അകത്തും പുറത്തും കടുത്ത ചൂടാണ്. കത്തിജ്വലിക്കുന്ന സൂര്യനുകീഴില്‍ ജീവജാലങ്ങളും സസ്യജാലങ്ങളും ഭൂമിതന്നെയും പൊള്ളുമ്പോള്‍ അകത്തു രാഷ്ട്രീയത്തിന്റെ കൊടുംചൂട്. ആ ചൂടിനു തെരഞ്ഞെടുപ്പോടെ ശമനമായേക്കും. പക്ഷേ, കാലാവസ്ഥയുടെ ചൂട് അങ്ങനെയല്ല. വരള്‍ച്ചയും കുടിനീര് ക്ഷാമവും കൃഷിനാശവും പകര്‍ച്ചവ്യാധികളും സൂര്യാഘാതവും നാടിനെ അടിമുടി ബാധിക്കുന്ന കാര്യമാണ്. പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തവും കോളറയും ചിക്കന്‍പോക്സും നടമാടുന്ന കാലമാണ്
എല്ലാവര്‍ഷത്തേയും വേനല്‍ക്കാലം. ഓരോവര്‍ഷം ചെല്ലുന്തോറും ഏറിവരുന്ന ചൂട് അതിന് ആക്കം കൂട്ടാറുണ്ടെന്നു മാത്രം. ഇതിനു പുറമെയാണ് അന്യനാടുകളില്‍നിന്നു കടല്‍ കടന്നെത്തുന്ന പുതിയപുതിയ രോഗങ്ങളും. ഏതാനും വര്ഷംമുന്പു ചിക്കന്‍ഗുനിയയും തക്കാളിപ്പനിയും എലിപ്പനിയും പക്ഷിപ്പനിയും ആന്ത്രാക്സും ഒക്കെ നമ്മെ പേടിപ്പെടുത്താനെത്തി. കഴിഞ്ഞവര്‍ഷം കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട നിപ്പ വൈറസ് ബാധയാണ് ഏറ്റവുമധികം പേടിപ്പിച്ച ഒരു രോഗം. ആരോഗ്യവകുപ്പിന്റെ സമയോചിതമായ കൃത്യവും വിദഗ്ധവുമായ ഇടപെടലാണ് അതിന്റെ ഭീകരതയില്‍നിന്നു കേരളത്തെ രക്ഷിച്ചത്.
ഈ വര്‍ഷം പുതുതായി കാണപ്പെട്ട രോഗമാണ് കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിയില്‍ ഒരു കുട്ടിയുടെ ജീവന് അപഹരിച്ച വെസ്റ്റ് നൈല്‍ പനി. കിഴക്കന്‍ ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ മേഖലയില്‍ അരനൂറ്റാണ്ടിനപ്പുറം ആദ്യമായി കാണപ്പെട്ട ഈ രോഗം ഇതിനിടെ ഒരു ഡസനോളം രാജ്യങ്ങളില്‍ കാണപ്പെട്ടുകഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പക്ഷികള്‍ വഴി കൊതുകിലേക്കും കൊതുകു വഴി മനുഷ്യനിലേക്കും പകരുന്ന ഈ രോഗം രക്തം വഴിയാണു പകരുന്നത്. അതുകൊണ്ടുതന്നെ രോഗികളുമായുള്ള സഹവാസംകൊണ്ടു പകരില്ല.
കൊതുകുകള്‍ വഴിയോ രക്തദാനം വഴിയോ പകരാം. കൊതുകു നശീകരണം തന്നെയാണ് ഈ രോഗത്തിനുമുള്ള പ്രതിരോധമാര്‍ഗം. പ്രതിരോധ കുത്തിവയ്പുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. പ്രാരംഭഘട്ടത്തില്‍ ചികിത്സ ലഭ്യമാക്കിയാല്‍ രോഗത്തെ നിയന്ത്രിക്കാനാവുമെന്നതും മരണനിരക്കു പൊതുവെ കുറവാണെന്നതും ആശ്വാസകരമായ വസ്തുതയാണ്. പടരാനുള്ള സാധ്യത കുറവാണെന്നതും ആശ്വാസകരം തന്നെ. പനി, ഛര്‍ദി, വയറിളക്കം, തലവേദന, മേല്‍ വേദന, തൊലിപ്പുറത്തു തടിച്ചുപൊങ്ങുക തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്ക ജ്വരത്തിനുള്ള സാധ്യതയുമുണ്ട്.
നിപ്പ എന്ന ഭീകരനെ നിയന്ത്രിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം നമ്മുടെ ആരോഗ്യവകുപ്പിന് ധൈര്യം പകര്ന്നേക്കുമെങ്കിലും വര്‍ഷാവര്‍ഷം ഇതേ കാലയളവില്‍ പടരുന്ന രോഗങ്ങളെ നിയന്ത്രിക്കാന്‍ ഇനിയും നമുക്കു കഴിഞ്ഞിട്ടില്ല എന്നത് നിരാശാജനകം തന്നെയാണ്. പേര് എന്തു പറഞ്ഞാലും ഇത്തരം രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യം മിക്കവാറും സമാനമാണ്. പകര്‍ച്ചപ്പനിമൂലം നൂറുകണക്കിനുപേര്‍ മരിച്ച വേനല്‍ക്കാലം കേരളത്തിന്റെ ഓര്മയിലൂണ്ട്. ഇന്നും അതിനൊരു ശാശ്വതപരിഹാരം കാണാന്‍ സര്‍ക്കാര്‍ സംവിധാനത്തിനു കഴിയാതെവരുന്നതാണ് ആശങ്കാജനകമാകുന്നത്.
ജലലഭ്യതക്കുറവും കൊടും വരള്‍ച്ചയും സ്വാഭാവികമായും മലിനജല ഉപയോഗത്തിലേക്കും ശുചിത്വക്കുറവിലേക്കും കൊതുകുകളുടെ പെരുകലിലേയ്ക്കും നയിക്കും. ഈ തുടര്‍ക്കഥയ്ക്കു പരിഹാരം ശുദ്ധജലലഭ്യതയും ശുചിത്വവും തന്നെയാണ്. അതിനുള്ള ഭാവനാപൂര്‍ണവും ദീര്‍ഘവീക്ഷണത്തോടുകൂടിയതുമായ പദ്ധതികളാണു സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്ന് ഉണ്ടാവേണ്ടത്. വന്ന രോഗത്തിനു മറുമരുന്നു തേടുന്നതിനൊപ്പം രോഗം വരാതിരിക്കാനുള്ള സംവിധാനങ്ങളെക്കുറിച്ചും ചിന്തിക്കണം.
അതിനൊപ്പം, വൈദേശികമായ ഇത്തരം രോഗങ്ങള്‍ നാട്ടില്‍ കാലൂന്നാതിരിക്കാനുള്ള മുന്‍കരുതലും വേണം. കൊതുകുകള്‍ വീണ്ടും വീണ്ടും അപകടകാരികളാകുമ്പോള്‍ സമൂഹത്തിനും ഉത്തരാദിത്വമേറെയുണ്ട്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും അധികൃതരുടെ മാത്രം ആവശ്യമല്ലെന്നും ഓരോവ്യക്തിയുടേയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും സമൂഹം തിരിച്ചറിയുന്നിടത്തേ ഏതു സംവിധാനത്തിന്റെയും ശ്രമങ്ങള്‍ വിജയത്തിലെത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: