തിരുവനന്തപുരം: റാണിയുടെ ഒത്താശയോടെ അഞ്ചുതെങ്ങില്‍ കോട്ടപണിത് ഡച്ചുകാരുടെ കുരുമുളകുവ്യാപാര കുത്തക തകര്‍ത്തവര്‍, കുത്തക പിടിക്കാന്‍ ശ്രമിച്ച ബ്രിട്ടീഷുകാരെ കൊന്ന് ആദ്യത്തെ സ്വാതന്ത്ര്യ സമരത്തിന് തിരികൊളുത്തിയ ആറ്റിങ്ങല്‍. ആറ്റിങ്ങലിന്റെ ചരിത്രത്തോളം പഴക്കമുണ്ട് അവിടത്തെ ജനങ്ങളുടെ രാഷ്ട്രീയ ചിന്താഗതിക്കും. രാജഭരണം മാറി ജനാധിപത്യം പുലര്‍ന്നപ്പോഴും തങ്ങളെ ഭരിക്കുന്നവരെ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിപ്പോന്നു. തീരപ്രദേശവും വനവും മലയോരവുമൊക്കെ ഒന്നിക്കുന്ന പഴയ ചിറയിന്‍കീഴ് പിന്നീട് ആറ്റിങ്ങലായി. വര്‍ക്കല, ചിറയിന്‍കീഴ്, ആറ്റിങ്ങല്‍, നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട, അരുവിക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലം.
ജനാധിപത്യത്തിന്റെ പല പരീക്ഷണങ്ങള്‍ക്കും വിധേയമായിട്ടുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. ഇടത് കോട്ടയായി കമ്മ്യൂണിസ്റ്റുകാര്‍ മേനിനടിക്കുന്ന മണ്ഡലത്തില്‍ പലകുറി അട്ടിമറികള്‍ നടന്നിട്ടുണ്ട്. പത്തു തവണ ഇടതുപക്ഷത്തെ ജയിപ്പിച്ച ആറ്റിങ്ങല്‍ ജനത അഞ്ചു തവണ വലതുപക്ഷത്തേയും ലോക്സഭയിലേക്ക് അയച്ചു. ഇടതു പക്ഷം പതിനൊന്നുവര്‍ഷം തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ യുവാവായ വയലാര്‍ രവിയെ രംഗത്തിറക്കി കോ ണ്‍ഗ്രസ് പിടിച്ചെടുത്തത് ചരിത്രം. തിരിച്ചു പിടിക്കാന്‍ ഇടതുപക്ഷം കാത്തിരുന്നത് 20 വര്‍ഷം.
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും വോട്ടു വിഹിതം വര്‍ധിപ്പിച്ച ബിജെപി 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പോടെ അട്ടിമറിക്കു പോലും കരുത്തുള്ള നിര്‍ണായക ശക്തിയായി വളര്‍ന്നു. 2014ല്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ഗിരിജകുമാരി 90,528 വോട്ട് നേടി മണ്ഡലത്തില്‍ ഇരുമുന്നണിക്കും ബദലായി. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തിലാകെ 1,75,041 വോട്ട് നേടി ബിജെപി കുതിച്ചുചാട്ടം നടത്തി.
എന്‍എസ്എസ്സിനും എസ്എന്‍ഡിപിക്കും ഏകദേശം തുല്യ ശക്തിയുള്ള മണ്ഡലത്തില്‍ മറ്റു സമുദായങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ട് നിര്‍ണായകമാണ്. ശബരിമല യുവതീപ്രവേശനത്തിനെതിരെ അയ്യപ്പഭക്തരായ സ്ത്രീകള്‍ വന്‍തോതിലാണ് തെരുവിലിറങ്ങിയത്. ഇത് ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം കുറയാന്‍ കാരണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എല്‍ഡിഎഫ് നാലാം തവണയും എ. സമ്പത്തിനെ ഇറക്കി. തുടര്‍ച്ചയായി രണ്ടു തവണ എംപിയായിരുന്ന സമ്പത്ത് കേന്ദ്രപദ്ധതികള്‍ മണ്ഡലത്തില്‍ വേണ്ടവിധം കൊണ്ടുവന്നില്ല എന്ന ജനവികാരവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: