പലതലത്തില്‍ മനോഹര്‍ പരീക്കറുമായി ബന്ധമുണ്ടായിരുന്നെങ്കിലും ആറന്മുള വിമാനത്താവള സമരത്തോട് ഏറ്റവും അനുഭാവപൂര്‍വം പ്രതികരിച്ച ദേശീയ നേതാവെന്ന നിലയിലാണ് അദ്ദേഹത്തെ ആദരപൂര്‍വം ഓര്‍ക്കുന്നത്. ആറന്മുള സമരം വിജയിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അത്ര വലുതായിരുന്നു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയതാണ്. എന്നാല്‍, പിന്നീട് പരീക്കര്‍ പ്രതിരോധ മന്ത്രിയായപ്പോള്‍ അദ്ദേഹത്തെ കണ്ട് നിവേദനം നല്കി കാര്യങ്ങള്‍ വിശദീകരിച്ചു. കൊച്ചി നേവല്‍ ബേസിന്റെ ഫ്ളൈയിങ് ഏരിയ പരിധിയില്‍ നിര്‍ദ്ദിഷ്ട വിമാനത്താവളം വരുമെന്നുള്ള നിര്‍ണായക വിവരം അംഗീകരിച്ചത് പരീക്കറാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കി. ഒരുപക്ഷേ ഈ തീരുമാനമാണ് ആറന്മുള വിമാനത്താവള സമരത്തിന്റെ വിജയത്തില്‍ നിര്‍ണായകമായത്.
കേരളത്തോടും കേരളത്തിലെ ബിജെപിയുടെ സംഘടനാ പ്രവര്ത്തനത്തോടും ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു പരീക്കര്‍. സിപിഎം അക്രമത്തിനെതിരായി ബിജെപി സംഘടിപ്പിച്ച ജനക്ഷാ യാത്രയില്‍ പങ്കെടുത്ത് കൊട്ടാരക്കരയില്‍ എന്നോടൊപ്പം ഒരു കിലോമീറ്ററോളം അദ്ദേഹം കാല്‍നടയായി സഞ്ചരിച്ചത് ഓര്‍ക്കുന്നു. അന്നു കണ്ടപ്പോഴും ആറന്മുള സമരത്തേക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിരുന്നു.
സമര്‍ത്ഥനായ മുഖ്യമന്ത്രി, കരുത്തനായ പ്രതിരോധമന്ത്രി… രാജ്യവും പാര്‍ട്ടിയും ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങളെല്ലാം ഊര്‍ജസ്വലമായി ഏറ്റെടുത്ത് നിര്‍വഹിച്ചു പരീക്കര്‍. രോഗത്തിന്റെ അവശതകള്‍ അലറ്റുമ്പോഴും അദ്ദേഹത്തിന്റെ മനസില്‍ കര്‍ത്തവ്യങ്ങളോടുള്ള അടിയുറച്ച പ്രതിബദ്ധത തന്നെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: