ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും മത്സരിക്കും. ഇതുള്‍പ്പെടെ 182 സ്ഥാനാര്‍ത്ഥികളെ ആദ്യ ഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചു. 2014ല്‍ വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും മോദി മത്സരിച്ച് ജയിച്ചിരുന്നു. പിന്നീട് വഡോദരയില്‍ രാജിവെച്ച് വാരാണസിയില്‍ തുടര്‍ന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ 3.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോദി പരാജയപ്പെടുത്തിയത്. മറ്റ് പാര്‍ട്ടികള്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ അഞ്ച് തവണയായി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയാണ് ഗുജറാത്തിലെ ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ 4.83 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്. അനാരോഗ്യം കാരണം അദ്വാനി രാഷ്ട്രീയത്തില്‍ സജീവമല്ല. ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ലക്നൗവില്‍നിന്നും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നാഗ്പൂരില്‍നിന്നും ജനവിധി തേടും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അമേത്തിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നേരിടും. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച സ്മൃതി, രാഹുലിന്റെ ഭൂരിപക്ഷത്തില്‍ രണ്ട് ലക്ഷത്തിലേറെ കുറവ് വരുത്തിയിരുന്നു.
കേന്ദ്ര മന്ത്രിമാരായ വി.കെ. സിങ് (ഘാസിയാബാദ്), മഹേഷ് ശര്‍മ്മ (നോയിഡ), കിരണ്‍ റിജ്ജു (അരുണാചല്‍ വെസ്റ്റ്), ജിതേന്ദ്ര സിങ് (ഉധംപുര്‍), രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് (ജയ്പുര്‍ റൂറല്‍) എന്നിവരും പട്ടികയിലുണ്ട്. യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജന് മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍നിന്നും വീണ്ടും ജനവിധി തേടും.
ബിജെപി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന ബംഗാളില്‍ മന്ത്രി ബാബുല്‍ സുപ്രീയോ (അസന്‍സോള്‍), മുന്‍ തൃണമൂല്‍ എംപി അനുപം ഹസ്റ (ജാദവ്പുര്‍) എന്നിവരും പട്ടികയിലുണ്ട്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: