കഥ പറയുന്ന കല്ലുകളെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ടാകും.സപ്തസ്വരം മീട്ടുന്ന ശിലാസ്തൂപങ്ങളെക്കുറിച്ചു പക്ഷേ, കൂടുതല്‍ കേട്ടിട്ടുണ്ടാവില്ല. എന്നാല്‍ കര്‍ണ്ണാടകയിലെ പുരാതന നഗരമായ ഹംപിക്ക് കല്ലില്‍ക്കൊത്തിയ സംഗീതത്തിന്റേയും കവിതയുടേയും കഥകള്‍ എത്രവേണമെങ്കിലും പറയാനുണ്ടാകും. കരവിരുതിന്റെ അതിശയ ലോകം കണ്ട് അസൂയയുടേയും പിടിച്ചടക്കലിന്റേയും അനവധി തേരോട്ടങ്ങളില്‍ ഒത്തിരി നശിപ്പിക്കപ്പെട്ടിട്ടും ഹംപിയില്‍ എത്രയോ ബാക്കിയാകുന്നു. കൗതുകങ്ങളുടെ നക്ഷത്രമെണ്ണിപ്പോകുന്ന ശിലാവിസ്മയങ്ങള്‍.
മക്കളുടെ ചരിത്രകൗതുകങ്ങളാണ് ഹംപിയിലേക്കു വഴിതെളിച്ചത്. കര്‍ണ്ണാടകയിലെ കൂര്‍ഗില്‍ ജനിച്ചുവളര്‍ന്ന സുഹൃത്ത് ജോയിയും ഒപ്പംകൂടി. മക്കള്‍ മാഗ്നയും ലയനയും പണ്ടേ യാത്രയില്‍ കമ്പക്കാരാണ്. കാറില്‍ ബെംഗളൂരുവില്‍നിന്ന് ആന്ധ്രയിലെ അനന്തപ്പൂര്‍ ജില്ലയില്‍ക്കൂടി ഡെക്കാണിലെ പരുത്തിക്കരിമരങ്ങള്‍ക്കിടയിലൂടെ എക്സ്പ്രസ് വേയില്‍ക്കൂടി കുതിച്ചുപാഞ്ഞുള്ള യാത്ര. കാഴ്ചകളുടെ വൈരുധ്യവും വൈവിധ്യവുംകൊണ്ട് അവ മനസ്സില്‍ ഒട്ടിച്ചേര്‍ന്ന അനുഭവമായി. ഹംപി മഹത്തായ നിരവധി സവിശേഷതകളുടെ പ്രപഞ്ചമാണ്. ചരിത്ര-സംസ്ക്കാരങ്ങളുടെ പൈതൃകവിസ്തൃതി പേറുന്ന ഈ നഗരം ഉത്സവംകൊണ്ടും ലോക പ്രസിദ്ധം.
ഹംപി ഫെസ്റ്റിവെലിന് വിജയ ഉത്സവമെന്നും പേരുണ്ട്. വിജയനഗരാരംഭംതൊട്ടേയുണ്ട് ഈ സാംസ്ക്കാരികോത്സവം. സംഗീതവും നൃത്തവും കരിമരുന്നു പ്രയോഗവുമൊക്കെയായി ആഹ്ളാദത്തിമിര്‍പ്പായിരിക്കും എവിടേയും. പൊതുവെ ഹംപി ഉത്സവം നവംബര്‍ മാസത്തിലാണെങ്കിലും കഴിഞ്ഞതവണ ജനുവരിയിലായിരുന്നു. സര്‍ക്കാര്‍ നേതൃത്വത്തിലെ ജനകീയാഘോഷമാണിത്.
ഇതിഹാസമായി കൃഷ്ണദേവരായര്‍
ഹംപിയുടെ ചരിത്രം വിജയനഗര സാമ്രാജ്യത്തിന്റെ ചരിത്രമാണ്. ഇതാകട്ടെ കൃഷ്ണദേവരായരുടെ ചരിത്രവും. 1509 -1529 കാലത്ത് വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായിരുന്നു കൃഷ്ണദേവരായര്‍. തുളുവാ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ഭരണാധികാരി. ഇന്ന് കൃഷ്ണദേവരായര്‍ വലിയൊരു ഇതിഹാസമാണ്. തികഞ്ഞ ആദരവോടെയാണ് അദ്ദേഹത്തെക്കുറിച്ചു കേള്‍ക്കുന്നതും പറയുന്നതുമൊക്കെ. ബീജാപ്പൂര്‍, ഗോല്‍കോണ്ട തുടങ്ങിയ സാമ്രാജ്യങ്ങളേയും ഒഡീഷയിലെ ഗജപതികളേയും തോല്‍പ്പിച്ച് ഇന്ത്യയിലെ പ്രബല ഹൈന്ദവ ഭരണാധികാരിയായി അദ്ദേഹം. വടക്ക് കൃഷ്ണാ നദിമുതല്‍ തെക്കോട്ട്് ഇന്ത്യാ ഉപദ്വീപിന്റെ അറ്റംവരെ നീണ്ട വിജയനഗരം പിന്നീട് തകര്‍ക്കപ്പെട്ടെങ്കിലും നഗരത്തിന്റെ ഓര്‍മകള്‍ കൃഷ്ണ-തുംഗഭദ്രാ ദോബയിലെ ജനങ്ങളുടെ മനസ്സില്‍ നിലനിന്നിരുന്നു.അതിനെ അവര്‍ ഹംപി എന്ന് പുനര്‍നാമകരണം ചെയ്തു.
പ്രാദേശിക ദേവതയായ പമ്പദേവിയുടെ പേരില്‍നിന്നാണ് ഹംപിയുടെ ഉത്ഭവം. എവിടേയും ചരിത്ര സംസ്കാരങ്ങളുടെ വറ്റാത്ത ഉറവയായി ഒഴുകാന്‍ ഏതെങ്കിലുമൊരു നദിയുടെ പരിലാളനകള്‍ ഉണ്ടായിരിക്കും. ഹംപിയുടെ നിലനില്‍പ്പിന്റെ നീരൊഴുക്ക് തുംഗഭദ്രയുടെ കനിവാണ്. കര്‍ണ്ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ മൂന്നു സംസ്ഥാന അതിര്‍ത്തികളെ നനച്ചുകൊണ്ടൊഴുകുന്ന ഈ നദി തെലുങ്കാനയിലെ മെഹബൂബ് നഗര്‍ ജില്ലയിലെ ആലംപൂര്‍ഗ്രാമത്തിനടുത്തുള്ള കൃഷ്ണാ നദിയില്‍ ചേരുന്നു. രാമായണത്തില്‍ പമ്പയുടെ പേരിലാണ് തുംഗഭദ്ര നദി അറിയപ്പെടുന്നത്.
അതിശയിപ്പിക്കുന്ന സംഗീതശില്‍പ്പങ്ങള്‍
ഹംപിയെ ശില്‍പ്പകല പാകിയ നഗരം എന്നും പറയാം. എന്നാലത് ക്ഷേത്രങ്ങളുടേയും കൂടി നഗരമാണ്. ശില്പ്പകലയുടെ ലാവണ്യവും, നിര്‍മിതിയുടെ നിഗൂഢ സൗന്ദര്യവുംകൊണ്ട് അവ അതിശയക്കാഴ്ചയൊരുക്കുന്നു. മലനിരകളാല്‍ ചുറ്റപ്പെട്ട ക്ഷേത്രങ്ങള്‍ എന്നതിനു പകരം ക്ഷേത്രങ്ങളാല്‍ ചുറ്റപ്പെട്ട മലനിരകള്‍ എന്നുതന്നെ പറയേണ്ടിവരും.
ഹംപിയിലെ തീര്‍ഥാടന കേന്ദ്രമാണ് വിരൂപാക്ഷ ക്ഷേത്രം. ഇന്നും പവിത്ര സങ്കേതമായി ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നു. പ്രതിഷ്ഠ ശിവനാണ്. തുംഗഭദ്രാ നദിയുമായി ബന്ധപ്പെട്ട പ്രാദേശിക ദേവതയായ പമ്പദേവിയുടെ അനുജനായ വിരൂപാക്ഷ എന്നാണ് ഈ ശിവന് അറിയപ്പെടുന്നത്. യുനെസ്കോ വേള്‍ഡ് ഹെറിറ്റേജ് സൈറ്റായി കണക്കാക്കുന്ന ഹംപിയിലെ സ്മാരകങ്ങളുടെ ഭാഗമാണിത്.
ഹംപി ബസാര്‍ പ്രശസ്തമാണ്. വിരൂപാക്ഷ ക്ഷേത്രത്തിന്റെ മുന്നിലാണ് ബസാര്‍. ഗ്രാനൈറ്റ് പവലിയനുകളുടെ നിരയില്‍ നിര്‍മിച്ച ബസാറിന് ഒരു കിലോമീറ്ററോളം നീളമുണ്ട്്. അതില്‍ രണ്ടെണ്ണം രണ്ടുനിലകളിലുള്ളവയാണ്. നിര്‍മാണ ശൈലിയിലും കരകൗശല മികവിലും മുന്നിലാണ് വിഠല ക്ഷേത്രം. ഹംപിയിലെ ഏറ്റവും വലതും ആകര്‍ഷകവുമാണ് ഇത്. തുംഗഭദ്ര നദിയുടെ വടക്കുകിഴക്കന്‍ ഭാഗത്താണ് ഈ ക്ഷേത്രം. അതിശയിപ്പിക്കുന്ന സംഗീത സ്തംഭ ശില്പ്പങ്ങള് ഈ ക്ഷേത്രത്തില്‍ കാണാം.
പുഷ്കരണികളുടെ വര്‍ത്തമാനം
കാഴ്ചകളുടെ പൊടിപൂരം ഇനിയുമുണ്ട്. കണ്ടാലും മതിവരാതെയും തീരാതെയും അവ കാണികളെ പ്രലോഭിപ്പിക്കുന്നു. വിജയനഗര സാമ്രാജ്യത്തിലെ രാജകീയ ആനകളുടെ വാസസ്ഥലം സഞ്ചാരികളെ ആകര്‍ഷിക്കും. മുഗള്‍ ആക്രമണ സമയത്തുപോലും ഈ ആനപ്പാര്‍പ്പിടത്തിന് വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ചിത്രപ്പണികൊണ്ടും ശില്‍പ്പവേലകൊണ്ടും പിടിച്ചുനിര്‍ത്തുന്ന ചെറിയൊരു കെട്ടിടവും ഇതിനിടയിലുണ്ട്-ലോട്ടസ് മഹല്‍. കമലാ മഹലെന്നും ചിത്രാംഗാനി മഹലെന്നും ഇതിനു വിളിപ്പേരുണ്ട്. പറഞ്ഞുവരുമ്പോള്‍ ഹംപിയുടെ ചരിത്രം ക്ഷേത്രങ്ങളുടെ ചരിത്രംകൂടിയാകുന്നു. രാമായണത്തിന്റെ കഥപറയുന്ന ചിത്രപ്പണികളുള്ള ഒരു ക്ഷേത്രവും ഇവിടെയുണ്ട്.
ലോകം ശുദ്ധജലത്തെക്കുറിച്ച് ആശങ്കപ്പെടുമ്പോഴും, ഭാവിയില്‍ ജലയുദ്ധങ്ങള്‍ തന്നെ ഉണ്ടാകാമെന്നു പറയപ്പെടുമ്പോഴും അന്നത്തേയും ഇന്നത്തേയും ഹംപിയെ ഹരംകൊള്ളിക്കുന്നുണ്ട് ജലവര്‍ത്തമാനം. പുഷ്കരണികള്‍ എന്നു പേരുള്ള ജലസംഭരണികളാണ് ഇതിന്റെ കാതല്‍. ഹംപിയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഭൂരിഭാഗവും ഇത്തരം പുഷ്കരണികളുമായാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. പഴയകാലത്ത് ഹംപിയിലെ ജനങ്ങള്‍ പാവന സ്ഥലങ്ങളായി കണക്കാക്കിയിരുന്ന ഈ സംഭരണികള്‍ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്നും ആകര്‍ഷണമാണ്.
ഹംപിയുടെ തകര്‍ച്ചയ്ക്കു മുന്‍പ് അവസാനം പണിത ക്ഷേത്രമാണ് അച്യുതരായ ക്ഷേത്രം. കൃഷ്ണദേവരായരുടെ സഹോദരന് അച്യുതരായരാണ് ഇതു നിര്‍മിച്ചത്. അതുപോലെ പതിന്നാലാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഗണിഗെട്ടി എന്ന ജൈനക്ഷേത്രം ഇവിടത്തെ പഴയ ക്ഷേത്രങ്ങളില്‍ ഒന്നാണ്. ഹരിഹര രണ്ടാമന് രാജാവിന്റെ കാലത്തായിരുന്നു ഈ ക്ഷേത്രത്തിന്റെ നിര്‍മാണം.
സഞ്ചാരികള്‍ കണ്ട ഭരണനിപുണത
ഇന്ത്യയെ ഏകീകരിച്ചവരെന്ന ബഹുമതി പലപ്പോഴും ബ്രിട്ടീഷുകാര്‍ക്ക് ചാര്‍ത്തിനല്‍കുന്നവരുണ്ട്. എന്നാല്‍ സത്യം അതല്ല. ഒറീസമുതല്‍ പടിഞ്ഞാറ് ഗോവ കൊങ്കണതീരം വരെയും ദക്ഷിണേന്ത്യ(കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം)മുഴുവനും ഒറ്റക്കെട്ടാക്കി ബ്രിട്ടീഷുകാര്‍ക്കു മുന്‍പ് 20 വര്‍ഷം ശക്തമായ ഭരണം നടത്തിയിരുന്നു മഹാനായ കൃഷ്ണദേവരായര്‍.
പതിനാറാം നൂറ്റാണ്ടില്‍ വിജയനഗരം സന്ദര്‍ശിച്ച ഡൊമിങ്കോ പെയ്സ്, ഫെര്‍നാനോ നുണീസ് എന്നീ വിദേശ സഞ്ചാരികള്‍ കൃഷ്ണദേവരായരെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നുണ്ട്. ഈ സന്ദര്‍ശകരെ ആദരവും ബഹുമതിയും നല്‍കിയാണ് ചക്രവര്‍ത്തി സ്വീകരിച്ചത്. എപ്പോഴും സുസ്മേര വദനനായി മാത്രം കണ്ടിരുന്ന ദേവരായര്‍ ജനങ്ങളുടെ കാര്യങ്ങളിലും ദൈനംദിന ഭരണത്തിലും അതീവ ശ്രദ്ധാലുവായിരുന്നു.
നിയമ നിര്‍മാണത്തില്‍ കൃത്യതയും അവ പാലിക്കുന്നതില്‍ കണിശതയും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. ശാരീരിക ശക്തിക്ക് നല്ല പ്രാധാന്യം നല്‍കിയിരുന്നു. ശരിയായ വ്യായാമ മുറകള്‍കൊണ്ട് രൂപപ്പെടുത്തിയതായിരുന്നു ദേവരായരുടെ ശരീരം. അദ്ദേഹത്തിന്റെ ശില്പ്പങ്ങളില് അത് പ്രകടമാണുതാനും. യുദ്ധത്തിന് ആഹ്വാനംചെയ്ത് കൊട്ടാരത്തിലിരിക്കുകയോ സൈന്യത്തിന്റെ പിന്നിലോ ആയിരുന്നില്ല ദേവരായര്‍. യുദ്ധ തന്ത്രജ്ഞനും അഭ്യാസിയുമായിരുന്ന അദ്ദേഹം സൈന്യത്തോടൊപ്പം മുന്നില്‍നിന്നുതന്നെ യുദ്ധം നയിക്കുകയും പരിക്കേറ്റവരെ ശുശ്രൂഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എന്തെന്ന് മേല്‍പ്പറഞ്ഞവരുടെ സഞ്ചാരക്കുറിപ്പുകളില്‍നിന്നും വ്യക്തമാണ്.
ഹംപിയില്‍ നില്ക്കുമ്പോള് പഴയൊരു ലോകത്തായിരുന്നു. പുതിയ ലോകത്ത് നഷ്ടപ്പെടുന്നതെന്താണെന്ന് അപ്പോള്‍ മനസ്സിലായി. മനസ്സ് അറിയാതെ ആഗ്രഹിച്ചതും വെമ്പല്‍കൊണ്ടതും ഈ ഭൂതകാല അനുഭൂതിയാണെന്നറിഞ്ഞു. ചരിത്രം ശിലാകവിതകൊണ്ടു പാകിയ ഹംപിയെ മനസ്സില്‍ കുടിയിരുത്തിയാണ് ഞങ്ങള്‍ അവിടം വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: