പാക്കിസ്ഥാനില്‍ ഹോളി ആഘോഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത രണ്ടു ഹിന്ദു സഹോദരിമാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം മതംമാറ്റി വിവാഹം കഴിപ്പിച്ച വാര്‍ത്ത ഞെട്ടലുളവാക്കുന്നതാണ്. പതിമൂന്നുകാരി രവീണയും പതിനഞ്ചുകാരി റീനയുമാണു തട്ടിയെടുക്കപ്പെട്ടത്. ഇന്ത്യയുടെ സാംസ്കാരിക രംഗവും പ്രതിപക്ഷ രാഷ്ട്രീയകക്ഷികളും പ്രമുഖ മുഖ്യധാരാ മാധ്യമങ്ങളും തീരെ ഗൗനിക്കാത്ത സംഭവം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായിത്തന്നെ എടുത്തതു സ്വാഗതാര്‍ഹവും ആശ്വാസകരവും തന്നെ. പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയോട് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാനില്‍ രണ്ടാംതരം പൗരന്മാരായി കണക്കാക്കപ്പെടുന്ന ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കു കിട്ടുന്നതു പരിമിതമായ സ്വാതന്ത്ര്യം മാത്രമാണ്. അതിനെതിരെ പ്രതിഷേധിച്ചിട്ടു കാര്യവുമില്ല. ഇസ്ലാമിക രാജ്യമെന്ന പേരില്‍ സര്‍ക്കാര്‍ പോലും അവിടത്തെ ഭൂരിപക്ഷത്തിന്റെ വികാരത്തിനൊപ്പമേ നില്ക്കൂ. ആ പരിമിതികളില്‍ ഒതുങ്ങിക്കൂടുന്നവരെ തന്നിഷ്ടത്തിനു കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം കൂടി ഭൂരിപക്ഷ വിഭാഗങ്ങള്‍ ഉപയോഗിക്കുന്നതായാണ് ഇത്തരം സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. പരാതി കേള്‍ക്കാന്‍ സ്വന്തം രാജ്യത്തെ അധികാരികള്‍ പോലുമില്ലാത്ത അവസ്ഥയില്‍ അവര്‍ക്ക് ഏക പ്രതീക്ഷ ഇന്ത്യയാണ്. അതറിഞ്ഞാണ് ഇന്ത്യയുടെ ഇടപെടല്‍. സംഭവം നടന്ന സിന്ധ് പ്രവിശ്യയിലെ സര്‍ക്കാരില്‍ നിന്നു പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. പക്ഷെ, വിഷയം പാക്കിസ്ഥാന്റ ആഭ്യന്തര കാര്യമാണെന്നത്രെ അവരുടെ നിലപാട്.
ഹിന്ദു പെണ്‍കുട്ടികളെ തട്ടിയെടുത്തു മതംമാറ്റി വിവാഹം ചെയ്യുന്നതു പാക്കിസ്ഥാനില്‍ പതിവു സംഭവമാണ്. ഹിന്ദുവിന്റെ സഹന ശക്തിയും നിസ്സഹായതയും രാജ്യത്ത് തങ്ങള്‍ക്കുള്ള മേല്‍ക്കൈയും നിയമ പരിരക്ഷയും പാക്കിസ്ഥാനിലെ മുസ്ലിം ജനവിഭാഗത്തിനു തണലായി നില്ക്കുന്നു. പലപ്പോഴും കേസെടുക്കാനോ അന്വേഷിക്കാനോ പോലും പോലീസോ മറ്റ് അധികാരികളോ തയാറാകാറുമില്ല. നവമാധ്യമങ്ങളുടെ ശക്തമായ ഇടപെടലാണ് ഈ സംഭവം പുറത്തറിയാനിടയാക്കിയത്. ഹിന്ദുസമൂഹത്തിന്റെ പ്രതിഷേധം അതിന് ആക്കം കൂട്ടി. എപ്പോഴും പാക്കിസ്ഥാനിലേക്കു നോക്കി ഇന്ത്യയെ പഴിപറയുന്ന ഇന്ത്യയിലെ മാധ്യമങ്ങളും സാംസ്കാരിക നായകരും എന്നിട്ടും ഇതൊന്നും ശ്രദ്ധിച്ചില്ല. കാരണം ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ പേരായിരുന്നില്ല ആ പെണ്‍കുട്ടികള്‍ക്ക് എന്നതായിരിക്കാം.
മത സ്വാതന്ത്ര്യത്തിന്റെയും വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയുമൊക്കെ പേരില്‍ പുരപ്പുറത്തു കയറി പ്രസംഗിക്കുകയും സര്‍ഗസൃഷ്ടി നടത്തുകയും ചെയ്യുന്ന സാംസ്കാരിക നായകരെന്നു വിശേഷിപ്പിക്കപ്പെടുന്നവരുടെ നാടാണ് ഇന്ത്യ; പ്രത്യേകിച്ചു കേരളം. പക്ഷേ, ദുരനുഭവങ്ങളേയും വേദനകളേയും പീഡനങ്ങളേയും പോലും മതവും ജാതിയും രാഷ്ട്രീയവും നിറവുമൊക്കെ നോക്കി തരംതിരിച്ചു കാണുന്നതാണല്ലോ അവരുടെ ശൈലി. അതുകൊണ്ടു തന്നെ അവരെ സംബന്ധിച്ചിടത്തോളം ഹിന്ദുവിനെതിരായ പീഡനം പീഡനമല്ല. അതൊക്കെ ചിലരുടെ അവകാശമാണെന്ന പോലെയാണവരുടെ നിലപാട്. ഇന്ത്യയില്‍ ന്യൂനപക്ഷമെന്നു മുദ്രകുത്തപ്പെട്ടവര്ക്കെതിരായതു മാത്രമേ പീഡനത്തിന്റെ കണക്കില്‍ വരൂ. ഇവിടെ ന്യൂനപക്ഷമായതിന്റെ പേരില്‍ പ്രത്യേക പരിഗണനയ്ക്കു വേണ്ടി അവകാശവാദമുന്നയിക്കുന്ന വിഭാഗങ്ങള്‍ പാക്കിസ്ഥാനില്‍ അവിടത്തെ ന്യൂനപക്ഷങ്ങളോടു കാണിക്കുന്ന ക്രൂരതയുടെ വ്യക്തമായ ഉദാഹരണമാണീ സംഭവം.
പാക്കിസ്ഥാന്‍കാരിയായ ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ഇന്ത്യയില്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ട സഹായമൊരുക്കുകയും ഇന്ത്യയില്‍ വച്ചു യാത്രാ രേഖകള്‍ നഷ്ടപ്പെട്ട ഒരു പാക്കിസ്ഥാന്‍കാരനു തിരിച്ചു പോകാന്‍ വേണ്ട സഹായം നല്‍കുകയും ചെയ്തത് ഇതേ സുഷമസ്വരാജ് തന്നെയായിരുന്നു. മാനുഷിക പ്രശ്നങ്ങളെ ജാതിമത ചിന്തകള്‍ക്കപ്പുറം കാണാന്‍ മനസ്സു കാണിക്കുകയും അതേസമയം, ഇന്ത്യയില്‍ ആശ്രയം കണ്ടെത്തുന്ന ഇന്ത്യന്‍ വംശജരുടെ വേദനകളില്‍ അനുഭാവപൂര്‍വം ഇടപെടുകയും ചെയ്യുന്ന ഇത്തരമൊരു സര്‍ക്കാര്‍ നമുക്കുണ്ടെന്നത് അഭിമാനകരവും ആശ്വാസകരവും തന്നെയാണ്. സങ്കുചിത ചിന്തകള്ക്കപ്പുറമുള്ളൊരു മാനത്തില്‍ നിന്നുകൊണ്ട് മാനുഷിക പ്രശ്നങ്ങളെ കാണാനുള്ള മാനസിക തലത്തിലേക്ക് ഇന്ത്യയിലെ പ്രതിപക്ഷങ്ങളും മാധ്യമങ്ങളും ബുദ്ധിജീവികളും ഇനിയും എത്തേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: