ചേര്‍ത്തല: കോടതി ജാമ്യാപേക്ഷ തള്ളി ഒരു മാസം പിന്നിട്ടിട്ടും അയ്യപ്പഭക്തരെ അവഹേളിച്ച കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ്. സമൂഹമാധ്യമങ്ങള്‍ വഴി ശബരിമല അയ്യപ്പനേയും ഭക്തരെയും അപമാനിച്ച കടക്കരപ്പള്ളി പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ചിങ്കുതറ ലിബി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി 12നാണ് എറണാകുളം സെഷന്‍സ് കോടതി തള്ളിയത്. മതവികാരം വ്രണപ്പെടുത്തിയെന്നും വിശ്വാസികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തിയെന്നും കാട്ടി പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം സെന്‍ട്രല്‍ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സുമേഷ്‌കൃഷ്ണയാണ് സിജെഎം കോടതിയില്‍ പരാതി നല്‍കിയത്.
ഇത് സംബന്ധിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ ലിബിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ജാമ്യാപേക്ഷ തള്ളി ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാന്‍ പോലീസ് തയാറായിട്ടില്ല. അയ്യപ്പഭക്തരെ വെല്ലുവിളിച്ച് കഴിഞ്ഞ സപ്തംബര്‍ 17നാണ് ആചാരങ്ങള്‍ ലംഘിച്ച് ലിബി ശബരിമല കയറാന്‍ പോയത്. താന്‍ വിശ്വാസിയല്ലെന്ന് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ലിബി പ്രഖ്യാപിച്ചിരുന്നു. കോടതി ഉത്തരവ് ഉണ്ടായതിന് ശേഷവും നിയമവ്യവസ്ഥയേയും പോലീസിനെയും വെല്ലുവിളിച്ച് നിരവധി പോസ്റ്റുകളാണ് ഫേസ്ബുക്ക് വഴി ലിബി പ്രചരിപ്പിക്കുന്നത്.
ജന്മഭൂമി ലേഖികയെ അപമാനിച്ചെന്ന കേസില്‍ ലിബിക്കും കൂട്ടാളികള്‍ക്കും എതിരെ ചേര്‍ത്തല പോലീസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















