അച്ഛന് സംസാരിച്ചു എന്ന സന്തോഷവുമായി അമ്മയുടെ ഫോണ്‍ വരുമ്പോള്‍ അവള് ബ്ലഡ് റിസല്‍റ്റും കാത്ത് മെഡിക്കല്‍ ലാബിന്റെ വരാന്തയിലിരിക്കുകയാണ്. ഈയിടെയായി നട്ടെല്ലിനൊരു വേദന. നിവര്‍ന്നു നില്ക്കാന് പറ്റാത്തവിധം ആ വേദന വളരുകയാണ്. ആദ്യം ബ്ലഡ് ചെക്ക് ചെയ്യൂ എന്നാണ് എല്ലാവരുടെയും ഉപദേശം. ഒരുവിധം കുഴപ്പങ്ങളൊക്കെ ആ ടെസ്റ്റോടെ തിരിച്ചറിയാന്‍ പറ്റും.
”എന്താ അമ്മേ അച്ഛന് പറഞ്ഞത്”
അവള് നെഞ്ചിടിപ്പോടെ ചോദിച്ചു.
”നീ എത്തിയോ എന്ന് ചോദിച്ചു”
”വ്യക്തമായിട്ടോ?”
”അതെ. വ്യക്തമായിട്ട്. പണ്ട് സംസാരിക്കുന്നതുപോലെ”
അവള് നിശ്വസിച്ചു.
ആ ഒരു ചോദ്യമൊഴിച്ചാല് വേറെയൊന്നും അച്ഛന് സംസാരിച്ചില്ല. അച്ഛന് കണ്ണുകളടച്ച് പതുക്കെ ശാന്തനായി കിടന്നു. ഇത് എത്രാമത്തെ വര്‍ഷമാണ് അച്ഛനിങ്ങനെ കിടക്കുന്നത്. ഈ വൃശ്ചികം കഴിഞ്ഞപ്പോള്‍ പതിനെട്ട് കൊല്ലമായി.
പതിനെട്ട് കൊല്ലം!
ആ ദിവസം കൃത്യമായി അവള് ഓര്‍ക്കുന്നുണ്ട്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അവളെ തിരഞ്ഞ് അമ്മാവന് വന്നതും ടീച്ചറോട് അനുമതി ചോദിച്ച് ഉച്ചയ്ക്ക് തന്നെ ക്ലാസ്സില്‍നിന്നും കൊണ്ടുപോയതും ഇന്നലെ നടന്നതുപോലെ മനസ്സിലുണ്ട്.
നേരെപോയത് ആശുപത്രിയിലേക്കാണ്. ആശുപത്രിയിലെ അത്യാഹിത വാര്‍ഡില്‍ മിണ്ടാതെ കണ്ണടച്ച് അച്ഛന്. എന്തും പ്രതീക്ഷിക്കണം എന്നാണത്രേ ഡോക്ടര്‍ പറഞ്ഞത്. അറിയിക്കേണ്ടവരെയൊക്കെ അറിയിക്കാനും അദ്ദേഹം ഉപദേശിച്ചു.
എന്നാല്‍ അച്ഛന് മരിച്ചില്ല. മിണ്ടാതങ്ങനെ കിടന്നു. ചലനമില്ലാതെ. ശബ്ദമില്ലാതെ. നീണ്ട പതിനെട്ട് വര്‍ഷം. അമ്മയുടെ കഷ്ടപ്പാടിനെക്കുറിച്ചോര്‍ക്കുമ്പോള്‍ അച്ഛന് സഹിച്ചതൊന്നുമല്ല വലുത് എന്ന് തോന്നിയിരുന്നു. അമ്മ പിന്നെ വീടിനു പുറത്തിറങ്ങിയിട്ടേയില്ല.
”ഞാന്‍ എവിടേക്കെങ്കിലും പോയാല്‍ അച്ഛന് പിന്നെ ആരാണ് കൂട്ട്”
എല്ലാ ക്ഷണങ്ങളേയും അമ്മ ഈ ഒരു വാചകം കൊണ്ട് നിഷേധിച്ചു. അച്ഛനെ പരിചരിക്കുന്നതില്‍ അമ്മ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലായിരുന്നു. അതുകൊണ്ടാവണം വേണമെങ്കില്‍ ഒരു ഹോം നേഴ്സിനെ വെയ്ക്കാമെന്നു പറഞ്ഞപ്പോള്‍ അമ്മ പൊട്ടിത്തെറിച്ചത്.
”ഞാനുള്ളപ്പഴോ. അത്തരം പരിഷ്കാരങ്ങളൊക്കെ എന്റെ കാലത്തിനു ശേഷം മതി”
അച്ഛന് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. നാട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അച്ഛന് വഹിച്ച പങ്കിനെക്കുറിച്ച് പറയാത്ത നേതാക്കളില്ല. പ്രത്യയശാസ്ത്രപരമായ ഏതു സംശയവും അച്ഛനാണ് തീര്‍ക്കുക. അവള് തന്നെ സാക്ഷിയായ എത്രയെത്ര പഠനക്ലാസ്സുകള്‍. എത്രയെത്ര ജാഥകള്‍. സമ്മേളനങ്ങള്‍.
എന്നിട്ടും അച്ഛന് വീണു എന്നറിഞ്ഞപ്പോള്‍ ആരും തിരിഞ്ഞു നോക്കാനില്ലായിരുന്നുവെന്ന് അമ്മ ഖേദത്തോടെ പറയുന്നു. അല്ലെങ്കിലും പാര്‍ട്ടി ഇപ്പോള്‍ പഴയ പാര്‍ട്ടിയല്ലല്ലോ എന്നും അമ്മ പറയുന്നു.
അവസാന കാലത്ത് അച്ഛനും പാര്‍ട്ടിയും തമ്മില്‍ അത്ര രസത്തിലായിരുന്നില്ല എന്നു പറഞ്ഞത് അവളുടെ സുഹൃത്തായ റഹീമാണ്. ശബരിമലയ്ക്ക് പോവാന്‍ അച്ഛന് മാലയിട്ടത് പാര്‍ട്ടിക്ക് ദഹിച്ചില്ല.
”അതൊരു തരം പ്രതിലോമ പ്രവര്‍ത്തനമായിരുന്നു”
റഹീം കുറ്റപ്പെടുത്തി.
റഹീമും പാര്‍ട്ടിക്കാരനാണ്. യുവജന വിഭാഗത്തിലെ ഉശിരനായ നേതാവ്. കവലയോഗങ്ങളില്‍ റഹീം നടത്തുന്ന തീപ്പൊരി പ്രസംഗങ്ങള്‍ എത്ര പേരെയാണ് കോള്മയിര് കൊള്ളിച്ചിട്ടുള്ളത്. പാര്‍ട്ടിക്ക് കിട്ടിയ വരദാനമാണ് റഹീം.
”വിശ്വാസം ഓരോരുത്തരുടേയും സ്വകാര്യതയല്ലേ”
റഹീമിനോട് അവള് ചോദിക്കാതിരുന്നില്ല.
”അല്ല. ഒരു പാര്‍ട്ടിക്കാരനെ സംബന്ധിച്ചിടത്തോളം
അല്ല.”
റഹീം തീവ്രതയോടെ ന്യായീകരിച്ചു.
”പാര്ട്ടിക്കാരന് വഴിതെറ്റിയാല്‍ പാര്‍ട്ടിക്ക് മുഴുവന്‍ വഴിതെറ്റും.”
എങ്കില്‍ എന്തുകൊണ്ടാ റഹീമേ നിന്റെ നെറ്റിയില്‍ നിസ്കാരത്തഴമ്പ് എന്നു അവള് ചോദിച്ചില്ല. എല്ലാ വെള്ളിയാഴ്ചയും നീ മുടങ്ങാതെ പള്ളി പ്രാര്‍ത്ഥനയ്ക്ക് പോകുന്നുണ്ടല്ലോ എന്നും ചോദിച്ചില്ല. കഴിഞ്ഞ റമദാന് റഹീം നടത്തിയ ഇഫ്ത്താര്‍ വിരുന്നില്‍ അവളും പങ്കെടുത്തിരുന്നു. അതൊരു വിശ്വാസ പ്രഖ്യാപനമല്ലേ എന്ന് ചോദിക്കാമായിരുന്നു. ചോദിച്ചില്ല.
അച്ഛന് എന്തുകൊണ്ടാണ് മാലയിട്ടതെന്ന് ഒരിക്കലും അവള് ചോദിച്ചിട്ടില്ല. വ്രതശുദ്ധിയോടെ ആ ദിനങ്ങള്‍ കൗതുകപൂര്‍വമാണ് അവള് ഉള്‍ക്കൊണ്ടത്. ശരണം വിളികള്‍. അയ്യപ്പന് പാട്ടുകള്‍. അച്ഛനും അമ്മാവനും മലയ്ക്ക് പോകുന്ന ദിവസം വീട്ടില്‍ വിളക്കും സദ്യയുമുണ്ടായിരുന്നു. ബന്ധുക്കളെല്ലാം വന്നിരുന്നു. അപൂര്‍വം ചില പാര്‍ട്ടിക്കാരും.
അച്ഛനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കും എന്ന രഹസ്യം ആ സമയത്താണ് നാട്ടില്‍ പ്രചരിച്ചത്. പക്ഷേ പുറത്താക്കേണ്ടി വന്നില്ല. അച്ഛന് വീണു. ശേഷം നിശ്ചലനായി ഇതാ പതിനെട്ടു വര്‍ഷങ്ങള്‍ കഴിയുന്നു.
അച്ഛന് സംസാരിച്ച സമയത്ത് വീട്ടിലില്ലാതെപോയത് നഷ്ടമായീന്ന് അവള്‍ക്ക് പലവട്ടം തോന്നി. ഓഫീസില്‍നിന്ന് ലീവെടുത്ത് പോയാലോ എന്നുവരെ ചിന്തിച്ചു. പിന്നെ സ്വയം ശാസിച്ചു. ജോലിയാണ് പ്രധാനം. അങ്ങനെയാണ് അച്ഛനും അവളെ പഠിപ്പിച്ചിട്ടുള്ളത്.
ഓഫീസില്‍ പോലീസിന്റെ തിരക്കാണ്. അവളുടെ ഓഫീസിലായിരുന്നു സീമ ജോലി ചെയ്തിരുന്നത്. സീമ ഇപ്പോള്‍ വാര്‍ത്താതാരമാണ്. സീമയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് പോലീസ് അകമ്പടിയോടെ ശബരിമലയില്‍ കയറിയത്. അന്നുമുതല്‍ സീമയെ അറിയാത്തവരായി ആരുമില്ലാത്ത അവസ്ഥയാണ്.
സീമ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ ഓഫീസിലുള്ളവര്‍ അസ്വസ്ഥരായിരുന്നു. ഇനി എന്തൊക്കെയാണ് സംഭവിക്കുക.
എന്നാല്‍ ഭയപ്പെട്ടതുപോലെ ഒന്നും സംഭവിച്ചില്ല.
കനത്ത പോലീസ് ബന്തവസ്സോടെ സീമ ജോലിക്കെത്തി. ജോലി തീരുന്ന സമയം വരെ ഒരു ഡസന്‍ പോലീസുകാര്‍ അവള്‍ക്കു കാവലുനിന്നു. ഓഫീസിലുള്ളവര്‍ക്കുപോലും അവളോട് സംസാരിക്കാന്‍ ആദ്യദിനങ്ങളില്‍ വിലക്കുണ്ടായിരുന്നു.
”ഇവരെ തടയണ്ട. ഇവരെന്റെ സഹപ്രവര്‍ത്തകരാണ്. പോരാത്തതിന് ഞങ്ങളെല്ലാം ഒരു യൂണിയനിലാണ് പ്രവര്‍ത്തിക്കുന്നത്.”
വീട്ടിലേക്ക് തിരിച്ചുപോരുമ്പോള്‍ റഹീം പ്രസംഗിക്കുന്നതു കേട്ടു. സീമയുണ്ടാക്കിയ സാമൂഹ്യവിപ്ലവത്തെക്കുറിച്ചാണ് അവന് വാചാലനാവുന്നത്. നാട്ടില്‍ നവോത്ഥാനം വന്നു എന്നവന് പ്രസ്താവിച്ചപ്പോഴേക്കും പള്ളിയില്‍നിന്നു വാങ്കുവിളി മുഴങ്ങി. റഹീം വിനീതനായി. വാങ്ക് തീരുന്നതുവരെ അവന് പ്രസംഗം നിര്‍ത്തി. പിന്നെയും നവോത്ഥാനത്തെക്കുറിച്ചു പറഞ്ഞ് അവന് കത്തിക്കയറാന്‍ തുടങ്ങി.
വീട്ടിലെത്തുമ്പോള്‍ അമ്മ പുറത്തു വരാന്തയിലുണ്ട്.
”പിന്നെയൊന്നും പറഞ്ഞില്ല മോളേ. ഇനി നീ ചെന്നു നോക്ക്, എന്തെങ്കിലും പറയുമോന്നറിയാമല്ലോ”
പതിവുപോലെ പത്രവുമായി അവള് അച്ഛനരികിലേക്ക് ചെന്നു. അച്ഛന് വീണ സമയം മുതല്‍ പത്രം വായിച്ചു കൊടുത്തിരുന്നത് അവളാണ്. എല്ലാ വാര്‍ത്തകളും വിശദമായി വായിച്ചുകൊടുക്കും. അച്ഛന് അതൊക്കെ സശ്രദ്ധം കേള്‍ക്കും. അച്ഛന് എല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് ആ മുഖഭാവം കണ്ടാല്‍ അറിയാമായിരുന്നു. വികാരങ്ങളുടെ വേലിയേറ്റം ആ മുഖത്ത് എത്ര തവണ അവള് കണ്ടിരിക്കുന്നു. അപ്പോഴൊക്കെ അച്ഛന് ഒന്നു സംസാരിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. ആ അച്ഛനാണ് ഇന്ന് മിണ്ടിയത്. അവള് ചെല്ലുമ്പോള്‍ കണ്ണടച്ചു കിടക്കുകയായിരുന്നു. അവള് പതുക്കെ അച്ഛനെ വിളിച്ചു. അച്ഛന് കണ്ണുതുറന്ന് അവളെ നോക്കി.
”എന്തിനാ അച്ഛന് എന്നെ അന്വേഷിച്ചത്?”
അച്ഛന് ചുണ്ടനക്കാന്‍ ശ്രമിക്കുന്നു. അച്ഛന്റെ വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടോ. അവള്‍ക്കറിയാം അച്ഛന് പറയാന്‍ പോവുന്ന കാര്യം. അവള് എത്രയും വേഗം വിവാഹം കഴിക്കണം. വയസ്സ് 28 കഴിയുന്നു. ഇനി എപ്പോഴാണ്. കുറച്ചുകൂടി കഴിയട്ടെ, കുറച്ചുകൂടി കഴിയട്ടെ എന്നു പറഞ്ഞ് പറഞ്ഞ് ഇനി എന്നാണ്.
എന്നാല്‍ ശ്രമകരമായ ചലനങ്ങള്‍ക്കൊടുവില്‍ അച്ഛന് ചോദിക്കുന്നത് ഇതാണ്:
”സീമ നിന്റെ ഓഫീസിലല്ലേ ജോലി ചെയ്യുന്നത്?”
സീമയ്ക്കെതിരെ ഓഫീസിനു പുറത്തു നടക്കുന്ന പ്രതിഷേധങ്ങളെ ക്രൂരമായി പോലീസ് അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്നത്തെ പത്രത്തിലുണ്ട്. ആ വാര്‍ത്തകള്‍ മനസ്സിലോര്‍ത്ത് അവള് പറഞ്ഞു:
”അതെ”
അച്ഛന്റെ മുഖം വലിഞ്ഞുമുറുകുന്നത് അവള് കണ്ടു. ആ കണ്ണുകളില്‍ അഗ്നി പുകയുന്നു. അച്ഛന് പിന്നീടൊന്നും അവളോട് പറഞ്ഞില്ല. പക്ഷേ പറയാതെ തന്നെ അച്ഛന് പലതും പറയുന്നുണ്ടല്ലോ.
പിറ്റേന്ന് രാവിലെ ഓഫീസിലെത്തുമ്പോള്‍ സീമ അവള്‍ക്ക് അരികിലേക്ക് വന്നു.
”ഇന്നുമുണ്ടായിരുന്നു നാമജപക്കാര്‍. പോലീസവരെ അടിച്ചോടിച്ചു. എന്റെയൊരു രോമത്തെ തൊടാന്‍പോലും അവര്‍ക്ക് കഴിയില്ല. അവര്‍ക്കെന്നല്ല ആര്‍ക്കും”
അച്ഛന്റെ ചോദ്യം അവള്‍ക്കുള്ളില്‍ അന്നേരം മുഴങ്ങി. അച്ഛന്റെ മുഖം വലിഞ്ഞു മുറുകുന്നു. കണ്ണില്‍ അഗ്നി നിറയുന്നു.
എല്ലാ ശക്തിയുമുപയോഗിച്ച് തുടര്‍ന്ന് അവള് സീമയെ ആഞ്ഞടിക്കുകയാണ്. ഓഫീസിലുള്ള എല്ലാവരും ഒരു നിമിഷം സ്തബ്ധരായി പോകുന്നു. തന്റെ നേര്‍ക്കു വന്ന പോലീസുകാരെ തള്ളിമാറ്റി തലയുയര്‍ത്തി സ്വന്തം കസേരയിലേക്കു നടക്കുമ്പോള്‍ അവള് അദ്ഭുതത്തോടെ മനസ്സിലാക്കി. കുറേ ദിവസങ്ങളായി ശല്യം ചെയ്തിരുന്ന ആ നട്ടെല്ലു വേദനയ്ക്ക് നല്ല ശമനമുണ്ട്. ഇപ്പോള്‍ നിവര്‍ന്നു നടക്കാം. ഓഫീസിനു പുറത്തന്നേരം നാമജപം ഉയരാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: