കൊച്ചി: ബസുകള്‍ ഉള്‍പ്പെടെയുള്ള സ്റ്റേജ് കാര്യേജുകളുടെ കാലാവധി 15 വര്‍ഷത്തില്‍ നിന്ന് 20 വര്‍ഷമാക്കിയത് ചട്ടപ്രകാരമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. അധികമായി കിട്ടുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ സ്റ്റേജ് കാര്യേജുകള്‍ ഇലക്ട്രിക്, എല്‍എന്‍ജി, സിഎന്‍ജി വാഹനങ്ങളാക്കി മാറ്റുന്നതിനെയും ഡീസല്‍ വാഹനങ്ങള്‍ക്കു പകരം ഇത്തരം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനെയും പ്രോത്സാഹിപ്പിക്കാനാവുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടി.
കാലാവധി കൂട്ടിയതിനെതിരെ ആലുവ എരുമത്തല സ്വദേശി പി.ഡി. മാത്യു നല്‍കിയ ഹര്‍ജിയിലാണ് ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി എസ്. സ്മിത മറുപടി സത്യവാങ്മൂലം നല്‍കിയത്. നിലവിലെ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുന്നതിനുള്ള കിറ്റുകള്‍ വിപണിയില്‍ ലഭ്യമാണെന്നു സത്യവാങ്മൂലം പറയുന്നു. ഇതു കെഎസ്ആര്‍ടിസിക്കും ഗുണം ചെയ്യും. നഷ്ടത്തിലായ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്താന്‍ ഈ മാറ്റങ്ങള്‍ ഉപകരിക്കും.
പുതിയ ഇലക്ട്രിക് വാഹന നയവും വാഹനങ്ങള്‍ ഇതിലേക്ക് മാറ്റാനുള്ള സാങ്കേതിക സംവിധാനവും നിലവില്‍ വന്ന സാഹചര്യത്തില്‍ പഴയ സമിതി റിപ്പോര്‍ട്ട് പരിഗണിക്കാനാവില്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
















