ന്യൂദല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും മത്സരിക്കില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനില്ല. ഉമ്മന്‍ചാണ്ടിയ്‌ക്ക് ഉത്തരവാദിത്തങ്ങള്‍ ഏറെയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായങ്ങള്‍ പൂര്‍ണമായും നേതൃത്വം അംഗീകരിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന മേഖല കേരളമാണെന്ന് മുല്ലപ്പള്ളിക്കൊപ്പമുണ്ടായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ.സി.വേണുഗോപാലിന് നിരവധി സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചുമതലകള്‍ ഉണ്ട്. അതിനാലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്‍റെ താത്പര്യം നേതൃത്വം പരിഗണിക്കുകയായിരുന്നു- ചെന്നിത്തല പറഞ്ഞു.
സ്ഥാനാര്‍ഥിപട്ടികയില്‍ സിറ്റിംഗ് എംപിമാര്‍ ഉണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന് വൈകിട്ട് 6.30ന് പ്രഖ്യാപിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ മിടുക്കരും ചുണക്കുട്ടികളുമായവരാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും 20 മണ്ഡലങ്ങളിലും യുഡിഎഫിന് ഉറച്ച വിജയപ്രതീക്ഷയാണ് ഉള്ളതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
















