ത്തു.
















