കൊച്ചി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജന കര്‍ഷകരടങ്ങുന്ന പ്രതിനിധി സംഘം അന്താരാഷ്ട്ര ഗുണനിലവാരമുള്ള കാര്‍ഷിക രീതിയുടെ പഠനത്തിനായി സംസ്ഥാനത്തെത്തി.
ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എഐഎസ്ഇഎഫ്) രാജ്യത്തെ സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കായി ആരംഭിച്ച കിസാന്‍ പ്രഗതി യോജന പരിശീലന പരിപാടികളുടെ ഭാഗമായാണ് സംഘത്തിന്റെ സന്ദര്‍ശനം.
നാഗാലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ എസ്എഎസ്ആര്ഡിയില് ഹോര്‍ട്ടികള്‍ച്ചര്‍ വിഭാഗം പ്രൊഫസറായ ഡോ. അകാലി സെമ, സംരംഭകയായ അബേ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 16 പേര് വടക്കുകിഴക്കന്‍ മേഖലയിലെ വിവിധ കാര്‍ഷിക ഫോറം പ്രതിനിധികളാണ്.
നാഗാലാന്‍ഡിലെ പ്രധാന നഗരമായ ദിമാപൂരില്‍ നടന്ന സ്പൈസസ് സമ്മേളനത്തിലാണ് അവിടുത്തെ ഇഞ്ചി, മഞ്ഞള്‍, മുളക്, കര്‍ഷകര്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് മനസിലാക്കിയതെന്ന് എഐഎസ്ഇഎഫ് ചെയര്മാന് രാജീവ് പലിച പറഞ്ഞു.
സുഗന്ധവ്യഞ്ജന കൃഷിക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഉയര്‍ന്ന നടീല്‍ വസ്തുക്കള്‍, ആധുനിക വിളവെടുപ്പ് സമ്പ്രദായങ്ങള്‍, സംഭരണം, വിപണിയിലേക്കുള്ള പ്രവേശനം, വില്‍പ്പന ചാനലുകള്‍, കയറ്റുമതി തുടങ്ങിയവയിലെ കൃത്യമായ അറിവുകള്‍ ഇല്ലാത്തത് കാരണം ഉത്പന്നങ്ങള്‍ക്കു മൂല്യം ലഭിക്കാത്ത സാഹചര്യം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ നേരിടുന്നുണ്ട്.
അടിസ്ഥാന പ്രശ്നങ്ങള്‍ മനസിലാക്കിയ ഉടനെ ഇവരെ കേരളത്തിലേക്ക് പഠനത്തിനായി ക്ഷണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇഞ്ചി, മഞ്ഞള്‍, കൃഷിയിടങ്ങള്‍ക്കു പുറമേ സംസ്ഥാനത്തെ സ്പൈസസ്, ഒലിയോ റെസിന്‍ ഫാക്ടറികളും സംഘം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: