തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം പവര്‍ഹൗസിലെ നവീകരണം പൂര്‍ത്തിയാക്കിയ മൂന്നാംനമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തനം തുടങ്ങി. തുടര്‍ച്ചയായി 72 മണിക്കൂര്‍ 130 മെഗാവാട്ടില്‍ ഗ്രിഡില്‍ ബന്ധിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഉത്പാദനം തുടങ്ങിയത്. ഇന്നലെ ഉച്ചയ്‌ക്ക് ജനറേറ്റര്‍ പൂര്‍ണ്ണശേഷിയില്‍ ഓടിച്ച് ഡ്രിപ്പ് ചെയ്തുള്ള പരീക്ഷണവും വിജയകരമായിരുന്നു.
1976ല്‍ കമ്മീഷന്‍ ചെയ്ത ഒന്നാംഘട്ട ജനറേറ്ററുകളുടെ നവീകരണമാണ് നടന്നുവരുന്നത്. ഗവേണിങ് സിസ്റ്റം, എക്സൈറ്റേഷന്‍ സിസ്റ്റം, ഇന്‍സ്ട്രമെന്റേഷന്‍ സിസ്റ്റം, പ്രൊട്ടക്ഷന്‍ സിസ്റ്റം, കണ്‍ട്രോള്‍ സിസ്റ്റം എന്നിവ നവീകരിച്ചു. ജനറേറ്ററുകളുടെ സ്റ്റേറ്റര്‍ വൈന്‍ഡിങ്, റോട്ടര്‍ പോളുകള്‍, ബെയറിങ്ങുകള്‍ എന്നിവയുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ട്രയല്‍ റണ്‍ നടത്തിയത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാര്‍ എടുത്തിരിക്കുന്നത് ജിഇ പവര്‍ ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ്. പൂര്‍ണമായും കെഎസ്ഇബിയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
ഒന്നാംഘട്ടത്തിലെ 130 മെഗാവാട്ട് വീതം ശേഷിയുള്ള മൂന്ന് ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ള യന്ത്രസാമഗ്രികള്‍ മൂന്ന് വര്‍ഷംകൊണ്ട് നവീകരിക്കാനാണ് പദ്ധതി. വൈദ്യുതി ഉത്പാദനത്തെ ബാധിക്കാത്ത വിധത്തില്‍ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയാണ് ഓരോ ജനറേറ്ററും നവീകരിക്കുന്നത്. അടുത്ത ജനറേറ്ററിന്റെ നവീകരണം ജൂണില്‍ ആരംഭിക്കും. ആദ്യഘട്ട അറ്റകുറ്റപ്പണി നിശ്ചയിച്ചതിലും വൈകിയത് ഉത്പാദനത്തിന് തിരിച്ചടിയായിരുന്നു. പുനരുദ്ധാരണത്തിന് കേന്ദ്ര വൈദ്യുതി അതോറിറ്റിയും നിര്‍ദേശം നല്‍കിയിരുന്നു.
















