നിള പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷകളുടേയും പ്രതീകമാണ്. ‘നിള ഫോര്‍ ദ ലവ് ഓഫ് എ ലൈഫ്ടൈം’ എന്ന തന്റെ ആദ്യ സംഗീത ആല്‍ബത്തിലൂടെ നിളയില്‍ പ്രണയത്തിന്റെ കാതരഭാവവും സമര്‍പ്പിക്കുകയാണ് ഐശ്വര്യറാവു എന്ന ഗായിക. ആല്‍ബത്തില്‍ ഗാനരചനയും, സംഗീതവും, ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് ഐശ്വര്യറാവു തന്നെയാണ്.
പ്രമുഖ ഗിറ്റാറിസ്റ്റായ സുമേഷ് പരമേശ്വരനാണ് ആല്‍ബത്തിന്റെ പ്രാഗ്രാമിങ്, ഓര്ക്കസ്ട്രേഷന്, മിക്സിങ് എന്നിവ ചെയ്തിരിക്കുന്നത്.
പ്രണയത്തിന് അനേകതരം ഭാവങ്ങളും പ്രതീക്ഷകളുമുണ്ട്. അതിന് പലപ്പോഴും ഒരു നദിയുടെ ഭാവമാണ്. അതുകൊണ്ടാണ് ഈ ആല്‍ബത്തിന് നിള എന്നു പേരിടാന്‍ തന്നെ കാരണം.
പ്രണയം എന്ന വികാരത്തോട് സംഗീതത്തിലൂടേയും തനിക്ക് പറയാനുള്ളതാണ് തന്റെ ആല്‍ബത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു. സംഗീതത്തില്‍നിന്നാണ് ആ വരികള്‍ പിറക്കുന്നത്. അതുകൊണ്ടുതന്നെ ആല്‍ബം ചിട്ടപ്പെടുത്തുന്നതിന് ബുദ്ധിമുട്ടുകളുണ്ടായില്ല. കൂടാതെ സുമേഷ് പരമേശ്വരന്റെ സഹായവും പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതിന് ഏറെ സഹായകമായി.
പ്രമുഖ സംഗീതസംവിധായകനായ ബിജിബാലിന്റെ ഉടമസ്ഥതയിലുള്ള ബോധി സൈലന്റ് സ്കേപില്‍ എന്ന യൂട്യൂബ് പ്ലാറ്റ് ഫോറത്തിലാണ് ആല്‍ബം റിലീസ് ചെയ്തത്. പുതുമുഖതാരം എന്ന നിലയിലും തന്റെ ആദ്യ സംരംഭം എന്ന നിലയിലും ബോധി സൈലന്റ് സ്കേപില്‍ ആല്‍ബം റിലീസ് ചെയ്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യ പറഞ്ഞു.
ബോധി സൈലന്റെ സ്കേപ് പോലുള്ളൊരു പ്രശസ്തമായ പ്ലാറ്റ് ഫോറത്തില്‍ റിലീസ് ചെയ്യപ്പെടുമ്പോള്‍ അതു വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലോ എന്ന് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ഇല്ലാതാക്കുന്ന പ്രതികണമാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചത്. റിലീസ് മൂന്നാം ദിവസംതന്നെ 18കെ ആളുകള്‍ വീഡിയോ കണ്ടിട്ടുണ്ട്.
മൂന്നുവയസ്സുമുതല്‍ കര്‍ണാടകസംഗീതം അഭ്യസിക്കുന്ന ഐശ്വര്യ 12 വയസ്സു മുതല്‍ സ്റ്റേജ് ഷോകള്‍ ചെയ്യുന്നുണ്ട്. ചെറു പ്രായത്തിനിടയില്‍ തന്നെ മലയാളത്തിലെ ഒട്ടുമിക്ക ഗായകരോടൊപ്പം പാടിയിട്ടുണ്ട്. കൂടാതെ നാദിര്‍ഷ സംവിധാനം ചെയ്ത ദേ മാവേലി കൊമ്പത്ത് ന്നെ സീരീസില്‍ പാടുകയും, ഡബ്ബും ചെയ്തിട്ടുണ്ട്. പാട്ടിനോട് എന്നും അടങ്ങാത്ത ആവേശമുള്ള ഐശ്വര്യ ഇപ്പോള്‍ ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ചുകൊണ്ടിരിക്കുകയാണ്. ഉസ്താദ് ഫയാസ് ഖാന്റെ കീഴിലാണ് പരിശീലനം.
ഇതോടൊപ്പം എംജി യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്നുമുണ്ട്. കുവൈത്തില്‍ എഞ്ചിനീയറായ സന്ദീപ് എസ്. റാം ആണ് ഭര്‍ത്താവ്. നാലു വയസ്സുകാരനായ ആദിദേവ് മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: