തിരുവനന്തപുരം: പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ലൈംഗിക പീഡനക്കേസുകളില്‍ വീര്‍പ്പുമുട്ടി സിപിഎം. പീഡനം നടക്കുന്നത് പാര്‍ട്ടി ഓഫീസിലായതിനാല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വട്ടം കറങ്ങുകയാണ് നേതാക്കള്‍.
ഒരു കേസ് ഒത്തുതീര്‍ത്ത് തലയൂരുമ്പോഴാണ് മറ്റൊന്ന് ഉയര്‍ന്നുവരുന്നത്. എല്ലാ മാസവും സിപിഎം പ്രവര്‍ത്തകരുടെ പീഡനങ്ങള്‍ ഒത്തുതീര്‍പ്പാക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി നേതൃത്വം. എംഎല്‍എ മുതല്‍ യുവജന സംഘടനാ നേതാക്കള്‍ വരെ ആരോപണ വിധേയരും പ്രതികളുമാണ്.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ യുവജന സംഘടനാ നേതാവ് യുവതിയെ പീഡിപ്പിച്ചതിനു പിന്നാലെ അടുത്ത പീഡന പരാതിയെത്തി. ആലപ്പുഴയില്‍ വനിതാ നേതാവിനെ മറ്റൊരു നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ഭര്‍ത്താവിന്റെ പരാതി. പി.കെ. ശശി എംഎല്‍എ വനിതാ നേതാവിനെ പീഡിപ്പിച്ചെന്ന പരാതി ഒതുക്കി തീര്‍ത്തതിനു പിന്നാലെയാണ് വീണ്ടും പീഡന പരാതികള്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വരുന്നത്.
കണ്ണൂര്‍ മുഴക്കുന്നിലാകട്ടെ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ പി.എം. രാജീവ്. വയോധികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റിലായത്.
വടക്കാഞ്ചേരിയില്‍ സിപിഎം നേതാവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍. ജയന്തന്റെ നേതൃത്വത്തിലായിരുന്നു കൂട്ട ബലാത്സംഗം. പോലീസ് നടപടി ശക്തമാക്കിയപ്പോള്‍ ജയന്തനെതിരെ പാര്‍ട്ടി നടപടിയെടുത്തു. ഇരിങ്ങാലക്കുടയിലെ ഡിവൈഎഫ്ഐ നേതാവ് ജീവന് ലാലാകട്ടെ എംഎല്‍എ ഹോസ്റ്റലില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി പോലീസ് അന്വേഷണത്തിലാണ്.
കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കൂട്ടബലാത്സംഗ കേസില്‍ ഡിവൈഎഫ്ഐ തളിയില്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ അടക്കം പാര്‍ട്ടി പ്രവര്‍ത്തകരായ 12 പേരാണ് പോലീസ് പിടിയിലായത്. പീഡിപ്പിക്കുക മാത്രമല്ല ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് പങ്കുവച്ചു.
മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായത് ഇടത് അധ്യാപക സംഘടനാ നേതാവു കൂടിയായ ജലാലുദ്ദീന്‍. തിരുവല്ലയിലാകട്ടെ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പിടിയിലായത് തിരുവല്ല സിപിഎം ടൗണ്‍ നോര്‍ത്ത് സെക്രട്ടറി സജിമോന്‍.
കണ്ണൂര്‍ കോര്‍പ്പേറേഷനിലെ സിപിഎം കൗണ്‍സിലര്‍മാരുടെ പീഡന പരമ്പര അങ്ങാടിപ്പാട്ടായപ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാട് വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മണ്ണാര്‍ക്കാട്ടെ പ്രാദേശിക നേതാവ് വിജേഷിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം മംഗലാപുരത്ത് പാസ്പോര്‍ട്ട് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് യുവതിയെ ഗോവയില്‍ കൊണ്ടുപോയി പീഡിപ്പിച്ചത് സിപിഎം മംഗലാപുരം ഏരിയ സെക്രട്ടറി ആയിരുന്ന വിനോദ്കുമാര്‍.
ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതി മുതല്‍ തുടങ്ങിയതാണ് പാര്‍ട്ടിയിലെ പീഡന പരമ്പര. സിപിഎമ്മിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കലും ഒരു അഭിഭാഷകയും തമ്മിലുള്ള ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നേതൃത്വത്തെ ഏല്‍പ്പിച്ചതും അങ്ങാടിപ്പാട്ടായിരുന്നു.
വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാന്‍ തെരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ പീഡനക്കേസുകളില്‍ പെടരുതേ എന്ന പ്രാര്‍ഥനയിലാണ് പാര്‍ട്ടി നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: