കണ്ണൂര്‍: കേരളത്തോടു ചേര്‍ന്നുകിടക്കുന്ന കേന്ദ്രഭരണ പ്രദേശമായ മാഹി ഉള്‍പ്പെടുന്ന പുതുടേച്ചരി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-സിപിഎം തെരഞ്ഞെടുപ്പ് ബാന്ധവം. ഇരു കക്ഷികളും ഒന്നിച്ചാണ് മത്സരിക്കുന്നത്. ഈ സഖ്യം കണ്ണൂര്‍, വടകര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ കമ്മ്യൂണിസ്റ്റ് അനുഭാവികളിലും പ്രവര്‍ത്തകരിലും ചര്‍ച്ചയായി.
പുതുച്ചേരിയില്‍ എല്‍ഡിഎഫിന് സ്ഥാനാര്‍ഥികളില്ല. തമിഴ്നാട്ടിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ് സിപിഎമ്മും സിപിഐയും. അതിനാല്‍ സിപിഎമ്മുകാരും ഇടത് മുന്നണി പ്രവര്‍ത്തകരും നേതാക്കളും കൈപ്പത്തി ചിഹ്നത്തില്‍ വോട്ടു ചെയ്യണം.
ഡിഎംകെ നയിക്കുന്ന സിപിഎം ഉള്‍പ്പെട്ട സഖ്യത്തിന്റെ ധാരണപ്രകാരം പുതുച്ചേരി സീറ്റ് കോണ്‍ഗ്രസിനാണ്. കേരളത്തില്‍ പരസ്പരം പോരടിക്കുമ്പോള്‍ മാഹിയിലെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അണികളും എല്‍ഡിഎഫ് പ്രവര്‍ത്തകരും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യേണ്ടിവരും. മാഹി മേഖലയിലെ സിപിഎമ്മിന്റെ സംഘടനാ സംവിധാനം പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ ഘടകത്തിന് കീഴിലാണെന്നതും മാഹിയോട് തൊട്ട് കിടക്കുന്ന കണ്ണൂര്‍-വടകര മണ്ഡലത്തില്‍ കോണ്‍ഗ്രസ്-സിപിഎം സ്ഥാനാര്‍ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നുവെന്നതും സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാഹിയില്‍ കോണ്‍ഗ്രസിന്റെ കുത്തക തകര്‍ത്ത് 2,139 വോട്ടുകള്‍ക്ക് ഇ. വത്സരാജിനെ തോല്‍പ്പിച്ച് ഇടതുസ്വതന്ത്രനായ ഡോ.വി.രാമചന്ദ്രന് വിജയിച്ചിരുന്നു.
എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടുതേടേണ്ട അവസ്ഥയിലാണ് മാഹിയിലെ സിപിഎം, സിപിഐ പ്രവര്‍ത്തകരും നേതാക്കളും. ഇരുകക്ഷികളും തമ്മിലുളള പരസ്യ ബാന്ധവം മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കണ്ണൂര്‍, വടകര ലോക്സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും തിരിഞ്ഞു കൊത്തുകയാണ്.
2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി മണ്ഡലത്തില്‍ ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസിലെ ആര്. രാധാകൃഷ്ണന് കോണ്‍ഗ്രസിലെ വി. നാരായണ സ്വാമിയെ 60,854 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയിരുന്നു. ബിജെപി ഉള്‍പ്പെടുന്ന എഐഡിഎംകെ നയിക്കുന്ന മുന്നണിയിലെ ഓള് ഇന്‍ഡ്യ എന്‍ആര്‍ കോണ്‍ഗ്രസിനാണ് മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി മണ്ഡലം നല്‍കിയിരിക്കുന്നത്. ഇത്തവണയും രാധാകൃഷ്ണന് മത്സരിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: