അഴിമതിക്കെതിരായ സംവിധാനമായ ലോക്പാലിന് നായകനായി. മുന്‍ സുപ്രീംകോടതി ജഡ്ജി പിനാകി ചന്ദ്രഘോഷാണ് ആദ്യ ലോക്പാലിന്റെ നായകസ്ഥാനത്തെത്തിയത്. പ്രധാനമന്ത്രിയുടെ പേരില്‍വരെ അഴിമതി ആരോപണം വന്നാല്‍ അന്വേഷണചുമതല ലോക്പാലിനുണ്ടാകും. ആറ് വര്‍ഷം മുന്‍പ് ലോക്പാലിനുവേണ്ടി നിയമമുണ്ടാക്കിയിരുന്നു. പിഎംഒയെ ലോക്പാലിന്റെ പരിഗണനയില്‍ കൊണ്ടുവരുന്നതിനെ കോണ്‍ഗ്രസ് ശക്തമായി എതിര്‍ത്തിരുന്നു. ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവന്നത്.
ലോക്പാലിനെ ആര് നയിക്കണമെന്ന് തീരുമാനിക്കാനുള്ള സമിതിയില്‍ കോണ്‍ഗ്രസ് പ്രതിനിധി മല്ലികാര്‍ജുന കാര്‍ഗെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം യോഗത്തില്‍നിന്നും വിട്ടുനിന്നു. ഇതോടെ അഴിമതിക്കെതിരായ നടപടിയോടുള്ള കോണ്‍ഗ്രസിന്റെ വിപ്രതിപത്തി വ്യക്തമായി. ചരിത്രപരമായ തീരുമാനത്തെ അഴിമതിക്കെതിരെ യുദ്ധം നടത്തുന്ന അണ്ണാ ഹസാരെ സ്വാഗതം ചെയ്തിട്ടുണ്ട്. യുപിഎ ഭരണത്തില്‍ അഴിമതി പെരുകിയപ്പോഴാണ് ലോക്പാലെന്ന ദീര്‍ഘനാളായ ആവശ്യം ഉന്നയിച്ച് പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെ പ്രക്ഷോഭം തുടങ്ങിയത്. 2011ലാണ് പ്രക്ഷോഭം കരുത്താര്‍ജിച്ചത്. ബിജെപി അതിനെ ശക്തമായി പിന്തുണച്ചു. ഒടുവില്‍ 2013ല്‍ ലോക്പാല്‍നിയമം പാര്‍ലമെന്റ് പാസാക്കി.
സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും കേന്ദ്രത്തില്‍ ലോക്പാലിനെയും നിയമിക്കാന്‍ നിയമം വ്യവസ്ഥചെയ്യുന്നു. 63ല്‍ ഡോ. എല്‍.എം. സിങ്ങ്വിയാണ് ലോക്പാല്‍ എന്ന വാക്ക് രൂപീകരിച്ചത്. 68-ല്‍ അഡ്വ. ശാന്തിഭൂഷണാണ് ജന്‍ലോക്പാല്‍ ബില്‍ നിര്‍ദേശിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ്, യുപിഎ ഭരണകാലത്ത് പത്തു തവണയെങ്കിലും ബില്‍ അവതരിപ്പിച്ചെങ്കിലും ഒരിക്കലും അത് പാസായില്ല. ഒടുവില്‍ നാലര പതിറ്റാണ്ടുകള്‍ക്കുശേഷം വിവാദങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ, 2013 ഡിസംബര്‍ 18ന് ബില്‍ പാര്‍ലമെന്റ് പാസാക്കി.
നരേന്ദ്രമോദി സര്‍ക്കാര്‍ വന്നശേഷം അതിനുള്ള നടപടികള്‍ തുടങ്ങിയെങ്കിലും പല കാരണങ്ങളാല്‍ വൈകി. കോണ്‍ഗ്രസിന്റെ നിസ്സഹകരണം പ്രധാനകാരണമായി. ലോക്പാലിനെ നിയമിക്കാനുള്ള നടപടികളില്‍നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. കഴിഞ്ഞദിവസം ചേര്‍ന്ന യോഗവും കോണ്‍ഗ്രസ് ബഹിഷ്ക്കരിച്ചു. മോദി സര്‍ക്കാര്‍തന്നെ അഴിമതിക്കെതിരായ ആ നടപടിയും കൈക്കൊണ്ടു. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവര്‍ക്കെതിരെ അഴിമതി ആരോപണങ്ങളില്‍ ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
ഒരുവര്‍ഷത്തിനകം വിധിയും പറയണം. കേസും ആരോപണങ്ങളും വ്യാജമാണോയെന്ന് കണ്ടെത്തേണ്ടതും ലോക്പാലാണ്. വ്യാജമായാല്‍ ആരോപിച്ചവര്‍ക്ക് പിഴയും തടവും വിധിക്കാനും ലോക്പാലിന് അധികാരമുണ്ട്. ജസ്റ്റിസ് പിനാകി ചന്ദ്രഘോഷ് നിരവധി സുപ്രധാന വിധിന്യായങ്ങളിലൂടെ ചരിത്രം കുറിച്ചയാളാണ്. മുന്‍സുപ്രീംകോടതി ജഡ്ജിയും ഇപ്പോള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗവുമായ ഘോഷിന്റെ പേര് പ്രധാനമന്ത്രി അധ്യക്ഷനും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്, മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നിര്‍ദേശിച്ചത്.
ലോക്പാല്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള വ്യവസ്ഥയാണെങ്കിലും. അന്താരാഷ്ട്ര ബന്ധം, ആഭ്യന്തര, വൈദേശിക സുരക്ഷാപ്രശ്നങ്ങള്‍, ആണവോര്‍ജം, ബഹിരാകാശ ഗവേഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ ലോക്പാലിന് തിരക്കിട്ട് അന്വേഷണം സാധ്യമല്ല. അഥവാ അങ്ങനെ വേണ്ടിവന്നാല്‍ അത് രഹസ്യമായാകണം. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ രഹസ്യമാക്കി തന്നെ വയ്ക്കണം.
അഴിമതി ആരോപണമുയര്‍ന്നാല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെയും ലോക്പാലിന് അന്വേഷണം നടത്താം. ലോക്പാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലെ സ്വതന്ത്ര ഏജന്‍സിയാണ്. അഴിമതി ആരോപണങ്ങള്‍ വര്‍ഷങ്ങളോളം തുടരാന്‍ ഇനി കഴിയില്ല, കാരണം പരാതി ലഭിച്ചാല്‍ ഒരുവര്‍ഷത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണയും. അതായത്, അഴിമതിക്കാരെ രണ്ടുവര്‍ഷത്തിനുള്ളില്‍ ജയിലില്‍ അടയ്ക്കാം. അഴിമതിക്കാരില്‍നിന്ന് സര്‍ക്കാര്‍ ഖജനാവിനുണ്ടായ നഷ്ടം ഈടാക്കാം. പൗരന്മാരുടെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ലോക്പാലിന് അധികാരമുണ്ട്. കഴമ്പില്ലാതെ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുന്നത് ഇല്ലാതാകുമെന്ന് മാത്രമല്ല, യഥാര്‍ത്ഥ അഴിമതിയുടെ കാലനായി ലോക്പാല്‍ മാറുമെന്നും ആശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: