പന്തിരുകുലം കഥയിലൂടെ വന്ന് മലയാള സാഹിത്യത്തില്‍ നിലയുറപ്പിച്ച പിതൃസ്വരൂപമാണ് പെരുന്തച്ചന്. തച്ചന്റെ ഐതിഹാസികമായ ജീവിതത്തെ ആവിഷ്കരിക്കുന്ന ഈടുറ്റ കവിതകള്‍ നിരവധിയുണ്ട്. ജി. ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചന്, വൈലോപ്പിള്ളിയുടെ തച്ചന്റെ മകന്, വിജയലക്ഷ്മിയുടെ തച്ചന്റെ മകള്‍ എന്നിവ ഇവയില്‍ ചിലതാണ്. എംടിയുടെ പെരുന്തച്ചന്, ശ്രീനിവാസന്-സിബി മലയില്‍ ടീമിന്റെ ചമ്പക്കുളം തച്ചന് എന്നിങ്ങനെ സിനിമയിലുമുണ്ട് ശ്രദ്ധേയമായ പ്രാതിനിധ്യം.
പക്ഷേ കവിതയില്‍നിന്നും സിനിമയില്‍നിന്നും കഥയിലേക്കും നോവലിലേക്കും വരുമ്പോള്‍ ഈ തച്ചന് പ്രാതിനിധ്യം ഇല്ലാതിരിക്കുകയോ നാമമാത്രമാവുകയോ ചെയ്യുന്നു. ഇതിനൊരു അപവാദമാണ് വേണു കടുങ്ങല്ലൂരിന്റെ തച്ചന് എന്ന നോവല്‍. പാലക്കാടന്‍ ഗ്രാമീണ പശ്ചാത്തലത്തില്‍ രാജന് പാലക്കാട് രചിച്ച നോവലായ ‘തങ്കത്തച്ചന്’ കാണാതെയല്ല ഈ നിരീക്ഷണം.
വയല്‍ക്കര ദേശത്തെ തച്ചേടത്ത് തറവാട്ടിലെ മൂന്നുതലമുറയുടെ കഥയാണ് ‘തച്ചന്’ പറയുന്നത്. ഇവരുടെ ജീവിതാനുഭവങ്ങള്‍ തന്മയത്വത്തോടെ ആവിഷ്കരിക്കുന്ന നോവലിസ്റ്റ് വായനക്കാര്‍ക്ക് അത്രയൊന്നും പരിചിതമല്ലാത്ത ജീവിതമുഹൂര്‍ത്തങ്ങള്‍ തെളിമയോടെ വരച്ചുകാട്ടുന്നു.
കാലത്തിന്റെ അനിവാര്യമായ മാറ്റത്തിനൊപ്പം സഞ്ചരിക്കാനാവാതെ, എന്നല്ല അതിന് കൂട്ടാക്കാതെ കുലത്തൊഴിലിനെ മാത്രം ആശ്രയിച്ച് കേവലമായ അതിജീവനത്തിന് ശ്രമിക്കുമ്പോള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന ജീവിതങ്ങള്‍. സത്യസന്ധതയും കര്‍മശുദ്ധിയും കഠിനാധ്വാനവും അഭിമാനബോധവും കൈമുതലാക്കി ഒരു നിയോഗംപോലെ ജീവിതം അനുഭവിച്ചു തീര്‍ക്കുകയാണ് നൂറ്റൊന്നുകാരനായ ഗോവിന്ദനാശാരി.
ജോലിക്കിടെ അപകടം സംഭവിച്ച് കിടപ്പിലായി അകാലത്തില്‍ മരിച്ച മകന് വേലായുധനാശാരി. കഴിവുകള്‍ക്ക് കുറവൊന്നുമില്ലെങ്കിലും മദ്യപാനമുള്‍പ്പെടെയുള്ള സ്വയംകൃതാനര്‍ത്ഥങ്ങളിലൂടെ ജീവനും ജീവിതവും കൈവിട്ടുപോകുന്ന വേലായുധനാശാരിയുടെ മൂത്തമകന് പത്മനാഭന്. രാഷ്ട്രീയമായ തിരിച്ചറിവുകള്‍ നേടുമ്പോഴും സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന വിഷമവൃത്തത്തില്‍നിന്ന് മോചനമില്ലാതെ സായുധവിപ്ലവത്തിന്റെ പാത പിന്‍പറ്റി തടവിലായ രണ്ടാമത്തെ മകന് ഉണ്ണി.
പുരുഷാധിപത്യപരമെന്ന് വിശേഷിപ്പിക്കാവുന്ന കുടുംബവ്യവസ്ഥയില്‍ സഹനങ്ങളുടെയും സങ്കടങ്ങളുടെയും നിസ്സഹായതയുടെയും പ്രതിരൂപങ്ങളായി ചുരുങ്ങിപ്പോകുന്ന ഈ നോവലിലെ സ്ത്രീകഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടും. ദേവുവമ്മ, ശ്യാമള, പത്മ, രുക്മിണി, കമലമ്മ, ജാനുവമ്മ, ഇന്ദു, കാഞ്ചന തുടങ്ങിയവര്‍ പണിക്കുറ തീര്‍ന്ന പാത്രസൃഷ്ടികളാണ്. ഉണ്ണിയുടെ കാമുകിയായ ഇന്ദുവിനെ മിഴിവോടെ ആവിഷ്കരിച്ചിരിക്കുന്നു. ജീവസ്സുറ്റ ഈ കഥാപാത്രത്തെ വായനക്കാര്‍ക്ക് കണ്മുന്നിലെന്നപോലെ കാണാം. മോഹഭംഗങ്ങളുടെ ഉമിത്തീയില്‍ നിശ്ശബ്ദമായി എരിഞ്ഞുതീരുന്ന, ഒടുവില്‍ ആത്മഹത്യയില്‍ അഭയം തേടാനുറയ്ക്കുന്ന ശ്യാമള ആസ്വാദകമനസ്സില്‍ ഒരു വിലാപമായി അവശേഷിക്കും.
സവിശേഷമായ ജീവിത പരിസരങ്ങളില്‍ സ്വതന്ത്രമായി വിഹരിക്കുന്ന കഥാപാത്രങ്ങളും, ഇവരുടെ കൃത്രിമത്വം ഒട്ടുമില്ലാത്ത സംഭാഷണങ്ങളും നോവലിസ്റ്റിന്റെ രചനാവൈഭവത്തിന് തെളിവാണ്. കേരളീയമായ സാമൂഹ്യാവസ്ഥയിലെ ജാതിബന്ധ വ്യവഹാരങ്ങള്‍ തനിമയോടെ നോവലില്‍ ഇടംപിടിച്ചിരിക്കുന്നു. പല കഥാപാത്രങ്ങള്‍ക്കും നര്‍മത്തിന്റെ നനുത്ത ആവരണമുള്ളത് വായന ഹൃദ്യമാക്കുന്നുണ്ട്.
മനസ്സിനെ കോര്‍ത്തുവലിക്കുന്ന മുഹൂര്‍ത്തങ്ങളുടെ ഒരു നിരതന്നെ നോവലിലുണ്ട്. ഉള്‍ക്കാമ്പുള്ള കഥാപാത്രങ്ങളുടെ മനോവിചാരങ്ങള്‍ സൂക്ഷ്മതയോടെ ആവിഷ്കരിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. പച്ച മനുഷ്യരുടെ വികാരവിചാരങ്ങള്‍ മറയില്ലാതെ ചിത്രീകരിക്കുമ്പോള്‍ അനാവശ്യമായ സദാചാരബോധമൊന്നും നോവലിസ്റ്റിനെ തടയുന്നില്ല.
നൂറ്റാണ്ടുകാലത്തെ ജീവിതായോധനത്തില്‍ പരാജയപ്പെടുകയാണെങ്കിലും ഗോവിന്ദാനാശാരി എന്ന മുത്തച്ഛന് താന്‍പോരിമയോടെ നോവലില്‍ നിറഞ്ഞുനില്ക്കുന്നു. കഷ്ടപ്പാടുകള്‍ക്ക് നടുവിലും, അകാലമൃത്യു സംഭവിച്ച മൂത്തമകന്റെ മകള്‍ ശ്യാമളയുടെ വിവാഹത്തിനായി ആരും കാണാതെ കരുതിവച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ അവളുടെ വിവാഹം നടക്കില്ലെന്നു വന്നപ്പോള്‍ വിവാഹനിശ്ചയം കഴിഞ്ഞ ചെറുമകള്‍ കാഞ്ചനയ്ക്ക് എടുത്തുകൊടുക്കുന്നത് ഈ നോവലിലെ ഉജ്ജ്വല മുഹൂര്‍ത്തമാണ്. ഭാവതീവ്രത മുറ്റിനില്ക്കുന്ന ഈ രംഗം വായനക്കാരുടെ കണ്ണുകളെ ഈറനണിയിക്കും.
ഒരു നോവലിനെ വ്യത്യസ്തമാക്കുന്നത് മുഖ്യമായും അതിലെ ഭാഷയാണ്. ഇവിടെയും തച്ചന്റെ ശില്‍പ്പിക്ക് അഭിമാനിക്കാം. ഗണിതചാരുത, നാവഴിയുന്നു എന്നിങ്ങനെ അന്യാദൃശമായ വാക്കുകളും പ്രയോഗങ്ങളും ആഖ്യാനത്തിന് മാറ്റുകൂട്ടുന്നു. വാമൊഴി വഴക്കങ്ങളുടെ ഘോഷയാത്ര വേറെയും. കൃതഹസ്തനാണ് താനെന്ന് ഒറ്റ കൃതിയിലൂടെ വേണു കടുങ്ങല്ലൂര്‍ തെളിയിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: