അഞ്ചല്‍: ശബരിമലയിലെ ആചാരങ്ങളെ തകര്‍ത്ത് വനിതാമതിലുണ്ടാക്കാന്‍ സിപിഎമ്മിനൊപ്പം നിന്ന ആര്‍. ബാലകൃഷ്ണപിള്ളയുടെ നിലപാടുകള്‍ തെരഞ്ഞെടുപ്പിലും ചോദ്യം ചെയ്യപ്പെടുന്നു. മാവേലിക്കരയില്‍ എല്‍ഡിഎഫ് പ്രചാരണസമ്മേളനങ്ങളില്‍ സമുദായസ്‌നേഹവും വിശ്വാസസംരക്ഷണവും ആവര്‍ത്തിക്കുന്ന പിള്ളയുടെ ഇരട്ടത്താപ്പ് പുറത്തു വരുന്നത് എന്‍എസ്എസ് സ്ഥാപകന്‍ മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങളിലൂടെയാണ്.
ഒരേസമയം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ നേതാവായും അതേസമയം സിപിഎമ്മിനൊപ്പവും നില്‍ക്കുന്ന പിള്ളയെ അന്‍പത് വര്‍ഷം മുമ്പേ സമുദായ ആചാര്യന്‍ മന്നത്ത് പത്മനാഭന്‍ കൃത്യമായി വിലയിരുത്തിയിരുന്നു. മന്നത്തെ ധിക്കരിച്ചും വഞ്ചിച്ചും കമ്മ്യൂണിസ്റ്റുകള്‍ക്കൊപ്പം കൂടിയ പിള്ള ആചാര്യന്റെ പരസ്യ ശാസനയ്‌ക്ക് വിധേയനായിട്ടുണ്ടെന്നാണ് ഈ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്.
മന്നത്ത് ആചാര്യന്റെ കാലത്ത് തന്നെ സമുദായ വിരുദ്ധതയുടെയും ഒറ്റുകൊടുക്കലിന്റേയും നേതാവായിരുന്നു പിള്ളയെന്നതിന് ചരിത്രം സാക്ഷി. കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പഴയ പ്രസംഗങ്ങള്‍ റിക്കാര്‍ഡ് ചെയ്ത് പിന്നീടു കേള്‍പ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനെതിരെ മന്നം കൊട്ടാരക്കരയെത്തി പറഞ്ഞത് ”ഞാന്‍ ചക്കരയ്‌ക്കും കള്ളിനും വേണ്ടി ഒരുപോലെ ചെത്തുന്നവനല്ലെന്ന് ബാലകൃഷ്ണ പിള്ള മനസിലാക്കട്ടെ” യെന്നാണ്.
”കമ്മ്യൂണിസ്റ്റുകള്‍ നമ്മളെ ചൈനാക്കാര്‍ക്ക് ഒറ്റികൊടുക്കുകയല്ലാ നേരെ തീറുകൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ ആത്മാഭിമാനവും പൗരുഷവും സത്യസന്ധതയും നാം തുടര്‍ന്നും നിലനിര്‍ത്തണം. കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ കൂടെ നില്‍ക്കുന്ന കേരളാകോണ്‍ഗ്രസിനും വോട്ട് നല്‍കാതിരിക്കുകയാണ് ഇന്ന് ആവശ്യം” എന്ന് 1967ല്‍ അദ്ദേഹം കൊട്ടാരക്കരയില്‍ പറഞ്ഞു.
”കൊട്ടാരക്കരയിലെ നായന്മാരെ രണ്ടായി പിരിക്കാന്‍ ബാലകൃഷ്ണന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞു. ബാലകൃഷ്ണന്‍ ജനിക്കുന്നതിന് മുന്‍പുതന്നെ കൊട്ടാരക്കരയിലെ നായന്മാരെയും മറ്റുള്ളവരെയും എനിക്ക് അറിയാമെന്ന് ബാലകൃഷ്ണന്‍ മനസിലാക്കിക്കൊള്ളട്ടെ.
കൊട്ടാരക്കര നിന്ന് എനിക്ക് പല കള്ളക്കത്തുകളും കിട്ടുന്നുണ്ട്. ഭീക്ഷണിക്കത്തുകളും കിട്ടുന്നുണ്ട്. ബാലകൃഷ്ണ പിള്ളയുടെ അറിവോട് കൂടിയാണ് ആ എഴുത്തുകള്‍ അയക്കുന്നതെന്ന് എനിക്കറിയാം. ഈ വയസുകാലത്ത് ഊമക്കത്തുകളെഴുതി എന്നെ വലയ്‌ക്കരുതെന്നാണെന്റെ അപേക്ഷ……. മന്നത്ത് പത്മനാഭന്‍ എന്റെ ദൈവമാണന്നാണ് ബാലകൃഷ്ണ പിള്ള പറയുന്നത്. എങ്കില്‍ ബാലകൃഷ്ണ പിള്ള ആ ദൈവത്തിനൊപ്പമല്ലേ നില്‍ക്കേണ്ടത്. കപടവിദ്യ കൈവെടിഞ്ഞ് സത്യം കൊണ്ട് പെരുമാറാന്‍ ബാലകൃഷ്ണ പിള്ള ഒന്നു പഠിച്ചേ മതിയാവൂ.”
ഇങ്ങനെയായിരുന്നു ആചാര്യന്റെ പ്രസംഗങ്ങള്‍. എന്‍എസ്എസ് ആസ്ഥാനത്തുനിന്ന് പുറത്തിറക്കിയിരിക്കുന്ന പുസ്തകങ്ങളിലാണ് ഈ പ്രസംഗങ്ങള്‍ ചേര്‍ത്തിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: