പത്തനംതിട്ട: റാന്നി-പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ട സംഭവത്തില്‍ ഒരാള്‍ പിടിയില്‍. റാന്നി ഇടത്തിക്കാവ് പെരുങ്ങാവില്‍ സുനു എന്നറിയപ്പെടുന്ന അജീഷ്(28) ആണ് പിടിയിലായത്. ഇയാള്‍ മറ്റ് നിരവധി കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ 12ന് രാത്രി 10 മണിയോടെയാണ് അജീഷ് പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഡാമിന്റെ ഷട്ടര്‍ തുറന്നുവിട്ടത്. വേനല്‍ കാരണം ഡാമില്‍ ജലനിരപ്പ് കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. മണിക്കുറുകളോളം ആരുടെയും ശ്രദ്ധയില്‍പ്പെടാതെ വെള്ളം ഒഴുകിയതിനാല്‍ ജലവൈദ്യുത പദ്ധതിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി.
നാട്ടുകാരില്‍ നിന്നും പരിസരവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വെച്ചൂച്ചിറ സിഐ ജി. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയതെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജി. ജയദേവ് പറഞ്ഞു.
പെരുന്തേനരുവി പതാക്കല്‍ വീട്ടില്‍ റോയിയുടെ വള്ളവും ഇടത്തിക്കാവ് പല്ലിപ്പുഴ മാത്യുവിന്റെ വീടും തീവച്ച് നശിപ്പിച്ച സംഭവങ്ങളിലും അജീഷ് പ്രതിയാണ്.
















