ആലപ്പുഴ : കാറിന്റെ ഡോര്‍ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്ത നാട്ടുകാരനെ സിനിമാ നടനും, കൂട്ടുകാരനും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സിനിമാ സീരിയല്‍ നടന്‍ സുധീറും സംഘവും മദ്യലഹരിയില്‍ കൈയേറ്റം ചെയ്തതായാണ് പരാതി.
ആലപ്പുഴ എസ്എല്‍ പുരത്തുവെച്ച് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. നടന്‍ സുധീറും സുഹൃത്തുക്കളുമെത്തിയ ആഢംബര കാര്‍ ബാറിന് സമീപമുള്ള ദേശീയ പാതയോട് ചേര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കാറിന്റെ വാതില്‍ തുറക്കുന്നതിനിടെ അതിനു സമീപത്തുകൂടി നടന്നു പോവുകയായിരുന്ന പഴയതോപ്പ് സ്വദേശിയായ അനൂപിന്റെ ദേഹത്ത് മുട്ടി. ഇത് ചോദിച്ചതിനെ തുടര്‍ന്ന് സുധീറിന്റെ സുഹൃത്തുക്കള്‍ അനൂപിനെ ആക്രമിക്കുകയായിരുന്നു. വിഷയത്തില്‍ നാട്ടുകാരും ഇടപെട്ടതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. പീന്നീട് മാരാരിക്കുളം പോലീസ് സ്ഥലതെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. സംഭവത്തില്‍ അനൂപിനും മറ്റൊരാള്‍ക്കും പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനു മുമ്പ് തന്നെ സുധീറിനേയും സുഹൃത്തുക്കളേയും വിട്ടയച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് സുധീറിനെതിരെ കേസെടുത്തിട്ടുണ്ട്.
95 ഓളം സിനിമകളിലും നിരവധി സീരിയലുകളിലും സുധീര്‍ അഭിനയിച്ചിട്ടുണ്ട്.
















