‘നരേന്ദ്രമോദിക്ക് എന്തിനെക്കുറിച്ചും വ്യക്തമായ വീക്ഷണമുണ്ട്. പദ്ധതികള്‍ മനസിലുണ്ട്, അത് എങ്ങിനെ നടപ്പിലാക്കണം എന്നറിയാം, അതിനുള്ള മനസ്സുണ്ട്, പ്രതിബദ്ധതയുമുണ്ട്, എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യകത …….’. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വാക്കുകളാണിത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് മോദിയുടെ ഈ സവിശേഷത പലമേഖലയിലും, സന്ദര്‍ഭത്തിലും കണ്ടു. പ്രണബ് ദാ ബിജെപിക്കാരന് ആയിരുന്നില്ല. മോദി പ്രധാനമന്ത്രി ആവുന്ന സമയത്ത് രാഷ്ട്രപതിയായിരുന്നു. മോദി അദ്ദേഹത്തിന്റെ ഉപദേശം പലപ്പോഴും തേടിയിരുന്നുവെന്നും വ്യക്തം. ഇവിടെ പരാമര്‍ശിക്കുന്നത് തൊഴിലില്ലായ്മ സംബന്ധിച്ച രാഷ്ട്രീയമാണ്. വാഗ്ദാനം ചെയ്തതിനേക്കാള്‍ അധികം തൊഴില്‍ നല്കാന് ഈ സര്‍ക്കാരിനു കഴിഞ്ഞു എന്നതും അത് ബോധ്യപ്പെടുത്താന്‍ കഴിയുന്നുവെന്നതും പ്രധാനമാണ്.
ഓരോ തെരഞ്ഞെടുപ്പ് വേളയിലും പാര്‍ട്ടികള്‍ നല്കുന്ന തൊഴില്‍ വാഗ്ദാനം നടപ്പിലാക്കിയത് സംബന്ധിച്ച് വ്യക്തത ഉണ്ടാവാറില്ല. തങ്ങള്‍ വാഗ്ദാനം ചെയ്തതൊക്കെ നല്‍കിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ‘ഇല്ല’ എന്ന് ആക്ഷേപിക്കാന്‍ പ്രതിപക്ഷം തയ്യാറാവുന്നതാണ് ഇതുവരെ കണ്ടിട്ടുള്ളത്. രണ്ടുകൂട്ടര്‍ക്കും തങ്ങളുടെ അവകാശവാദം തെളിയിക്കാനായി എന്തെങ്കിലും രേഖയോ തെളിവോ ഹാജരാക്കാന്‍ ഇതുവരെ ഇല്ലായിരുന്നുതാനും. അതുകൊണ്ട് മുന്‍കാലങ്ങളില്‍ വാചകക്കസര്‍ത്ത് മാത്രമായി ഈ കണക്കുകള്‍ മാറി.
ഇതിന് പരിഹാരം കാണാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ആദ്യമേ ശ്രമിച്ചത്. കണക്ക് കൃത്യമാവാന്‍ എന്ത് വേണം എന്ന് ഒരു പക്ഷെ ആദ്യമായാവും ഒരു സര്‍ക്കാര്‍ ചിന്തിച്ചതുതന്നെ. ഒരു മാര്‍ഗരേഖ ഉണ്ടാക്കുകയും കണക്കുകള്‍ കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു. അഞ്ചുവര്‍ഷം മുന്‍പ് വാഗ്ദാനം ചെയ്തതിലേറെ തൊഴില്‍ പ്രദാനം ചെയ്യാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞു എന്നത് ഇന്നിപ്പോള്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പോലും സമ്മതിച്ചിരിക്കുന്നു. അതാണല്ലോ സിഐഐയുടെ പുതിയ സര്‍വേ കാണിച്ചുതരുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് ചെറുകിട ഇടത്തരം സ്ഥാപനങ്ങളില്‍ ഏറ്റവും ചുരുങ്ങിയത് പ്രതിവര്‍ഷം സൃഷ്ടിച്ചത് 1.49 കോടിയോളമാണ് എന്നതാണ് സിഐഐ പറയുന്നത്. അത് പ്രതിവര്‍ഷം 1.40 കോടിയാണെന്ന് കണക്കിലെടുത്താല്‍ പോലും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് ഉണ്ടായത് ഏഴുകോടി പുതിയ തൊഴിലുകളാണ് ആ ഒരു മേഖലയിലുണ്ടായത്. ഇത് സര്‍വകാല റെക്കോര്‍ഡ് ആണ്.
ഹോസ്പിറ്റാലിറ്റി, ടൂറിസം, ടെക്സ്റ്റൈല്‍സ്, വസ്ത്രനിര്‍മ്മാണം, മെറ്റല്സാമഗ്രികളുടെ നിര്‍മ്മാണം എന്നീ മേഖലകളിലാണ് വലിയ തോതില്‍ തൊഴിലുണ്ടായത്. 28 സംസ്ഥാനങ്ങളിലെ 1,05,347 ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഈ സര്‍വേ. അവിടെ ഉണ്ടായിട്ടുള്ള തൊഴിലവസരമാണ് ഇവിടെ കണക്കിലെടുത്തിട്ടുള്ളത് എന്നും സിഐഐ പ്രസിഡന്റ് രാകേഷ് മിത്തല്‍ പറഞ്ഞിട്ടുണ്ട്. ഇത് ഇവിടെ ഉദ്ധരിച്ചത്, തൊഴില്‍ പ്രദാനംചെയ്തത് സംബന്ധിച്ച് മോഡിസര്‍ക്കാര്‍ നിരത്തിയ കണക്കുകള്‍ യാഥാര്‍ഥ്യവുമായി ചേര്ന്ന്നില്ക്കുന്നതാണെന്ന് തെളിയിക്കുന്നതിന് വേണ്ടിക്കൂടിയാണ്. ഇത് സിഐഐയുടെ സര്‍വേയാണ്; സ്വതന്ത്രമായി ചെയ്യുന്ന കാര്യമാണ്. സര്‍ക്കാരിന്റെ കണക്കുകള്‍ കണ്ട് അത്ഭുതപ്പെട്ടവര്‍ക്ക് ഇത് ആദ്യം വായിക്കാം.
ആദ്യമായി ഈ സര്‍ക്കാര്‍ ചെയ്തത് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലും (ഇപിഎഫ്), നാഷണല്‍ പെന്ഷന് സ്കീമിലും (എന്‍പിഎസ്) പുതുതായി ചേര്‍ന്നവര്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ എന്നിവരുടെ വിശദാംശങ്ങള്‍ എടുക്കാന്‍ തീരുമാനിച്ചു. ആ വിവരങ്ങള്‍ സമ്പൂര്ണ്ണമാവണമെന്നില്ല. എന്നാല്‍ അതൊക്കെ സര്‍ക്കാര്‍ രേഖകളാണ്. അതൊരു അടിസ്ഥാനപ്രമാണവുമാണ്. അതിന്റെ പശ്ചാത്തലത്തില്‍ പഠനം നടത്തുകയാണ് ചെയ്തത്. ഒരു തൊഴിലുമില്ലാത്തവര് ഇപിഎഫിലോ എന്‍പിഎസിലോ ചേരില്ല, ചേരാനാവുകയുമില്ല. എന്നാല്‍ നേരത്തെ തൊഴിലുണ്ടായിരുന്ന ഒരാള്‍ ഇപ്പോള്‍ ചേര്‍ന്നതാണെന്ന വാദം ഉന്നയിക്കാം. അത് സാധാരണ നിലക്ക് വളരെകുറവായേ സംഭവിക്കൂ. കാരണം നിശ്ചിത തൊഴിലാളികള്‍ ഉള്ള ഏത് സ്ഥാപനവും ഇപിഎഫ് പരിധിയില്‍ വരുമല്ലോ. ഇവിടെ ഏറ്റവും പ്രധാനം ഇതൊക്കെ സര്‍ക്കാര്‍ രേഖകളില്‍ ഉള്ളതാണ് എന്നതാണ്.
ഒരുവര്‍ഷത്തെ കണക്ക്മാത്രം സൂചിപ്പിക്കാം. 2018ല്‍ മാത്രം ഇപിഎഫില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തവര്‍ 60 ലക്ഷമാണ്. അതായത് പ്രതിമാസം ഏതാണ്ട് അരലക്ഷം പേര്‍ക്ക് പുതുതായി ജോലിലഭിച്ചു. അവിടെത്തന്നെ 18 മുതല്‍ 21 വയസ്സ് വരെ 23 ലക്ഷമാണ്. 22-25 പ്രായമുള്ളവര്‍ 17.70 ലക്ഷവും. 18 വയസില്‍ താഴെയുള്ളവരുടെ എണ്ണം 87,000 വരും. പ്രായം സൂചിപ്പിച്ചത് ഇവരൊക്കെ തൊഴില്‍ തേടുന്ന പ്രായത്തിലുള്ളവര്‍ കൂടിയാണ് എന്ന്് ഓര്‍മ്മിപ്പിക്കാനാണ്. പിന്നെ, ഇപിഎഫിലോ മറ്റോ ചേരണമെങ്കില്‍ അപേക്ഷ വേണം, അത് അവരുടെ സ്ഥാപനം അംഗീകരിക്കണം, ആധാര്‍ നിര്‍ബന്ധവുമാണ് ……. അതുകൊണ്ട് സര്‍ക്കാരിന് വേണ്ടുന്ന രേഖകള്‍ കയ്യിലുണ്ട്. ഇതൊക്കെ നിരത്തിയാണ് സര്‍ക്കാര്‍ അതിന്റെ വാദം സമര്‍ഥിച്ചത്. ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്.
നോട്ട് റദ്ദാക്കലും ജിഎസ്ടിയുമൊക്കെ ഇന്ത്യയുടെ സമ്പദ്ഘടനയെ തകര്‍ത്തുവെന്നും അത് തൊഴിലില്ലായ്മക്ക് വലിയതോതില്‍ വഴിവെച്ചു എന്നുമാണല്ലോ പ്രതിപക്ഷവാദം. നോട്ട് റദ്ദാക്കിയത് മുതല്‍ ആ വാദഗതികള്‍ നാം കേള്‍ക്കുന്നതാണ്; എന്നാല്‍ പിന്നീട് സമ്പദ്ഘടന മുന്നോട്ട് പോയതും എല്ലാ മേഖലയിലും മാറ്റമുണ്ടായതുമൊന്നും അവര്‍ കാണാന്‍ ആഗ്രഹിച്ചില്ല. ജിഎസ്ടിയിലൂടെയുള്ള വരുമാനം ക്രമാനുഗതമായി കൂടുന്നത്പോലും പല പ്രതിപക്ഷകക്ഷികളും മറക്കുന്നു.
വാണിജ്യ-വ്യവസായ മേഖലയിലുണ്ടായ വലിയ കുതിപ്പല്ലേ അതിനടിസ്ഥാനം? ഇനി ചില കണക്കുകള്‍ സൂചിപ്പിക്കാം; സര്‍ക്കാര്‍ കണക്കുകളാണിത്. 15 കോടിയിലേറെയാണ് മുദ്ര വായ്പ ബാങ്കുകള്‍ പാസ്സാക്കിയത്. അത്രയും പേര്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കി എന്നത് എങ്കിലും സമ്മതിക്കാതെ പറ്റുമോ. ചില സ്ഥാപനങ്ങളില്‍ ഒരാളല്ല, ഒന്നിലേറെ പേര്‍ക്ക് തൊഴില്‍ ലഭിച്ചിരിക്കാം….. ഒരാള്‍ക്ക് എങ്കിലും ലഭിച്ചുവെങ്കിലും 15 കോടിപ്പേര്‍ സുരക്ഷിതമായി എന്നതല്ലേ കാണേണ്ടത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത് രാജ്യത്ത് 14,634 സ്റ്റാര്‍ട്ട് അപ്പുകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. ഒരു സ്ഥാപനത്തില്‍ 20 പേര്‍ക്കെങ്കിലും ജോലി നല്കിയിട്ടുണ്ടെങ്കില് അത് മൂന്ന് ലക്ഷമായില്ലേ.
ഐടിമേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായി എന്നതും മറന്നുകൂടാ. 127 പുതിയ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണകമ്പനികള്‍ ആണ് ഇക്കാലത്ത് ഇന്ത്യയില്‍ തുടങ്ങിയത്. മോദിസര്‍ക്കാര്‍ വരുന്നത് വരെ അവയുടെ എണ്ണം വെറും രണ്ടായിരുന്നു. ജിഎസ്ടി രജിസ്ട്രേഷന് ഉള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക് 59 മിനിറ്റ് കൊണ്ട് ഒരുകോടി രൂപ വായ്പ നല്‍കാനുള്ള പദ്ധതിയും ഈ സര്‍ക്കാര്‍ നടപ്പിലാക്കി. അതിന്റെ പ്രയോജനം ലഭിച്ചവര്‍ തൊഴില്‍ പ്രദാനം ചെയ്തിരിക്കുന്നു എന്നതാണ് സിഐഐ സര്‍വേയിലൂടെ പ്രകടമാവുന്നത്.
ദീനദയാല്‍ ഗ്രാമീണ്‍ കൗശല്‍ യോജനപ്രകാരം പരിശീലനം നല്കപ്പെട്ടത് ആറ് ലക്ഷം യുവാക്കള്‍ക്കാണ്. അതില്‍ മൂന്നരലക്ഷം പേര്‍ക്ക് അവിടെനിന്ന്തന്നെ തൊഴില്‍ ലഭ്യമാക്കി. 587 റൂറല്‍ സെല്‍ഫ് എംപ്ലോയ്മെന്റ് ട്രെയിനിങ് ഇന്‍സ്റ്റിട്യൂട്ട് മുഖേന തൊഴില്‍ പരിശീലനം നേടിയ 24.5 ലക്ഷം യുവാക്കളില്‍ 16.12 ലക്ഷം പേര്‍ക്ക് ജോലി ലഭ്യമാക്കി. ഇതിനൊക്കെ പുറമെയാണ്, നോട്ട് നിരോധനത്തിന്ശേഷം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ ഒരുകോടി ഒരുലക്ഷം പേര് പുതുതായി രജിസ്റ്റര്‍ ചെയ്തത്. അതേകാലത്ത് ഇഎസ്ഐയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഏതാണ്ട് 1.30 കോടിയാണ്. അവര്‍ പുതിയതായി തൊഴില്‍ ലഭിച്ചവരാണെന്നതില് തര്‍ക്കമില്ല. ഇതിനൊക്കെ പുറമെയാണ് ബാങ്കുകള്‍, പോലീസ്, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍, സൈന്യം, റെയില്‍വേ, സര്‍ക്കാര്‍ സര്‍വീസുകള്‍ തുടങ്ങിയവയില്‍ ജോലി ലഭിച്ചവര്‍.
സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടപ്പാക്കിയ വലിയ നിര്മ്മാണപദ്ധതികളുണ്ട്. 1.25 കോടി വീടുകളാണ് നിര്‍മ്മിച്ച് നല്‍കിയത്. ദേശീയ പാതകള്‍, ഗ്രാമീണ റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണം ചരിത്രം സൃഷ്ടിച്ച കാലഘട്ടമാണ് മോദിസര്‍ക്കാരിന്റേത്. കഴിഞ്ഞ നാലര വര്‍ഷക്കാലത്ത് 1,86,674 കിലോമീറ്റര്‍ ഗ്രാമീണ റോഡാണ് നിര്‍മ്മിച്ചത്. ദേശീയപാത വികസിപ്പിച്ചത് 40,000 കിലോമീറ്റര്‍, പ്രതിദിനം 27 കിലോമീറ്റര്‍ എന്ന നിലയ്ക്ക്. ഓരോ കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ എത്ര പേരുടെ തൊഴില്‍ വേണം എന്നത് സംബന്ധിച്ചൊരു ധാരണ, വ്യവസ്ഥ, എല്ലാവര്‍ക്കുമുണ്ടല്ലോ. സാഗര്‍മാല പദ്ധതിയില്‍ നിര്‍മ്മാണം നടക്കുന്നത് 577 എണ്ണമാണ്.
എട്ട് ദേശീയ ജലപാതകള്‍, 35 പുതിയ വിമാനത്താവളങ്ങള്‍ എന്നിവയും നിര്‍മാണത്തിലാണ്. 2014 മുതല്‍ 2018 മാര്‍ച്ച് വരെ പൂര്‍ത്തിയാക്കിയത് 9,528 കിലോമീറ്റര്‍ ബ്രോഡ്ഗേജ് റെയില്‍പാതകളാണ്. 4,405 കിലോമീറ്റര്‍ ട്രാക്ക്പുതുക്കലും നടന്നു. കാര്‍ഷികമേഖല തകര്‍ന്നു എന്നാണ് ആക്ഷേപം; എന്നാല്‍ കാര്‍ഷിക മേഖലയില്‍ പുതിയൊരു ഉണര്‍വ്വ് രാജ്യം മുഴുവന്‍ കാണാനാവുന്നുണ്ട്. ഇപ്പോഴിതാ ചെറുകര്‍ഷകര്‍ക്ക് ഏക്കറിന് 6,000 രൂപ വീതവും കിട്ടുന്നു. ഇതൊക്കെ സൃഷ്ടിക്കുന്ന തൊഴില്‍ ചെറുതല്ലല്ലോ. സാമ്പത്തികരംഗത്ത് അതൊക്കെ ഉണ്ടാക്കുന്ന ചലനങ്ങള്‍ വേറെയും.
ഈ കണക്കുകള്‍ ആണിപ്പോള്‍ പ്രതിപക്ഷത്തെ ഞെട്ടിക്കുന്നത്. പറഞ്ഞതൊക്കെ ചെയ്യുന്ന പാരമ്പര്യമുള്ള നരേന്ദ്രമോദിക്ക് ഇക്കാര്യത്തിലും പലതും പ്രതീക്ഷക്കപ്പുറം ചെയ്യാനായി. ഇതിപ്പോള്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍, വീണ്ടും കുത്തിപ്പൊക്കാന്‍ പ്രതിപക്ഷം വിഫലശ്രമം നടത്തുന്നു എന്നത് മറന്നുകൂടാ. ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ‘കള്ളക്കണക്ക്’ ഉണ്ടാക്കാന്‍ പോലും ശ്രമം നടന്നു. മോദി സര്‍ക്കാരിനെതിരെ അത് ഉപയോഗിക്കാനായിരുന്നു ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: