ഇടുക്കി: കേന്ദ്ര സര്‍ക്കാരിന്റെ സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാമിന്റെ (തെരുവ് വിളക്ക് ദേശീയ പദ്ധതി) കാലാവധി പൂര്‍ത്തിയാകാന്‍ 18 ദിവസം മാത്രം അവശേഷിക്കെ പദ്ധതിയോടെ മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാര്‍.
പദ്ധതി പ്രകാരം വ്യാഴാഴ്ച വരെ പൂര്‍ത്തിയായത് 85,40, 798 തെരുവ് വിളക്കുകളാണ്. 2019 മാര്‍ച്ച് 31ന് മുമ്പ് രാജ്യത്തുടനീളമുള്ള 1.34 കോടി പരമ്പരാഗത വഴിവിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റാനാണ് കേന്ദ്ര ഊര്‍ജമന്ത്രാലയം പദ്ധതിക്ക് തുടക്കമിട്ടത്. 2015 ജനുവരി 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പദ്ധതിയാണ് സ്ട്രീറ്റ് ലൈറ്റ് നാഷണല്‍ പ്രോഗ്രാം (എസ്എല്എന്പി). ഇത് പ്രകാരം കൂടുതല്‍ വിളക്കുകള്‍ എല്‍ഇഡിയിലേക്ക് മാറ്റിയത് ഗുജറാത്താണ്, 11,26,750. കേരളത്തില്‍ ഇതുവരെ 41,301 വഴിവിളക്കുകളാണ് എല്‍ഇഡിയിലേക്ക് മാറ്റിയത്.
ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്ക് വേഗതകൂട്ടണമെന്ന് കാണിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ ജനുവരിയില്‍ കേന്ദ്ര ഊര്‍ജ മന്ത്രാലയം കത്ത് നല്‍കിയിരുന്നു. കേരളത്തിലെ മുഴുവന്‍ നഗരങ്ങളിലേയും വഴിവിളക്കുകള്‍ അടിയന്തരമായി ഊര്‍ജ കാര്യക്ഷമമായ എല്‍ഇഡിയിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് സംസ്ഥാന ഊര്‍ജ വകുപ്പ് ജോയിന്റ് സെക്രട്ടറി ബി. ഗോപകുമാരന്‍ നായര്‍ കഴിഞ്ഞ ജനുവരി 17ന് ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ ഇതിനോട് അധികൃതര്‍ മുഖംതിരിക്കുകയായിരുന്നു. ഉത്തരവിറങ്ങുമ്പോഴും 41,301 വഴിവിളക്കുകളാണ് കേരളത്തില്‍ എല്‍ഇഡിയിലേക്ക് മാറ്റിയിരുന്നത്.
മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് ഇങ്ങനെ: മഹാരാഷ്ട്ര- 3,46, 750, മധ്യപ്രദേശ്-81, 870, തെലങ്കാന-8,32,256, ആന്ധ്രാപ്രദേശ്-24,47,317, ഗോവ-2,06,790, രാജസ്ഥാന്-9,78,471, ഉത്തര്‍പ്രദേശ്-8,34,801, ദല്‍ഹി-3,05,082, പഞ്ചാബ്-72,677, ഝാര്‍ഘണ്ഡ്-94,858, ഒഡീഷ-2,93,716, ബീഹാര്‍-1,80,955 തുടങ്ങിയ സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഏറെ മുന്നിലാണ്.
പദ്ധതി പൂര്‍ത്തിയായാല്‍ വര്‍ഷം തോറും 5736.36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. കാര്‍ബണ്‍ ഡൈഓക്സൈഡ് പുറന്തള്ളുന്നത് വന്‍തോതില്‍ കുറയുന്നതിനൊപ്പം പീക്ക് സമയത്ത് 956 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യവും ഒഴിവാക്കാനാകും. സംസ്ഥാനത്ത് സര്‍ക്കാരിന്റെ കീഴിലുള്ള എനര്‍ജി മാനേജ്മെന്റ് സെല്‍ ആണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: