ബെംഗളൂരു: ക്ലാര വരുമ്പോഴൊക്കെ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രിയസംവിധായകന് പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയടക്കം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ സുമലത വിജയമുറപ്പിച്ച് മാണ്ഡ്യയില്‍ പ്രചരണം ഊര്‍ജിതമാക്കി. സ്വതന്ത്രയായി രംഗത്തിറങ്ങിയ സുമലതയ്ക്ക് ബിജെപി കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ ബിജെപി പിന്തുണയില്‍ പിടിക്കാനാണ് സുമലത പോരാട്ടത്തിനിറങ്ങിയത്. കന്നഡയിലെ സൂപ്പര്‍ താരവും കോണ്‍ഗ്രസ് മുന്‍ മന്ത്രിയുമായിരുന്ന അന്തരിച്ച അംബരീഷിന്റെ ഭാര്യയാണ് സുമലത. ബിജെപിയോടൊപ്പം പ്രധാന കര്‍ഷക സംഘടനയായ റെയ്ത സംഘും സിനിമാ രംഗത്തെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയാണ് ഇവിടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സുമലതയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അംബരീഷിന്റെ ആരാധകര്‍, കന്നഡയിലെ സൂപ്പര്‍ താരങ്ങളായ യഷ്, ദര്ശന്, ദളിത്-ആദിവാസി-ന്യൂനപക്ഷ നേതാക്കള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ സുമലതയ്ക്കൊപ്പം എത്തി.
കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അനായാസം വിജയിക്കാമെന്ന് കരുതി മത്സരത്തിനെത്തിയ നിഖില്‍ കുമാരസ്വാമി കടുത്ത മത്സരമാണ് നേരിടുന്നത്. ഇതോടെ സുമതലയെ ആക്ഷേപിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമാണ് ജെഡിഎസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സുമലതയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ദൃശ്യങ്ങള്‍ ജനങ്ങളിലെത്താതിരിക്കാന്‍ അന്നേദിവസം മണ്ഡലത്തിലെ കേബിള്‍ കണക്ഷനുകള്‍ വ്യാപകമായി മുറിച്ചുമാറ്റി.
സുമലതയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുക, സൈബര്‍സെല്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സുമലതയുടെയും അടുപ്പമുള്ളവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിക്കുക തുടങ്ങിയ നീക്കങ്ങളാണ് ജെഡിഎസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. സുമലതയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുത്ത നടന് ദര്‍ശന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ജെഡിഎസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ജെഡിഎസ്സും കുമാരസ്വാമിയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ അപലപിച്ചു.
മാണ്ഡ്യയിലെ കോണ്‍ഗ്രസിന്റെ പ്രധാനനേതാവായിരുന്നു സുമലതയുടെ ഭര്‍ത്താവ് അന്തരിച്ച അംബരീഷ്. സിനിമാതാരവും എംപിയും എംഎല്‍എയുമായിരുന്ന അംബരീഷിന് മണ്ഡലത്തിലെ ജനങ്ങളുടെ വലിയ പിന്തുണയുണ്ടായിരുന്നു.1998ലും, 1999ലും, 2004 ലും അംബരീഷ് ഇവിടെ നിന്ന് ലോക്സഭയിലേക്ക് വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടുള്ള അഭിപ്രായ വ്യത്യാസത്തില്‍ അംബരീഷ് സ്ഥാനാര്‍ഥിത്വം നിരസിക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. ഇതോടെ മണ്ഡലത്തിലെ എട്ടുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോല്‍ക്കുകയും ജെഡിഎസ് വിജയിക്കുകയും ചെയ്തു. തനിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപിക്ക് നന്ദി പറഞ്ഞ സുമലത ഉടന്‍തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പയെകണ്ട് ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: