കൊല്‍ക്കത്ത: ബംഗാളിലെ സിപിഎം – കോണ്‍ഗ്രസ് വിചിത്ര സഖ്യത്തില്‍ രസകരമായ സംഭവങ്ങള്‍ തുടരുന്നു. സഖ്യ ചര്‍ച്ചയ്‌ക്കിടെയുണ്ടാക്കിയ ധാരണയില്‍ നിന്നു വ്യത്യസ്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെന്ന് ഇരു മുന്നണികളും പറയുന്നു. തുടക്കത്തില്‍ത്തന്നെ സഖ്യത്തില്‍ വിള്ളല്‍ വീഴുമ്പോഴാണ് മറ്റൊരു കൗതുക വാര്‍ത്ത വരുന്നത്.
കോണ്‍ഗ്രസിന്റെ മെഡിക്കല്‍ സെല്‍ ചെയര്‍മാന്‍ കൂടിയായ നേതാവ് ഡോ. റെസൗല്‍ കരിമിനെ പാര്‍ട്ടി പുറത്താക്കി. കാരണം വളരെ വിചിത്രം. ഈ കോണ്‍ഗ്രസ് നേതാവിന്റെ പേര് ഇടതു മുന്നണി പുറത്തിറക്കിയ പട്ടികയിലും ഉള്‍പ്പെട്ടിരിക്കുന്നു. ബിര്‍ഭും മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ഡോ. റെസൗല്‍ കരിം മത്സരിക്കുമെന്നാണ് ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ പറയുന്നത്. ഇത് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചു. റെസൗല്‍ കരിമിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സൊമന്‍ മിത്ര പത്രക്കുറിപ്പുമിറക്കി.
പാര്‍ട്ടിയുടെ അനുവാദമില്ലാതെ മറ്റുപാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് അംഗത്വം രാജിവയ്‌ക്കാതെ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടു തുടങ്ങിയ കുറ്റങ്ങളാണ് റെസൗല്‍ കരിമിനെതിരെ കോണ്‍ഗ്രസ് ചുമത്തിയത്. അതേസമയം, ബിര്‍ഭും മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുന്നത് പാര്‍ട്ടിക്ക് അറിയാമായിരുന്നു എന്നാണ് റെസൗല്‍ പറയുന്നത്. ബംഗാളില്‍ ഇപ്പോള്‍ അരിവാള്‍ ചുറ്റികയും കൈപ്പത്തിയുമൊക്കെ ഒന്നല്ലേ, എവിടെ മത്സരിച്ചാലെന്ത്? എന്ന് റെസൗല്‍ കരുതിയെങ്കില്‍ അതിലെന്തു കുറ്റം?
















